Wednesday, March 30, 2011

മൂക്കാതെ പഴുക്കുന്ന മാമ്പഴങ്ങള്‍

പരീക്ഷ കഴിഞ്ഞപ്പോള്‍ വല്ലാതെ ബോറടിക്കുന്നു ചേച്ചീ എന്ന ആവലാതിയോടെയാണ് അടുത്ത വീട്ടിലെ മാളുവിന്റെ ആഗമനം.എന്‍റെ വീട്ടില്‍ ഒരു സന്ദര്‍ശക മാത്രമാവുന്ന എനിക്ക് നാട്ടു വിശേഷങ്ങള്‍ വിളമ്പുന്ന ആകാശവാണിയാണ് വടക്കേലെ മാളു. ഇപ്രാവശ്യത്തെ ചൂടന്‍ വിശേഷം കിഴക്കേ വീട്ടിലെ ചിത്രയുടെ പ്രണയവും അതിന്‌ വീട്ടുകാര്‍ ഉയര്‍ത്തുന്ന തടസ വാദങ്ങളും മറ്റുമായിരുന്നു.ചിത്രയുടെ എതിര്‍പ്പിനെ അവഗണിച്ചു അച്ഛനും അമ്മയും വേറെ കല്യാണം ആലോചിക്കുന്നതിനെ കാര്യ കാരണ സഹിതം എതിര്‍ക്കുകയും ചിത്രയ്ക് വേണ്ട മോറല്‍ സപ്പോര്‍ട്ട് കൊടുക്കുകയും ചെയ്യുന്ന മാളുവിന്റെ വീറും വാശിയും കണ്ടപ്പോള്‍ സത്യത്തില്‍ ചെറിയൊരു അമ്പരപ്പ് തോന്നാതിരുന്നില്ല. പതിന്നാലു വയസ്സെന്നത് ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പക്വത നേടുന്ന പ്രായമായി മാറുകയാണോ?

മുന്‍പൊരിക്കല്‍ ബസില്‍ വെച്ച് കേട്ട ഒരു സംഭാഷണ ശകലം ഓര്‍ത്തു പോയീ ഞാന്‍. തോളില്‍ തൂക്കിയ ബാഗ്‌ എന്‍റെ മടിയില്‍ നിക്ഷേപിച്ച ശേഷം കൂട്ടുകാരിയോട് കലപില പറഞ്ഞു നിന്ന ഒരു കുഞ്ഞു മിടുക്കി."അവനെ വഞ്ചിക്കാന്‍ ഞാന്‍ ആരതിയെ സമ്മതിക്കില്ല"എന്ന വാചകത്തിലെ ആര്‍ജ്ജവം കേട്ടാണ് അവളെ ശ്രദ്ധിച്ചത്. തോളൊപ്പം മുറിച്ച മുടിയും കുലുക്കി കണ്ണും മിഴിച്ചു അവളതു പറയുമ്പോള്‍ സ്വരത്തില്‍ ഏതോ തുടരാന്‍ പരമ്പരയിലെ നായികയുടെ കാര്‍ക്കശ്യം.വഞ്ചന...എന്‍റെ ദൈവമേ ആ വാക്കിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിന്നും ഈ കുഞ്ഞിനെ നീ അകറ്റി നിര്‍ത്തണേയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോയി.എങ്കിലും കുറെ നാളുകള്‍ വഞ്ചനയിലെ ഞ്ച എന്‍റെ നെഞ്ചിലിരുന്നു ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു.

അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പെയാണ് ഒരു നാലു വയസ്സുകാരന്‍ എന്നെ നിശബ്ദയാക്കിയത്. മേഘമല്‍ഹാര്‍ ആദ്യമായി ഏഷ്യാനെറ്റ്‌ ല്‍ വരുന്ന ദിവസം. സൂര്യയില്‍ ഏതോ കോമഡി ഫിലിം.കുഞ്ഞമ്മയുടെ മകന്‍ നാലു വയസ്സുകാരന്‍ കുക്കുവിനു ആ സിനിമ കാണണം.മേഘമല്‍ഹാര്‍ ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവന്റെ ഡയലോഗ്."അതങ്ങനെ കാണാന്‍ മാത്രം ഒന്നുമില്ല ചേച്ചീ, ബിജുമേനോനും സംയുക്തയും ചെറുതായിരുന്നപ്പോഴേ ഫ്രണ്ട്സ് ആയിരുന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ കണ്ടു മുട്ടി.അപ്പോള്‍ കുറെ നാള്‍ ബിജുമേനോന്‍ സംയുക്തയെ "കൊണ്ട് നടന്നു".പിന്നെ അവരങ്ങ് പിരിഞ്ഞു."ദൈവമേ എന്നൊന്ന് വിളിക്കാന്‍ പോലും ആവാതെ മിണ്ടാതിരുന്നപ്പോള്‍ അവന്‍ എന്‍റെ കൈയില്‍ നിന്നും റിമോട്ട് എടുത്തു സൂര്യയിലെത്തിയിരുന്നു.

എങ്ങനെയാവും ഈ കുഞ്ഞുങ്ങളില്‍ നിന്നും അവരുടെ ബാല്യം ഇത്ര വേഗം കൊഴിഞ്ഞു പോകുന്നത്?ഇഷ്ടപ്പെട്ട താരങ്ങള്‍ കേയ്നും ബാറ്റിസ്റ്റയും ആവുമ്പോള്‍ ഫേവറിറ്റ് ഡ്രസ്സ്‌ സോനാക്കലിയെന്നു വാശി വെയ്ക്കുമ്പോള്‍ തട്ടിന്‍പുറത്തെവിടെയോ കിടന്ന് ഊഞ്ഞാല്പ്പലക ചിതല് തിന്നുന്നുണ്ടാവും. വീതിക്കസവിന്റെ പാവാടയുലച്ചിലുകള്‍ തേങ്ങുന്നുണ്ടാവും .. ..

Monday, March 28, 2011

ചില പാട്ടോര്‍മ്മകള്‍

രാവിലെ ഉണര്‍ന്നെഴുനേറ്റു വരുമ്പോഴേ ചില പാട്ടുകള്‍ വന്നു ചുണ്ടില്‍ കയറിയങ്ങു പറ്റിപ്പിടിക്കും. ഏറെ പ്രിയപ്പെട്ട പാട്ടുകളില്‍ ഏതെങ്കിലും ആവും അത്.പക്ഷേ കുറച്ചു കഴിയുമ്പോഴെയ്കും പാടി പാടി മടുത്തു പോവാറും ഉണ്ട്. പലപ്പോഴും കാലഘട്ടങ്ങളെ കൂടി സമ്മാനിക്കും പാട്ടോര്‍മ്മകള്‍..

ചില റാഫി-കിഷോര്‍ -സൈഗാള്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തേക്കടിയിലെ പോസ്റ്റ്‌ ഓഫീസ് ക്വാര്‍ട്ടേഴ്സിലെ മഞ്ഞു പുതച്ച തണുത്ത പ്രഭാതങ്ങളെ തിരിച്ചു പിടിക്കും.ഉണരുന്നത് അച്ഛന്‍റെ ചില ഈണങ്ങള്‍ കേട്ടു കൊണ്ടായിരിക്കും. അടുക്കളയില്‍ അമ്മയോടൊപ്പം ജോലി ചെയ്യുന്ന അച്ഛന്‍ എപ്പോഴും പഴയ പാട്ടുകള്‍ ആവും മൂളുക."സുഹാനി രാതും" "മേരെ നൈനയും" പതുക്കെ വന്നെന്നെ വിളിച്ചുണര്‍ത്തും.. ചെറിയ ശബ്ദത്തില്‍ റേഡിയോയും പാടുന്നുണ്ടാവും.

കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടകവീട്ടിലെ രാവിലെകള്‍ വല്ലാതെ തിരക്ക് പിടിച്ചതായിരുന്നു. ആദ്യം ആശാന്റെ കളരിയിലും പിന്നീട് സ്കൂള്‍ ലുമായി വിദ്യാഭ്യാസം ആരംഭിച്ച സമയം.എട്ടു മണിക്ക് സ്കൂള്‍ല്‍ എത്തണം.പേസ്റ്റ് പുരട്ടിയ ബ്രഷുമായി അലക്ക് കല്ലില്‍ കയറിയിരുന്നു സ്വപ്നം കാണുന്ന എനിക്ക് അടുക്കളയിലെ പാട്ടുകളും കുഞ്ഞുമോളുടെ വാശികളും അമ്മയുടെ വഴക്കുകളും മറ്റേതോ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ പോലെയായിരുന്നു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്യുമ്പോഴാകും റേഡിയോ യില്‍ "അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്നു" .എന്തോ വല്ലാത്ത ചിരി വരും എനിക്കാ പാട്ട് ഇപ്പോള്‍ കേള്‍കുമ്പോള്‍ പോലും.പൊട്ടിച്ചിരിക്കുന്ന എന്നെ അച്ഛന്‍ അന്ന് ഇക്കിളിയാക്കി പിന്നെയും ചിരിപ്പിക്കുന്ന ഓര്‍മ. "ശാന്ത രാത്രി തിരു രാത്രി" എനിക്ക് ക്രിസ്മസ് ഓര്‍മകളെകാള്‍ കൂടുതലായി സതി ചേച്ചി ഗ്രൂപ്പ്‌ ഡാന്‍സ് പ്രാക്ടീസ് ചെയ്ത ദിവസങ്ങളെ കൊണ്ടു തരും."കാലി തൊഴുത്തില്‍ പിറന്നവനെ" കേള്‍ക്കുമ്പോള്‍ കുരുത്തോലയും കൊണ്ടു തിരിച്ചു വരുന്ന ഏലിയാമ്മ ടീച്ചര്‍ ന്‍റെ തലയില്‍ കൂടി കിടക്കുന്ന കവണിയെ ഓര്‍മ്മിപ്പിക്കും.."ഒരു മധുരക്കിനാവിലെ " തേന്‍ വണ്ട്‌ ഞാന്‍ എന്ന വരികളെ തെറ്റിച്ചു "തേന്‍ മണ്ട് ഞാന്‍ "എന്നു പാടുന്ന കുഞ്ഞുമോളെ തരും.(അവളുടെ വക തന്നെയാണ് 'നീ വരുവോളം "പാടാതിരിക്കുവാന്‍" എന്ന വരികളും..)

പെരുവന്താനത്തെ വലിയ മുറികള്‍ സമ്മാനിച്ച ഏകാന്ത നിമിഷങ്ങളില്‍ കൂടുതലായി വായനയും പാട്ടുകളും എന്നിലേക്കെത്തി.ഈണത്തേക്കാളും കൂടുതലായി പദ ഭംഗിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം.വയലാറിനെയും ഓ.എന്‍.വി യെയും കുറിച്ചു ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന അച്ഛന്‍ എന്നില്‍ അവരെ ദേവ തുല്യ സ്ഥാനമുള്ളവരാക്കി. ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ വരികള്‍ ഹൃദിസ്ഥമാക്കുന്ന എന്നെ കൂടുതല്‍ പാട്ടുകള്‍ കേള്‍പ്പിച്ചു വാശി പിടിപ്പിച്ചു.

പ്രണയത്തിന്റെ നാളുകളിലും കൂട്ടു വന്നു ചില പാട്ടുകള്‍."ഈ ജന്മമേകുന്നു ഞാന്‍" എന്നു ചെവിയോരത്ത് പാടിത്തന്ന കൂട്ടുകാരനെ ഈ ജന്മം ഇനി ഞാന്‍ കാണുമോ?"സുഖമോ ദേവി" കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ചോരയിറ്റുന്ന ചില നോവുകളെ തിരിച്ചു പിടിക്കും."താരും തളിരും മിഴി പൂട്ടുന്ന" ഭംഗിയില്‍ പാതി മയക്കത്തില്‍ പുത്തരി താളത്തില്‍ കൊത്തുന്ന ഒരാളുണരും .ഒപ്പം അല്ലി മലര്‍ക്കാവിലെയ്ക് പൂരം കാണാനുള്ള മുഴുമിപ്പിക്കാത്ത യാത്രയില്‍ മഴത്തുള്ളികള്‍ പൊഴിയുന്ന നാടന്‍ വഴിയില്‍ ആ കുടക്കീഴില്‍ കിട്ടാതെ പോയ അഭയം എന്നെ പിന്നെയും പിന്നെയും നനയ്കും..

ഇന്നു രാവിലെ മുതല്‍ ഞാന്‍ "താരും തളിരും മിഴി" പൂട്ടുന്ന ഭംഗി കാണുകയായിരുന്നു. ഇതിനി എപ്പോള്‍ എന്നെ ഉപേക്ഷിച്ചു പോവുമെന്നറിയില്ല.ഭരതന്റെ വരികളുടെ മാന്ത്രിക സ്പര്‍ശത്തില്‍ ഇന്നത്തെ പ്രഭാതം ധന്യമാവുന്ന ലഹരിയിലാണ് ഞാന്‍...ഒപ്പം കൂടെയില്ലാത്ത ആ പ്രണയം തരുന്ന നോവിന്റെ വിങ്ങലിലും ...