Thursday, August 16, 2012

കായികറാണിപെരുവന്താനം ഗവ:എല്‍ പി സ്കൂള്‍ പഠനകാലം.. അവിടെ സ്വന്തമായി ഗ്രൗണ്ട് ഇല്ലാതിരുന്നതിനാല്‍ ഓട്ടമത്സരം നടത്താന്‍ തെരഞ്ഞെടുത്തത് കെ കെ റോഡ്‌ ആണ്‌.കാണുന്ന മത്സരത്തിലെല്ലാം കൊണ്ട് തല വെച്ച് കൊടുക്കുമെങ്കിലും സ്പോര്‍ട്സ് ഒരിക്കലും എന്‍റെ തട്ടകമായിരുന്നില്ല. എങ്കിലും സത്യവൃതന്‍ സാറും അമ്മിണി ടീച്ചറും ചുമ്മാ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും ഓടാന്‍ കൂടി...:-O

വൈകിട്ട് പതിവുപോലെ വീട്ടില്‍ സഖാക്കളുടെ യോഗം. സജീവ്‌ ചേട്ടന്‍ വന്നപാടെ 
"ഗൗരിക്കുട്ടീ മിട്ടായി എവിടെ?"
അമ്പരപ്പോടെ അച്ഛന്‍ 
"എന്തിനാ സജീവേ?"
"അയ്യോ സാററിഞ്ഞില്ലേ? ഇന്ന് ഇവരുടെ സ്കൂളിലെ ഓട്ടമത്സരത്തില്‍ ഗൗരിയ്ക്കാണ് ഒന്നാം സ്ഥാനം." 
"ങേ,സത്യമാണോ??ഞാന്‍ അറിഞ്ഞില്ലല്ലോ??" 
അച്ഛനൊരു വിശ്വാസക്കുറവ്.എന്‍റെ മുഖത്താണെങ്കിലോ ഇപ്പോക്കരയും ന്നൊരു ഭാവം..
(അല്ലെങ്കില്‍ സ്കൂളില്‍ ഒരു ഈച്ച പറന്നാല്‍ അച്ഛന്‍ അറിയുന്നതാണ്.ഇതു സമ്മാനം കിട്ടിയിട്ട് കൂടി പറയാതിരിക്കുമോ?)
"ശരിക്കും സത്യമാണ് സാറേ...എട്ടു പത്ത് കുട്ടികള്‍ ഉണ്ടായിരുന്നു ഓടാന്‍ . അതില്‍ ഏറ്റവും പിന്നില്‍ നിന്ന്‌ ഒന്നാമത് ഗൗരിയായിരുന്നു ...."
:-/ 

അന്നത്തെ ആഘോഷം പിന്നെ എന്‍റെ ചെലവിലായിരുന്നു ന്ന് പറയേണ്ടല്ലോ?? 

(ചിത്രം ഗൂഗിളില്‍ നിന്ന്‌ )

Thursday, August 9, 2012

എരിഞ്ഞു തീരാത്തത്
വെറുതെയിരുന്നപ്പോള്‍ നമതു വാഴ്വും കാലത്തിലൂടെയൊന്നു സഞ്ചരിച്ചു.ഓര്‍മ്മകള്‍ എപ്പോഴും ചങ്ങലകള്‍ പോലെയാണല്ലോ?"നഗരത്തില്‍ വിറകടുപ്പ് കണ്ടിത്ര കാലമായി" പഴയ ഒരു പോസ്റ്റിലെ ഈ വാചകത്തില്‍ തൂങ്ങി പിന്നെയേതൊക്കെയോ വഴികളിലൂടെ..

അച്ഛനും കൂടിയുണ്ടായിരുന്ന കാലത്തൊന്നും അടുക്കളയ്ക്ക് പുകയൊഴിഞ്ഞു സ്വതന്ത്രയാകാന്‍ ഭാഗ്യമുണ്ടായില്ല. പല വാടക വീടുകളിലുമായി പല പല അടുക്കളകള്‍ ഞങ്ങള്‍ക്ക് സ്വന്തമായെങ്കിലും എല്ലായിടത്തും അമ്മയോടൊപ്പം അച്ഛനെപ്പോലെ തന്നെ വിറകടുപ്പാണ് ഉണ്ടായിരുന്നത്. ഒന്നിച്ചു പാചകിക്കുന്നതിന്റെ സന്തോഷത്തിലാവണം അമ്മയ്ക്ക് പുക നിറഞ്ഞ അടുക്കളകള്‍ ഭാരമാകാതിരുന്നതും ഞങ്ങളുടെ വീട്ടില്‍ ഒരു ഗ്യാസ് അടുപ്പ് എത്താതിരുന്നതും. അമ്മയ്ക്കോ അച്ഛനോ കൂടുതല്‍ കൈപ്പുണ്ണ്യം എന്നെനിക്കറിയില്ല,ഏതു ഭക്ഷണവും ഹൃദ്യമായിരുന്നു എന്നു മാത്രം...

പിന്നീട് അച്ഛന്‍ പോയി.അമ്മയ്ക്ക് അടുക്കള ഒറ്റയ്ക്ക് നോക്കേണ്ടി വന്നു.ഒപ്പം ഞങ്ങള്‍ രണ്ടു കുഞ്ഞിക്കുട്ടികള്‍ .. അച്ഛന്‍റെ മരണത്തിനു പകരം കിട്ടിയ ജോലി.. ദൂരെയുള്ള ഓഫീസ്,യാത്ര,തിരക്കുകള്‍ ...

പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായി.. കിണറിനു പമ്പ്‌ ഉണ്ടായി..അരകല്ലിനോടും ആട്ടുകല്ലിനോടും വിടപറഞ്ഞു. അടുക്കളയില്‍ നിന്നും പുകയൊഴിഞ്ഞ് മിന്നുന്ന സ്റ്റീല്‍ തിളക്കവുമായി ഗ്യാസ് സ്ട്ടൌ എത്തി. 

പക്ഷേ പിന്നെയൊരിക്കലും അമ്മയുടെ പാചകത്തിന് പഴയ രുചിയുണ്ടായില്ല.അച്ഛനോടോപ്പമോ പുകയോടൊപ്പമോ എന്നറിയില്ല ആ രുചിയും എന്നേയ്ക്കുമായി പടിയിറങ്ങിപ്പോയി.

എപ്പോഴുമൊന്നും വീട്ടിലുണ്ടാവാന്‍ കഴിയാറില്ല.എങ്കിലും അമ്മയോടൊപ്പമുള്ള എല്ലാ അവസരങ്ങളിലും ഞാന്‍ പഴയ മണ്‍പാത്രങ്ങള്‍ കഴുകിയെടുക്കുന്നു.അവിയലിന് തേങ്ങ അരകല്ലില്‍ തന്നെ അരച്ചെടുക്കുന്നു..അമ്മമ്മയുടെ കൈപ്പുണ്ണ്യം അപ്പാടെ കിട്ടിയ കൊച്ചുമോളെന്ന പുകഴ്ത്തലില്‍ സന്തോഷിക്കുന്നു..

എങ്കിലും എവിടെയോ എനിക്കെന്‍റെ പഴയ രുചി നഷ്ടമായിരിക്കുന്നു..

(ചിത്രം ഗൂഗിളില്‍ നിന്നും)
"നമതു വാഴ്വും കാലം"  http://disorderedorder.blogspot.in/2010/03/blog-post_23.html

Thursday, August 2, 2012

ഇവിടെയൊന്നും അവസാനിക്കുന്നില്ലപെരുവന്താനം പോസ്റ്റ്‌ ഓഫീസ് ക്വാട്ടെഴ്സിലെ രാത്രികളില്‍ അച്ഛനോടൊപ്പം ഉറക്കമൊഴിയാന്‍ ഒരുപാട് ഏട്ടന്മാര്‍ ഉണ്ടായിരുന്നു. ഷാജിയേട്ടന്‍ ,രാജന്‍ ചേട്ടായി,സജീവേട്ടന്‍ ,നിയാസിക്ക അങ്ങനെ കുറേ പേര്‍ .. വൈകിട്ട് ഏഴു മണിയാകുമ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങും. തറയില്‍ വിരിച്ചിട്ട പായിലും കസേരകളിലും സ്ഥാനം പിടിച്ച് അവര്‍ ജോലി തുടങ്ങുമ്പോള്‍ ഞങ്ങളുടെ വിശാലമായ ഹാള്‍ ഒരു തേനീച്ചക്കൂട് പോലെയാകും.. തനിയെ പിറുപിറുത്തു മുദ്രാവാക്യങ്ങള്‍ കുത്തിക്കുറിക്കുന്ന അച്ഛനോടു ചേര്‍ന്ന് നിന്ന്‌,  ഒരു വലിയ ക്യാന്‍വാസ് പോലെ വര്‍ണ്ണാഭമായ ഞങ്ങളുടെ ഹാള്‍ ഞാന്‍ നോക്കിക്കാണും. 

(മാധവിക്കുട്ടിയുടെ ഒരു കഥാപാത്രമില്ലേ? പദപ്രശ്നം പൂരിപ്പിക്കുന്ന തമ്പുരാന്‍ "ഈ വാക്കാണോ ആ വാക്കാണോ ചേരുക" എന്നു ചോദിക്കുമ്പോള്‍ "ആ രണ്ടാമത് പറഞ്ഞത് തന്നെയായിക്കോട്ടെ മ്പ്രാ" ന്ന് പറയുന്ന വേലക്കാരന്‍ ? ചിലപ്പോള്‍ ആ റോള്‍ കിട്ടും എനിക്ക്. എഴുതി വരുന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലുമ്പോള്‍ അച്ഛന്‍ ചോദിക്കും "ഈ വാക്ക് മാറ്റി ആ വാക്ക് ആക്കിയാലോ" ന്നൊക്കെ. എനിക്ക് തോന്നുന്നത് ഞാന്‍ പറയും...:D)    

കമിഴ്ന്നു കിടന്ന് പോസ്ററുകള്‍ എഴുതിയുണ്ടാക്കുന്ന സജീവേട്ടനും കൂട്ടുകാരും. കുറച്ചു കലാബോധം കൂടുതലുള്ളത് കൊണ്ട് ബാനര്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട ഷാജിയേട്ടന്‍ .. അവരുടെ ഒക്കെയടുത്ത് നീല,ചുവപ്പ് നിറത്തിലുള്ള മഷിപ്പാത്രങ്ങള്‍ .. എഴുതി പൂര്‍ത്തിയാക്കി ഉണക്കാന്‍ വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ .. നിലത്തു നിരത്തിയിരിക്കുന്ന പോസ്ററുകള്‍ ... നല്ല രസമാണ് നോക്കി നില്‍ക്കാന്‍ .. ഇടയ്ക്ക് "സഖാവേ, കുടിക്കാന്‍ ഇത്തിരി വെള്ളം എടുത്തു തരാമോ? ഒരു ഈര്‍ക്കില്‍ കിട്ടാനുണ്ടോ?" എന്നൊക്കെ ചോദിച്ച് എന്നെയും അവര്‍ കൂട്ടത്തില്‍ കൂട്ടും..:) 

പോസ്റര്‍ ഒട്ടിക്കാനുള്ള മൈദ അമ്മ അടുക്കളയില്‍ കുറുക്കുന്നുണ്ടാവും. അതിനും മുന്‍പേ തന്നെ ഏട്ടന്മാര്‍ക്കു കഴിക്കാന്‍ ഞങ്ങളുടെ ഇത്തിരി പറമ്പില്‍ വിളയിച്ച കപ്പയും ഏത്തയ്ക്കായും പുഴുങ്ങിയതും മുളകുടച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും തയാറായിരിക്കും. പുഴുക്കും കഴിച്ച് അച്ഛനോടൊപ്പം അവര്‍ ഇരുളിലേക്ക് ... പിന്നെ രാവേറെ ആകും തിരികെയെത്താന്‍ ..മഞ്ഞെന്നോ മഴയെന്നോ ഉള്ള വ്യത്യാസമൊന്നും അവരെ ബാധിച്ചിരുന്നതേയില്ല    

ഇലക്ഷന്‍ പോലെയുള്ള അവസരങ്ങളില്‍ വീട് പാര്‍ട്ടി ഓഫീസ് ആകും... അവരൊന്നും വീട്ടില്‍ പോകുന്നുണ്ടാവില്ല. ആകെയുള്ള ഒറ്റ ബെഡ് റൂമില്‍ കുഞ്ഞുമോളെയും കൂട്ടി അമ്മ ഉറങ്ങും.. ഞാന്‍ അച്ഛനോടൊപ്പം.. 

എന്തിനാണ്,ആര്‍ക്കു വേണ്ടിയാണ് ഇവരിങ്ങനെ കഷ്ടപ്പെടുന്നത് എന്നൊരിക്കലും ആലോചിച്ചിട്ടെയില്ല. പകല്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോലെ ,അത്രയും സമര്‍പ്പണത്തോടെ,ഗൗരവത്തോടെ അച്ഛന്‍ ചെയ്യുന്ന മറ്റൊരു ജോലി എന്നായിരുന്നു എന്‍റെ വിശ്വാസം. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബോധം വെയ്ക്കുന്ന കാലമായപ്പോഴേക്കും അച്ഛന്‍ ഈ ലോകം വിടുകയും ചെയ്തു...

പറഞ്ഞു വന്നത് വേറൊന്നുമല്ല..കണ്ടു വളര്‍ന്നത്‌ ഇത്രയും അര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അച്ഛനെയാണ്. അങ്ങനെയുള്ള ,അത്രയും ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇന്നും അവശേഷിക്കുന്നുണ്ട്  പാര്‍ട്ടിയില്‍ എന്ന ബോധമുള്ളത് കൊണ്ട് തന്നെ,ഞാന്‍ ഇന്നും എന്നും ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു... സ്വാര്‍ത്ഥത നിറയുന്ന ഈ ലോകത്തില്‍ , എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഇന്നും പ്രാപ്തമായ ഏതെങ്കിലും കരങ്ങള്‍ ഉണ്ടെങ്കില്‍ അതീ മുന്നണിപ്പോരാളികളുടേതായിരിക്കും എന്നതിനും എനിക്ക് സംശയമില്ല. 

ലാല്‍സലാം സഖാക്കളേ..:)