Saturday, March 2, 2013

"ഓര്‍മ്മയിലൊരു നിറകണ്‍ചിരി "





പഠനമൊക്കെ കഴിഞ്ഞങ്ങനെ ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഒരു എന്‍ ജി ഓ യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതും സുനാമി വന്നതും,ഞങ്ങള്‍ കുറെ പേരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിടുന്നതും . അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രകോപനവും കൂടാതെ തന്നെ കരുനാഗപ്പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെ വോളന്റിയര്‍ ആയ എന്നോട് കൂടും കുടുക്കയുമെടുത്ത് നേരെ നാഗപട്ടണം എന്ന സ്ഥലത്തേയ്ക്ക് വിട്ടോളൂ എന്ന് എന്റെ ടീച്ചേഴ്സ് പറഞ്ഞു .നാഗപട്ടണം എങ്കില്‍ നാഗപട്ടണം  അങ്ങനെയെങ്കില്‍ അങ്ങനെ എന്നും പറഞ്ഞു ബാഗും പായ്ക്ക് ചെയ്തു , ചലോ ചലോ നാഗപട്ടണം 


അവിടുത്തെ കാഴ്ചകളെ കുറിച്ച് എത്രയോ പേര്‍ വിവരിച്ചിരിക്കുന്നു? അത് കൊണ്ട് തന്നെ ഞാന്‍ മഞ്ജുവിനെ കുറിച്ച് മാത്രം പറയാം. 

കാരയ്ക്കലിനടുത്തു പൂമ്പുഹാര്‍ എന്ന സ്ഥലം. കണ്ണകിയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രസിദ്ധം. രണ്ടു ക്ലാസ്സുകള്‍ക്കിടയിലെ മൂന്നുമണി മുതല്‍ അഞ്ചു മണി വരെയുള്ള ഒഴിവുസമയത്ത് ക്യാമ്പിലെ കുട്ടികളോടൊത്ത് സംസാരിച്ചിരിക്കുകയെന്നതായിരുന്നു എന്റെ പരിപാടി. അതിലൊരു കുട്ടിയായിരുന്നു മഞ്ജുവെന്ന ആറു വയസ്സുകാരി. സംഭവിച്ചിരിക്കുന്ന ദുരന്തത്തിന്റെ ആഘാതമൊന്നും ബാധിക്കാത്ത, എപ്പോഴും ചിരിച്ചു കൊണ്ട് എന്നോട് ചേര്‍ന്നിരിക്കുന്ന ഒരു മിടുക്കി. പക്ഷേ എന്തു ചോദിച്ചാലും ഒന്നും മിണ്ടില്ല. പകരം നാണിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഒന്ന് കൂടി ചേര്‍ന്നിരിക്കും. 

ഒരു ക്യാമ്പില്‍ അഞ്ചു ദിവസമാണ് ഞങ്ങള്‍ ചിലവഴിക്കുക. നാലാമത്തെ വൈകുന്നേരം മടങ്ങാന്‍ സമയം ഞാന്‍ എന്റെ കുട്ടിപ്പട്ടാളത്തിനോട് പറഞ്ഞു നാളെ കൂടിയേ ഞാന്‍ ഇവിടെയുണ്ടാവൂ,പിന്നെ വേറെ സ്ഥലത്ത് പോകണം എന്നൊക്കെ .ഒരു നിമിഷം  അവരൊക്കെ നിശബ്ദരായി നില്‍ക്കേ ഞാനെന്റെ ക്ലാസ്സിലേയ്ക്ക് നടന്നു 

പിറ്റേദിവസം മൂന്നുമണിയ്ക്ക് ഞാനെത്തുമ്പോള്‍ എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂടെ മഞ്ജുവിനെ ഞാന്‍ കണ്ടില്ല . അവളെവിടെയെന്നു ചോദിച്ചപ്പോഴാണ് പലരും പലതും വിവരിക്കാന്‍ തുടങ്ങിയത് . പല ശബ്ദങ്ങളില്‍ നിന്നും വേര്‍തിരിചെടുക്കാനായത് ഇത്രമാത്രം . 

"അക്കാ,അവളുടെ അച്ഛനും അമ്മയും അനിയനും എല്ലാം മരിച്ചു പോയതാണ്. അവള്‍ക്കിപ്പോള്‍ ആരുമില്ല. സിസ്റ്ററമ്മയുടെ കൂടെയാണ് താമസം ."  പിന്നെയുമെന്തൊക്കെയോ .. 

അപ്പോഴേയ്ക്കും അവള്‍ ഓടിയെത്തി. അടുത്ത് പിടിച്ചിരുത്തുമ്പോള്‍ നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ വിഷമിച്ചു . 

അക്കാ പോകാതേ എന്ന് ബഹളം കൂട്ടുന്ന അവരോട് അമ്മയെ കണ്ടിട്ട് തിരിച്ചു വരാമെന്നൊരു കള്ളം പറയാന്‍ കരുതി വെച്ചിരുന്നെങ്കിലും മഞ്ജുവിനെ നോക്കിയപ്പോള്‍ പിന്നെയൊന്നും മിണ്ടാന്‍ തോന്നിയില്ല. 

റ്റാറ്റാ പറഞ്ഞ് പലവട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ടു നടന്നപ്പോള്‍ കണ്ടു പിന്നാലെ ഓടി വരുന്ന മഞ്ജു. ഒരു റബര്‍ പാവയെ എന്റെ കയ്യില്‍ വെച്ച് തന്നിട്ട് ആദ്യമായി അവള്‍ സംസാരിച്ചു. അത് ഞാന്‍ വാങ്ങണമെന്നും അവളെ എന്നും ഓര്‍ക്കാന്‍ വേണ്ടിയാണെന്നും ഒക്കെ. 

അവളെയോര്‍ക്കാന്‍ എനിക്ക് പാവയൊന്നും വേണ്ടായെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. അവശ്യസമയത്തുപകരിക്കാതെ എന്നും എന്നെ ചതിക്കുന്ന വാക്കുകള്‍ അന്നും കൈയൊഴിഞ്ഞു . 

വീട്ടിലെത്തിയിട്ട്‌ ഷോക്കേയ്സിലെ എപ്പോഴും നോട്ടമെത്തുന്ന സ്ഥലത്ത് ആ പാവയെ എടുത്തു വെച്ചപ്പോള്‍ അവളുടെ ചിരിക്കുന്ന നിറഞ്ഞ കണ്ണുകള്‍ ഞാന്‍ കണ്ടു 

7 comments:

  1. പൈങ്കിളിയെന്ന് തോന്നിപ്പോയോ?? സത്യമായും നടന്ന സംഭവത്തില്‍ ഒട്ടും വെള്ളം ചേര്‍ത്തിട്ടില്ല

    ReplyDelete
  2. സത്യമായും ഇല്ല... മനസ്സില്‍ തട്ടിപ്പോകുന്ന അവതരണം... നന്നായിരിക്കുന്നു... ഇന്ന് ആ കുട്ടി എവിടെയായിരിക്കുമോ ആവോ?

    ReplyDelete
  3. അറിയില്ല . ഒരു വര്‍ഷത്തിനു ശേഷം അന്വേഷിച്ചപ്പോള്‍ ബന്ധുക്കളുടെ കൂടെ കഴിയുന്നു എന്നറിഞ്ഞിരുന്നു

    ReplyDelete
  4. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നല്ലോ...

    ReplyDelete
  5. manasil ormakalude vadukkal srishittikunna anubhavangal , mattoru chidambara smarana..?????????????? nice to read

    ReplyDelete
  6. ഹൃദയസ്പര്‍ശിയായ അവതരണം...വെള്ളം കൂട്ടാത്ത സത്യമാണെന്നു മനസ്സിലായി. നന്നായിരിക്കുന്നു, ഗൌരി

    ReplyDelete
  7. അനുഭവിപ്പിക്കുന്ന വിവരണം

    ReplyDelete