Thursday, June 23, 2011

ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ...?????
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ നെട്ടത്തെങ്ങിനെപ്പോലെ, ഏറ്റവും ചെറിയ കാറ്റിനെപ്പോലും ഭീതിയോടെ നോക്കി, സ്വന്തം ഉയരത്തെ സ്വയം ശപിച്ചു നിൽക്കുന്നതു കാണാം. ഈച്ചയെപ്പോലെ, പുഴുക്കളെപ്പോലെ എത്ര നിസാരരാണ് നമ്മൾ !

ഇന്ന് തിരുവനന്തപുരം ആർ.സി.സിയിൽ പോയി അനിൽ എന്ന പഴയൊരു സഹപാഠിയെ കണ്ടു. ഗവൺ‌മെന്റ് ലോ കോളേജിൽ നിന്നും പലവഴിക്ക് പിരിഞ്ഞ ശേഷം ഞങ്ങളങ്ങനെ കാണാറില്ലായിരുന്നു. ഞാൻ സിനിമ എന്ന സ്വപ്നത്തിന്റെ പിറകേയും അവൻ അഭിഭാഷകവൃത്തി എന്ന തൊഴിലിന്റെ പിറകേയും പോയതുകൊണ്ട് കണ്ടുമുട്ടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു.ഇടയ്ക്ക് കണ്ടപ്പോൾ പച്ചപിടിച്ചു വരുന്ന തന്റെ തൊഴിലിനെക്കുറിച്ചും സന്തോഷം നിറഞ്ഞ കുടുംബജീവിതത്തെക്കുറിച്ചും കുസൃതിക്കുടുക്കയായ മകളെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു ..കുറേ നാളുകൾക്കു ശേഷം ഒരു സുഹൃത്തുവഴി അറിഞ്ഞു അനിലിന്റെ ഭാര്യ (ശാരി) യെ ആർ.സി.സിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. കാൻസറാണ്.. രോഗം ഗുരുതരമാണ്...കുറേ നാളുകൾക്ക് ശേഷം ഏറെ പണം ചെലവാക്കി മരണത്തിന്റെ വായിൽ നിന്നും അനിൽ ശാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നറിഞ്ഞു. പിന്നീടൊരിക്കൽ കണ്ടപ്പോൾ തന്റെ കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെ തകർത്തുകളഞ്ഞ കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും ശാരിയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ച് അനിൽ പറഞ്ഞു. എങ്കിലും എല്ലാം പിടിവിട്ടു പോയി എന്ന അവസ്ഥയിൽ നിന്നും ജീവിതത്തെ തിരികെ തന്നല്ലോ ദൈവം എന്ന് അവൻ ആശ്വസിച്ചു.

കഴിഞ്ഞ മാസം ഒരു ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോൾ ശ്യാം മോഹൻ എന്ന ഒരു സുഹൃത്തിന്റെ ഫോൺ കോൾ വന്നു. ശാരിയെ വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അനിലിന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പൂർണമായും തകർത്തുകളഞ്ഞ ശേഷം പിൻ‌വലിഞ്ഞ ആ മഹാരോഗം ഇത്തവണ തിരിച്ചുവന്നത് കൂടുതൽ ശക്തിയോടെ രക്താർബുദത്തിന്റെ രൂപത്തിലാണ്. ഒരു തവണത്തെ ആന്റിബയോട്ടിക് ഇഞ്ചക്ഷനുള്ള തുകപോലും സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അനിൽ. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇത്തവണ ഡോക്ടർ പറഞ്ഞ പ്രതിവിധി. ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ചെലവുവരും. ലോ കോളേജിലെ പഴയ സഹപാഠികളെല്ലാം ചേർന്ന് കുറച്ച് പണം സമാഹരിച്ചു നൽകണം എന്ന് പറയാനാണ് ശ്യാം എന്നെ വിളിച്ചത്. ഓരോരുത്തർക്കും പതിനായിരം രൂപവീതമെങ്കിലും കൊടുക്കാനാകുമെങ്കിൽ അത് ഒരു നല്ല സഹായമാകുമെന്ന് അവൻ പറഞ്ഞു. ജൂൺ ആദ്യവാരമെങ്കിലും കഴിയുന്നത്ര തുക അനിലിന്റെ അക്കൌണ്ടിൽ ഇടാൻ ശ്രമിക്കണം എന്ന് പറഞ്ഞ് അവൻ അനിലിന്റെ ബാങ്ക് അക്കൌണ്ട് അയച്ചുതന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ഞാൻ തിരികെ വന്നു. അതിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തികം കിട്ടിയില്ല. ജൂൺ ആദ്യവാരവും രണ്ടാം വാരവും കടന്നുപോയി. എനിക്ക് ഒരു രൂപ പോലും ഇടാനായില്ല.അതുകൊണ്ടുതന്നെ ശ്യാമിനേയോ അനിലിനേയോ വിളിക്കാൻ എനിക്കൊരു ചമ്മലുണ്ടായി.

മറ്റു പണികളൊന്നുമില്ലാതെ നാട്ടിൽ നിന്നിട്ടും അനിലിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാത്തത് തെറ്റാണെന്ന് രണ്ടുമൂന്നുദിവസമായി മനസാക്ഷി കുത്തിത്തുടങ്ങി. അങ്ങനെ ഇന്ന് ഞാനും ഒരു സുഹൃത്തുമായി ആർ.സി.സിയിൽ പോയി അനിലിനെ കണ്ടു. അവൻ ഒന്നും സംഭവിക്കാത്തവനെപ്പോലെ ചിരിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് നടന്നു വന്നു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എന്നത് ഏതാണ്ട് അസാധ്യമായ ഒന്നാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി മുതൽ നാട്ടിലെ സന്നദ്ധസംഘടനകൾ വരെ എല്ലാ വാതിലുകളും മുട്ടി മൂന്ന് മാസത്തെ ചികിത്സയ്ക്കുള്ള പണം സംഘടിപ്പിക്കാം എന്നുമാത്രമേ അവനു വിശ്വാസമുള്ളു.മൂന്നു മാസത്തിനു ശേഷം ശാരിയെ മരണം കൊണ്ടുപോകും.അമ്മയെ കാണാതെ മകൾ കരയുന്നു എന്ന് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നനവില്ല..മജ്ജമാറ്റിവെച്ച് ഈ മഹാരോഗത്തെ പരാജയപ്പെടുത്തി ജീവിതം തിരികെപ്പിടിക്കാമെന്ന് വിശ്വസിച്ച് ശാരി സന്തോഷവതിയായിരിക്കുകയാണെന്ന് പറയുമ്പോഴും അവന്റെ മുഖത്ത് സങ്കടമില്ല. ആദ്യം തന്നെ ഈ രോഗം അതിന്റെ യഥാർത്ഥരൂപത്തിൽ വന്നിരുന്നു എങ്കിൽ മജ്ജമാറ്റിവെയ്ക്കാനുള്ള പണം സംഘടിപ്പിക്കാമായിരുന്നു എന്നവൻ പറഞ്ഞു. ഏറെ ചാടിയിട്ടും വള്ളത്തിനുള്ളിൽ തന്നെ വീണുപോയ കടൽമീനിന്റെ പരാജയ സമ്മതമായിരുന്നു അവന്റെ ഭാവം. ഇനി എനിക്ക് വയ്യ.വിധി ഇതാണ് എന്ന് കീഴടങ്ങിക്കൊടുക്കുന്ന ഒരു മനുഷ്യന്റെ ദയനീയമായ അവസ്ഥ.

എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു തളരരുതെടാ..പണമുണ്ടാക്കാം..നമുക്ക് ആളുകളോട് ചോദിക്കാം...നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം..എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...പണം സംഘടിപ്പിക്കാൻ നമുക്ക് കഴിയും..ഒന്നും അസാധ്യമല്ല... അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ...

എന്തായാലും അവന്റെ കയ്യിൽ നിന്ന് കുടുംബഫോട്ടോയും ചികിത്സാരേഖകളും സ്കാൻ ചെയ്തെടുത്തുകൊണ്ടാണ് ഞാൻ തിരികെപ്പോന്നത്. അപ്പോൾ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും മടങ്ങിപ്പോരുമ്പോൾ ഞാനും അതുതന്നെ ചിന്തിക്കുകയായിരുന്നു. പണം എങ്ങനെ ഉണ്ടാക്കാം...പതിനഞ്ചുലക്ഷത്തിന്റെ ഒരു ചെറിയ പങ്കെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലേ... ബൂലോക കാരുണ്യത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് സിമിക്ക് (സിമി നസ്രേത്ത്) ഒരു മെയിലയച്ചു. ഈ ലോകത്ത് ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ലല്ലോ (ഒളിയാക്രമണം നടത്തി ഒരു അനിലിനേയും ശാരിയേയും പരാജയപ്പെടുത്തുന്ന വിധിയ്ക്കുമറിയില്ലായിരിക്കും) അതുകൊണ്ട് ഞാൻ ഇതിവിടെ എഴുതുന്നു. ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാനും ചെയ്യാം..

ഒക്ടോബറിലാണ് മജ്ജമാറ്റിവെയ്ക്കാനുള്ള സാമ്പത്തികമുണ്ടെങ്കിൽ അത് നടത്താമെന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മൂന്നു മാസം... അനിലിന്റെയും ശാരിയുടേയും ഒരു കുടുംബചിത്രവും ശാരിയുടെ ചില ചികിത്സാരേഖകളും ഇവിടെ ഇടുന്നു. അനിലിന്റെ ഫോൺ നമ്പരും...

Patient's Name: Shari

Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon

Phone Number :+91-7293607979

Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam

SWIFT Code: SBTRINBB053
IFS Code: SBTR0000053

http://sanathanan.blogspot.com/2011/06/blog-post_21.html

Saturday, June 18, 2011

ജൂണ്‍ 18


പലതും പറഞ്ഞ കൂട്ടത്തില്‍ അമ്മ പറഞ്ഞു, മോഹന്‍ മാമന്‍ വിളിച്ചിരുന്നു.

മോഹന്‍ മാമന്‍.....അടഞ്ഞു കിടന്ന ഓര്‍മ്മകളുടെ കോട്ട തുറക്കുന്ന താക്കോലായി മാറി പെട്ടന്ന് ആ പേര്..മനസ്സിലേയ്ക് തേക്കടിയിലെ തണുപ്പന്‍ പ്രഭാതത്തിന്റെ നനുത്ത ഓര്‍മ്മ. മഞ്ഞു പുതച്ചു കിടക്കുന്ന വഴികള്‍.. വീട് തോറും നടന്നു പൂ വില്‍ക്കുന്ന തമിഴ് സുന്ദരിയുടെ മൂക്കുത്തിയിലെ നീലക്കല്ലിന്റെ തിളക്കം.പിന്നെ,അച്ഛന്‍....!!!

അച്ഛനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും പലപ്പോഴും...പക്ഷേ ബോധമെന്നാല്‍ എനിക്ക് അച്ഛന്‍ തന്നെയാവും എപ്പോഴും. ഓരോ ആളുകളെ ഓര്‍ക്കുമ്പോള്‍ തുറക്കുന്നതും അച്ഛനിലേക്കെത്തുന്ന ഓരോ ജനാലകള്‍..മോഹന്‍ മാമന്‍ എന്നത് ഒരു ചുവന്ന ജനാലയാണ്. എഴുപതുകളുടെ അവസാന പാദത്തിലും എണ്പതുകളിലും അച്ഛന്‍ ജീവിച്ച ട്രേഡ് യുണിയന്‍ കാലം.. അതില്‍പ്പെട്ടു അരക്ഷിതമായ അച്ഛന്റെ ഔദ്യോഗിക ജീവിതം... കാമുകിയെ  ഉപേക്ഷിക്കാന്‍ തീരുമാനിച്ച നിരാശാ പ്രണയകാലം... കാമുകിയെ ഭാര്യയാക്കിയ ശേഷമുള്ള കുടുംബ ജീവിതകാലം...എവിടെയും കൂടെയുണ്ടായിരുന്നു മോഹന്‍ മാമന്‍.

പോസ്റല്‍ ജീവനക്കാരുടെ ട്രേഡ് യുണിയന്‍ ആയ എന്‍.എഫ്.പി.ടി.ഇ യുടെ ഇടുക്കിയിലെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍. സ:ടി.പി.സോമന്‍. ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് അച്ഛനും ശ്രമിച്ചത്.അതിന്റെ ഭാഗമായി സ്വന്തം ജോലി നഷ്ടപ്പെട്ടതൊന്നും അച്ഛനൊരു പ്രശ്നമായിരുന്നില്ല. അന്ന് ഉപജീവനത്തിന് വേണ്ടി ഒരു ബുക്ക്‌ സ്ടാള്‍ തുടങ്ങാന്‍ പാര്‍ടി അച്ഛനെ സഹായിച്ചു. ജോലി തിരികെ കിട്ടിയപ്പോള്‍ ഒരുമിച്ചു കിട്ടിയ ശമ്പളക്കുടിശ്ഷിഖയുടെ പാതി കൊടുത്ത്  യുണിയനു വേണ്ടി ഓഫീസ് തുടങ്ങാനുള്ള സ്ഥലം വാങ്ങി അച്ഛന്‍ ആ കടം വീട്ടുകയും ചെയ്തു.   

സ്വന്തം പ്രണയത്തിന്റെ കാര്യം വന്നപ്പോഴും അച്ഛന് മുന്‍‌തൂക്കം തന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. അച്ഛന്റെ സഹജീവി സ്നേഹത്തിനു വേണ്ടി ബലിയാടാവേണ്ട ഒരവസ്ഥയും അച്ഛനെ പ്രണയിച്ചതിന്റെ  പേരില്‍ മാത്രം അമ്മയ്കുണ്ടായി.അമ്മയുടെ സമരം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു.അത് അമ്മ നേടുകയും ചെയ്തു.എന്നാല്‍,അച്ഛന്റെ സമരങ്ങള്‍ പലരിലൂടെ ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ജീവിതത്തില്‍ എന്താവുന്നതിലും പ്രധാനം ഒരു നല്ല മനുഷ്യനാവുകയെന്നാണ് എന്നു എന്നെ പഠിപ്പിച്ചത് അച്ഛനാണ്.പുസ്തകങ്ങളെ എന്റെ കൂട്ടുകാരാക്കിയതും അച്ഛനാണ്. കവിതകള്‍ ചൊല്ലി കവികളെ പരിചയപ്പെടുത്തിയതും അച്ഛന്‍ തന്നെ. (ഒരു നാലു വയസ്സുകാരിയുടെ കൈയിലേക്ക്‌ തടിയന്‍ പുസ്തകങ്ങള്‍ എടുത്തു തരുമ്പോള്‍ അമ്മ അതിശയിക്കുമായിരുന്നു.ഒരു പക്ഷേ അച്ഛന്‍ തന്റെ ജോലികള്‍ നേരത്തേ തീര്‍ത്തതാവാം ).

സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ചത് അച്ഛനാണ്.....എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍...

എത്ര കുറച്ചായിരുന്നു അച്ഛന്‍ എന്റെയൊപ്പം ഉണ്ടായിരുന്നത്..!!!പക്ഷേ എത്ര കൂടുതലാണ് അച്ഛന്‍ എന്നില്‍ അവശേഷിപ്പിച്ചത്...!!!

ഇന്ന് അച്ഛന്റെ ഇരുപത്തിമൂന്നാം ചരമ വാര്‍ഷിക ദിനം....

Thursday, June 16, 2011

പരമപദം


അതൊരു നല്ല വൈകുന്നേരമായിരുന്നു.എനിക്കേറ്റവും പ്രിയപ്പെട്ട കവിയോടൊത്ത്  കോഫി ടെബിളിന്റെ ഇരു വശങ്ങളിലുമായിരുന്നു, ആകാശത്തിനു  കീഴിലുള്ള എന്തിനെയും സംഭാഷണ വിഷയമാക്കിയ ഒരു സായാഹ്നം. സ്വീകരിക്കാത്ത അവാര്‍ഡുകളെക്കുറിച്ചും  അങ്ങേയറ്റം നിസ്സംഗതയോടെ സ്വീകരിക്കുന്ന വിമര്‍ശനങ്ങളെയും കുറിച്ചായി എന്റെ ആശ്ചര്യം..    

അതിന്‌ മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു..."ഭൗതികമായ യാതൊന്നിനും ഇപ്പോഴെന്നെ സ്വാധീനിക്കാനാവില്ല. ഒരാവശ്യങ്ങളും ഇപ്പോഴെന്നെ അലട്ടുന്നുമില്ല. വിശപ്പ്‌,ദാഹം,രതി ഇങ്ങനെയുള്ള അടിസ്ഥാന ചോദനകളല്ലാതെ  ഒന്നുമെനിക്കനുഭവപ്പെടുന്നില്ല,ഇവയൊഴിച്ചു  നിര്‍ത്തിയാല്‍  ഒരു ജഡം പോലെ സ്വസ്ഥനാണ് ഞാന്‍.മറ്റുള്ളവരുടെ വികാരങ്ങളെയും അതേ  നിസ്സംഗതയോടെ നോക്കിക്കാണുവാന്‍ എനിക്കിന്ന്  കഴിയുന്നു "
എന്നെ വല്ലാതെ  അത്ഭുതപ്പെടുത്തിയ ഒരു പ്രസ്ഥാവനയായിരുന്നു അത്.ഏതു വിമര്‍ശനങ്ങളെയും ഒരു ചിരിയോടെ നേരിടുക എന്നത്  അധികം പ്രയാസമുള്ള കാര്യമല്ല എനിക്ക്. എന്നാല്‍ മറ്റു വികാരങ്ങള്‍, പ്രത്യേകിച്ചും  വിഷാദം, ഏറ്റവും എളുപ്പത്തില്‍ എന്നെ  കീഴടക്കാറുണ്ട് . അത് എന്റേതു  തന്നെ ആവണമെന്ന് പോലും എനിക്കൊരു നിര്‍ബന്ധവുമില്ല. ഒരു നല്ല മെലഡി,അല്ലെങ്കില്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍...ആരുടെയെങ്കിലുമൊക്കെ സങ്കടങ്ങള്‍... എന്റെ കണ്ണ് നിറയാന്‍ ഇത്ര തന്നെ ധാരാളം..

എന്നാവും  ഞാനാ തലത്തിലെയ്കെത്തുക?അല്ലെങ്കില്‍ എന്നെങ്കിലും ഞാനവിടെയെത്തുമോ?? അസാധ്യമെന്നു എനിക്ക് തന്നെ തോന്നുന്നുണ്ടെങ്കിലും എന്നെ വല്ലാതെ കൊതിപ്പിക്കുന്നു അത്......ഒരു ജഡത്തെ പോലെ സ്വസ്ഥയാവാന്‍ എനിക്ക്  ഒരു പക്ഷേ ജഡമാവുക തന്നെ വേണമായിരിക്കും...:(

Tuesday, June 14, 2011

ചെഗുവേര

ഇതു പോലെ മഴ നിറഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ച പകല്‍ ആയിരുന്നു അത്.ഹാള്‍ലെ സോഫയുടെ ഹാന്‍ഡ്‌റസ്റ്റ്‌ല്‍ തലയുയര്‍ത്തി വെച്ച് കിടന്ന് അച്ഛന്‍ ഒരു പുസ്തകം വായിക്കുന്നു.പുറംചട്ടയില്‍ തടിയന്‍ ചുരുട്ട് കടിച്ചു പിടിച്ചിരിക്കുന്ന,തീക്ഷ്ണമായ കണ്ണുകളുള്ള ഒരു സുന്ദരന്‍. പലപ്പോഴും അച്ഛന്റെ കൈയില്‍ ഇതേ മുഖം പതിഞ്ഞിരിക്കുന്ന പല പുസ്തകങ്ങളും കാണാറുണ്ട്‌.ആ കണ്ണുകളോടു തോന്നിയ ഇഷ്ടം കൊണ്ടാണ് അതാരെന്ന് അച്ഛനോടു ചോദിച്ചത്.

ആദ്യമായി ഞാന്‍ ആ പേര് കേട്ടു."ചെ"....ചെ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഏണസ്ടോ ഗുവേര ഡി ലാ സെര്‍ന.അച്ഛന്‍ അന്ന് ചെ യെക്കുറിച്ച് ഒരു പാട് സംസാരിച്ചു. ഏതോ ഒരു വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴെന്നതു പോലെ അച്ഛന്റെ ശബ്ദം ആവേശത്തോടെ ഉയരുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ ഒരു തിരശ്ശീലയിലെന്ന വണ്ണം ചെയുടെ ലാറ്റിന്‍ അമേരിക്കന്‍,ക്യുബന്‍ യാത്രകള്‍.. ഫിദലുമായുള്ള കൂടിക്കാഴ്ച... ഒടുവില്‍ ബൊളീവിയന്‍ കാടുകളിലെ അവസാന നാളുകള്‍... ഒരു വന്യ മൃഗത്തെ വേട്ടയാടിപ്പിടിക്കും പോലെ ബൊളീവിയന്‍ ആര്‍മി റേന്‍ജര്‍മാര്‍ അദ്ദേഹത്തെ നിരായുധനാക്കി കീഴടക്കുന്നത്‌ ഞാന്‍ കണ്ടു..ഏതു നാട്ടുകാരനെന്ന ചോദ്യത്തിനുള്ള പുച്ഛം നിറഞ്ഞ ചിരി ഞാന്‍ കേട്ടു....

"ഇന്ന് നീ കൊല്ലുന്നത് ഒരു മനുഷ്യനെയാണ്‌" എന്ന മരിയെ ടെറാനോടുള്ള ചെയുടെ അന്ത്യ വാചകത്തില്‍ അച്ഛന്റെ വാക്കുകള്‍ ഒരല്‍പം ഇടറിയോ?അപ്പോഴേയ്കും ചുവന്ന കണ്ണുകളിലെയ്കു നോക്കി പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. ആദ്യം കൈയും കാലും പിന്നെ മാനവ രാശിയോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞ നെഞ്ചും തകര്‍ത്തു പാഞ്ഞു കയറിയ എണ്ണമറ്റ വെടിയുണ്ടകള്‍...എന്റെ കണ്ണുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി..അന്ന് മുതല്‍ ഞാന്‍ ചെയുടെ ഏറ്റവും കടുത്ത ആരാധികയായി...Wednesday, June 1, 2011

വീണ്ടും മഴക്കാലം..

പശ്ചാത്തല സംഗീതവും വര്‍ണ്ണ വിന്യാസങ്ങളുമില്ലാതെ ഏകാകിയായെത്തുന്ന മഴയെയാണ് എന്നും എനിക്കിഷ്ടം.തുലാ വര്‍ഷത്തില്‍ അത്തരം വരവുകള്‍ അപൂര്‍വമാണെങ്കിലും ഇടവപ്പാതി പൊതുവേ ശാന്ത ശീലയാകും.ഒരു നൃത്ത ബാലെയുടെ തിമിര്‍ത്താട്ടങ്ങള്‍ക്കുമപ്പുറം മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗി വഴിഞ്ഞൊഴുകുന്ന ലാവണ്യവതിയാകുന്ന പാവം ഇടവ മഴ. ആയിരം കൈകള്‍ വിരിച്ചെത്തുന്ന മിന്നല്‍ പിണറുകളെ കഴിയുന്നതും ഒഴിവാക്കി,ഇടി മുഴക്കങ്ങളില്ലാതെ വെറുതേ പെയ്തു നിറയും...

എവിടെ നിന്നാണെന്നറിയില്ല പശ്ചാത്തലമൊരുക്കുന്ന അകമ്പടിക്കാരോടുള്ള ഭയം തുടങ്ങിയത്.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മഴയോടുള്ള ഇഷ്ടം പോലെ കൂടെയുണ്ട് മിന്നലിനോടും ഇടിമുഴക്കങ്ങളോടും ഉള്ള പേടിയും. തനിച്ചാവുന്ന കൊച്ചിന്‍ മിന്നല്‍ സായാഹ്നങ്ങളില്‍ പേടിയോടെ ഞാന്‍ പണ്ടൊരു കൂട്ടുകാരനെ ആശ്രയിക്കുമായിരുന്നു. ഒരു പാട് ദൂരെ ആണെങ്കിലും, കണ്ടിട്ട് കൂടിയില്ലെങ്കിലും മഴ പോലെ പെയ്തു നിറയുന്ന സൗഹൃദം.പിന്നീട് എന്റെ സായാഹ്നങ്ങള്‍ കൂടുതല്‍ തനിച്ചായി.. ഒറ്റക്കൊമ്പിലേറി ചില്ലിയാട്ടം പറന്നപ്പോള്‍ കൂടെ കൂട്ടിയ സ്വപ്‌നങ്ങള്‍ വീഴ്ചയുടെ ആഴങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കി.ഇപ്പോള്‍ ഏഴു നിറങ്ങള്‍ക് പകരം എന്റെ ആകാശത്തില്‍ ഏഴായിരം നിറങ്ങളുള്ള മഴവില്ല് പൂക്കുന്നു..മിന്നലുകള്‍ വിരിഞ്ഞിറങ്ങുന്ന ആകാശത്തിന് താഴെ നില്‍കുമ്പോള്‍ ഞാന്‍ ഒരു സാന്ത്വന സ്പര്‍ശമറിയുന്നു.ആയിരം സിരകള്‍ പോലെ പടരുന്ന മിന്നലുകള്‍, ഓരോ വേരുകളും എന്നിലേക്ക്‌ മുളയ്കുന്ന അവന്റെ കൈകളാവുന്നു. മഴ പുണരും പോലെ മിന്നല്‍ പുതയ്കാന്‍ ഞാന്‍ മോഹിക്കുന്നു.


 
ഈ ഇടവപ്പാതിയും പെയ്തു തീരുമെന്നും,കൂടുതല്‍ വാശിയോടൊരു മരുക്കാലം എന്നെ കാത്തിരിപ്പുണ്ടെന്നുമുള്ള തിരിച്ചറിവോടെ ഇപ്പോള്‍ ഞാനീ മഴയില്‍ നനയട്ടെ..