Saturday, July 30, 2011

"വാവൂട്ടല്‍ "


ഒരു നനഞ്ഞ വൈകുന്നേരം.മഴയിങ്ങനെ പെയ്തും തോര്‍ന്നും.നല്ല തണുപ്പ്...പനി വരുന്നുണ്ടോയെന്ന ചുമ്മാ സംശയം. ചുമ്മാതെയല്ലെന്നു തൊണ്ടയിലെ ഇത്തിരി വേദന...
പണ്ട് മുതലേ എന്റെ തൊണ്ടയിങ്ങനെയാണ്.ഒരു കുഞ്ഞു കാറ്റ് മതി വെറുതെയങ്ങനെ നൊന്തു തുടങ്ങും. അത്തരമൊരു തൊണ്ടനോവലിന്റെ മഴക്കാലവൈകുന്നേരം. അച്ഛനെന്നെ ഡോക്ടറെ കാണിക്കാന്‍ ഇറങ്ങി. മുണ്ടക്കയം ബസ്‌ സ്റ്റാന്റ് ല്‍ നിന്നും ഡോക്ടര്‍ ടെ വീട്ടിലേയ്കുള്ള യാത്രയിലാണ് ആരവമുയരുന്ന ഒരു വലിയ മൈതാനം കണ്ടത്.'എന്താന്നു നോക്കാം അച്ഛാ' എന്ന എന്റെ അപേക്ഷ അച്ഛന്‍ ദയാപുരസരം പരിഗണിച്ചു. അനന്തരം സ്ക്രീനില്‍ നൃത്തം വെയ്കുന്ന ഒരു ഫുട്ബോളും   ഇരുവശത്ത് നിന്നും ഇരമ്പിയടുക്കുന്ന കളിക്കാരും ചുറ്റും നിന്ന്‌ ആര്‍ത്തു വിളിച്ചു അവരെ പ്രോത്സാഹിപ്പിക്കുന്ന കാണികളും, ഇടയ്ക്ക് ആവേശം ഒട്ടും കുറയാതെ ഞാനും അച്ഛനും. ഏതോ ക്ലബ്‌ മാച്ച് ആയിരുന്നു അത്. പൊടിഞ്ഞു പെയ്യുന്ന മഴയെ വക വെയ്കാതെ , നോവുന്ന തൊണ്ടയെ കുറിച്ചോര്‍ക്കാതെ, ഇരുളുന്ന സന്ധ്യയെ കാണുക പോലും ചെയ്യാതെ ഞങ്ങള്‍ ആ കളിയുടെ ലഹരിയിലായി....ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു ഫുട്ബോള്‍ മാച്ച് ലൈവ് ആയി കാണുന്നത്.... 
പിന്നീട് ഡോക്ടറെ കണ്ടു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാവൊരു പാട് ഇരുട്ടിയിരുന്നു.വയ്യാത്ത എന്നെയും കൊണ്ട് പോയ അച്ഛനെ കാണാത്ത ആധിയിലാവും അമ്മയെന്നും,താമസിച്ചതിന്റെ കാരണം ഫുട്ബാള്‍ ആണെന്ന് പറഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ഭയന്നും, ഡോക്ടര്‍ വരാന്‍ താമസിച്ചതും മഴയായിപ്പോയതും ഔസെഫ്  അങ്കിള്‍ന്റെ വീട്ടില്‍ കയറിയെന്നുമൊക്കെ കൂട്ടിക്കലര്‍ത്തി പറഞ്ഞ നുണക്കഥ. പിറ്റേന്ന് രാവിലെ ഉണര്‍ന്നു വന്നപ്പോള്‍ തന്നെ അമ്മയുടെ ചോദ്യം ഇന്നലത്തെ മാച്ച് എങ്ങനെയുണ്ടായിരുന്നു എന്നതായിരുന്നു എന്നത് വേറെ കാര്യം..അന്ന്  തോന്നിയത് ആദ്യം അച്ഛനിതെപ്പോള്‍ പറഞ്ഞെന്ന  ആശ്ചര്യവും പിന്നെ എന്നെ പറ്റിച്ചു എന്ന ദേഷ്യവുമായിരുന്നു...അപ്പോള്‍ അച്ഛന്‍ പറഞ്ഞു തന്നു "ഒരു കാര്യം ചെയ്യാനുള്ള ധൈര്യമുണ്ടെങ്കില്‍ അതെവിടെയും പറയാനുള്ള ധൈര്യവും വേണമെന്ന്.."..ഇപ്പോള്‍ ഞാനതിനെ ഇങ്ങനെ വായിക്കുന്നു "എവിടെയും പറയാം  എന്ന ധൈര്യമുള്ള കാര്യങ്ങളേ ചെയ്യാവു" എന്ന്....
ഇന്ന് ഇഹലോകം വെടിഞ്ഞ ആത്മാക്കള്‍ക്ക് അന്നമൂട്ടുന്ന നാള്‍....
അച്ഛനോര്‍ക്കുന്നുണ്ടാവുമോ അന്ന് മഴ നനഞ്ഞു നിന്ന്‌ കളി കണ്ട സായാഹ്നം?? പനി വന്നു തീ പോലെ പൊള്ളുന്ന എന്റെ നെറ്റിയില്‍ നനച്ചിട്ട തുണിയുമായി ഉറക്കമിളച്ച രാത്രികള്‍?? തേക്കടിയിലെ ചെക്ക്‌ പോസ്റ്റ്‌ മുതല്‍ ലാന്‍ഡിംഗ്  വരെയുള്ള  റോഡിലൂടെ കൈ പിടിച്ചു പിച്ചാ പിച്ചാ നടത്തിയ പകലുകള്‍??? ചോറുണ്ണാന്‍ അന്നുമിന്നും മടിച്ചിയായ എനിക്കുരുട്ടി തന്ന ആകൃതിയൊത്ത കിളിമുട്ടകള്‍??
ഇന്ന് രാവിലെയും മുഖത്ത് പുരട്ടാന്‍ ലാക്ടോകലാമിന്റെ ക്രീം എടുത്തപ്പോള്‍ എനിക്കു കൂട്ടത്തില്‍ ചാര്‍മിനാറും  മണത്തു....

Tuesday, July 12, 2011

എങ്കില്‍......???

ഇന്നലെ രാത്രി അമ്മയെ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ദിവ്യയെ കുറിച്ചു പറഞ്ഞത്. ദിവ്യ എന്റെ സിസ്റ്റര്‍ന്റെ കൂട്ടുകാരിയാണ്‌.അവളുടെ കല്യാണത്തിന്റെ തലേ ദിവസം ഒരു ഗിഫ്ടുമായി തന്റെ അമ്മയോടൊപ്പം സ്കൂട്ടിയില്‍ വന്ന അഞ്ചു മാസ ഗര്‍ഭിണിയുടെ, സന്തോഷമുള്ള മുഖം പെട്ടന്ന് ഞാനോര്‍ത്തു. വളരെ പ്രസരിപ്പോടെ, വിശേഷങ്ങള്‍ പറഞ്ഞിരുന്ന ഒരു മിടുക്കി.എന്താ അമ്മേ ഇപ്പോള്‍ വിശേഷിച്ച് എന്ന് ചോദിച്ചപ്പോഴാണ് ............ ആ കുട്ടി ഇന്നലെ ആത്മഹത്യ ചെയ്തു എന്ന് ...........

തന്റെ എട്ടു മാസം പ്രായമുള്ള മോളേക്കുറിച്ച്  പോലും ചിന്തിക്കാതെ, ജീവിതം ഒരു കഷ്ണം കയറിന്റെ തുമ്പില്‍ അവസാനിപ്പിക്കുമ്പോള്‍, എത്ര ശൂന്യതയാവും അവള്‍ അനുഭവിച്ചിട്ടുണ്ടാവുക? ഭര്‍ത്താവുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍, ഭര്‍തൃ മാതാവിന്റെ അസഹിഷ്ണുത,സ്വന്തമായ സാമ്പത്തിക അടിത്തറയില്ലായ്മ , സ്വന്തം പിതാവിന്റെ ഏകാധിപത്യ മനോഭാവം...ഇവയ്ക്കൊക്കെ അവസാനം അവള്‍ ഒരേയൊരു പരിഹാരം കണ്ടെത്തി...

പലപ്പോഴും തോന്നിയിട്ടുണ്ട്,സ്വന്തം ജീവിതത്തിനു മേല്‍ തൂങ്ങുന്ന കയര്‍ക്കുരുക്കുമായാണ് ഓരോ പെണ്‍കുട്ടിയും ജീവിക്കുന്നതെന്ന്.അവനവന്റെ വീട് എന്നത് പോലും അന്യമാവുന്ന പെണ്‍ വര്‍ഗം.സ്വയംഹത്യ എന്ന വെള്ളിയാംകല്ലിലേയ്ക്  ആകൃഷ്ടരായടുക്കുന്ന തുമ്പികളല്ല ഈ ജന്മങ്ങള്‍ എന്ന് അവരെ നിന്ദിക്കുന്നവര്‍ പലപ്പോഴും മറന്നു പോകുന്നു.അവള്‍ രക്ഷപെട്ടു, ആ കുഞ്ഞിനെപ്പോലും ഓര്‍ത്തില്ല എന്നൊരു സ്വാര്‍ത്ഥയുടെ മേല്‍വിലാസം ചാര്‍ത്തിക്കൊടുക്കുമ്പോള്‍,ഓര്‍ക്കേണ്ട ഒന്നുണ്ട്. പത്തുമാസം ആകാംക്ഷയോടെ , പ്രതീക്ഷയോടെ കാത്തിരുന്നു കൈയില്‍ കിട്ടിയ ജീവന്റെ പാതിയെ പോലും വേണ്ടെന്നു വെച്ച് ജീവിതത്തില്‍ നിന്നും സ്വയം നിഷ്കാസിതയാവേണ്ടി വരുന്നവളുടെ മനസ്സ്. 

ഒരു പക്ഷേ,

ആ അച്ഛന്‍ കുറച്ചു കൂടി സ്നേഹം കൊടുത്തിരുന്നെങ്കില്‍- "എന്തു തന്നെയായാലും നീ എന്റെ മകള്‍ തന്നെയാണ്.നിന്നോടൊപ്പം ഞാനുണ്ടാവും" എന്നൊരു ഉറപ്പ് അവള്‍ക്കു തോന്നിയിരുന്നെങ്കില്‍....   
താലി കെട്ടിയ ഭര്‍ത്താവ് എങ്കിലും പിന്തുണച്ചിരുന്നെങ്കില്‍  - ലോകം മുഴുവന്‍ എതിരായിരുന്നാലും, സ്വന്തമെന്നു വിശ്വസിക്കുന്ന ആ ഒരാള്‍ അവളെ അറിഞ്ഞിരുന്നുവെങ്കില്‍....

അവള്‍ക്ക് സ്വന്തമായി ഒരു ജീവിതമാര്‍ഗം ഉണ്ടായിരുന്നെങ്കില്‍- എഞ്ചിനീയറിംഗ് ബിരുദ ധാരിയായിരുന്നു ദിവ്യ. ഒരു പക്ഷേ ഒരു ജോലി ഉണ്ടായിരുന്നുവെങ്കില്‍,സ്വന്തം കാലില്‍ നിന്ന്‌ കൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കാം എന്ന് തോന്നുമായിരുന്നോ? വിവാഹ മോചനങ്ങളുടെ ഒരു പ്രധാന കാരണം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് വിധിക്കുന്നവരെ, മരണത്തെക്കാള്‍ ഭേദമല്ലേ തനിച്ചുള്ള ജീവിതം?

കൂട്ടുകാര്‍-വിവാഹശേഷം വ്യക്തിപരമായ പല പല കാരണങ്ങള്‍ കൊണ്ടും കൂട്ടുകാരുടെ പ്രശ്നങ്ങള്‍ അറിയാതെ പോകുന്നവരാണ് നമ്മള്‍.എന്റെ സിസ്റ്റര്‍ രാവിലെ പറഞ്ഞു.."അവളെ എനിക്കൊന്നു വിളിക്കാന്‍ തോന്നിയിരുന്നെങ്കില്‍" എന്ന്... അതിനി പറഞ്ഞിട്ട് എന്തു കാര്യമെന്ന് ചോദിക്കാന്‍ തോന്നി...എങ്കിലും അവള്‍ ഒന്ന് വിളിച്ചിരുന്നെങ്കില്‍....

ഒരു പാട് എങ്കിലുകള്‍ അവശേഷിപ്പിച്ച് ഇന്നൊരു ദിവ്യ,ഇന്നലെ വേറെ ആരോ... ഇനിയുമാരൊക്കെ??