Tuesday, March 27, 2012

മൗനമേ....

എന്നും എപ്പോഴും ആദരവോടു കൂടിയല്ലേ ഞാന്‍ നിങ്ങളെ സമീപിച്ചിട്ടുള്ളൂ? അമൂല്യമാണെന്ന ബോധത്തോട് കൂടി വളരെ സൂക്ഷിച്ചല്ലേ ഞാന്‍ നിങ്ങളെ ഉപയോഗിച്ചിട്ടുള്ളൂ? എന്നിട്ടും എന്തിനാണ് വാക്കുകളേ, കിട്ടുന്ന ഏതൊരവസരവും പാഴാക്കാതെ എന്നെയിങ്ങനെ കീറി മുറിക്കുന്നത്?

പണ്ട് പ്രാണന്‍ പകുത്തു കൊടുത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. എന്നെ പോലെ തന്നെ വാക്കുകളെ പ്രണയിച്ചവന്‍ .ഞങ്ങള്‍ക്ക് വഴങ്ങാതെ മറ്റുള്ളവരുടെ പേനത്തുമ്പില്‍ നിന്നും അനര്‍ഗളം പ്രവഹിക്കുന്ന അക്ഷരങ്ങളെ കുശുമ്പോടെ എന്നോടൊപ്പം നോക്കി നിന്നവന്‍ .. വാക്കുകളെ ഇഷ്ടം പോലെയെടുത്ത് അമ്മാനമാടുന്നവരെ ആയിരുന്നു ഞങ്ങള്‍ ഈ ഭൂമിയില്‍ ഏറ്റവും ബഹുമാനിച്ചിരുന്നത്. അവരോടു മാത്രമായിരുന്നു അസൂയപ്പെട്ടത്‌.. . ഒന്നിച്ചു ജീവിക്കുന്ന കാലത്ത് തൊടി നിറച്ചും പന്തല്‍ കെട്ടി വളര്‍ത്തുന്ന കോവലിനെയും പയറിനെയും, നടുമുറ്റത്തിന്റെ ഒരരികിലെ കോലായില്‍ ഇരുന്ന് ചൂട് കാപ്പി ഊതിക്കുടിക്കുന്ന മഴക്കാല വൈകുന്നേരങ്ങളെയും സ്വപ്നം കണ്ടത് പോലെയായിരുന്നു അലമാരയില്‍ അടുക്കി നിറയ്ക്കുന്ന പുസ്തകങ്ങളെ കുറിച്ചും സങ്കല്‍പ്പിച്ചത്‌ .

കാലം എപ്പോഴുമെന്ന പോലെ മാന്ത്രിക വടി കൊണ്ടൊന്നുഴിഞ്ഞപ്പോള്‍ , പ്രണയം മഞ്ഞുപുതപ്പുമുപേക്ഷിച്ചു മാഞ്ഞു പോയി. അതു വരെ ദിവ്യമെന്നും അനര്‍ഘമെന്നും പാടിപ്പുകഴ്ത്തിയതൊക്കെ സമയം കളഞ്ഞ പാഴ്വേലകളായി. അതു വരെയുണ്ടായിരുന്ന വൈകാരിക സുരക്ഷിതത്വത്തിന്‍റെ ഉരുക്കു കവചം, പ്രണയം മൂലമുള്ള ഹരാസ്മെന്റ് ആയി...

ഹരാസ് ചെയ്യുക..നീണ്ട പല്ലുകളും ദംഷ്ട്രയും കാട്ടി, പിന്നീടുള്ള ഉറക്കമില്ലാ രാത്രികള്‍ക്ക് കൂട്ടായി വന്നു ആ വാക്ക്. നിലയില്ലാത്ത ആഴത്തിലേയ്ക്ക് എന്‍റെ കൈയും കാലും കെട്ടി വലിച്ചെറിഞ്ഞു കളഞ്ഞിട്ട് , മുഖമൊന്നുയര്‍ത്തിയൊരു കവിള്‍ ശ്വാസം പോലും എടുക്കാന്‍ അനുവദിക്കാതെ, നെറുകയില്‍ തന്നെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരുന്നു..... തനിച്ചു തന്നെ തുഴഞ്ഞു നീങ്ങേണ്ടി വരുന്ന കടലാഴങ്ങളിലെ അവസാന ആശ്രയങ്ങള്‍ പോലും വാക്കുകള്‍ വന്ന് തട്ടിയെറിഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ മുങ്ങി മുങ്ങി.........

പിന്നെയും കാലം പരീക്ഷണങ്ങളുമായി പിന്നാലെ തന്നെ കൂടുന്നു...

വണ്ടിയുടെ ചക്രം പോലെ വീണ്ടും കാലം അതേ നിമിഷത്തില്‍ എത്തിയിരിക്കുന്നു.. ഒരു പാട് അടികളേറ്റു പതം വന്ന് ചിലരുടെ മനസ്സൊക്കെ കാരിരുമ്പിന്റെ കരുത്തു കാട്ടുമെന്നത് കണ്ടു ഒരു നാള്‍ ഞാനുമെന്ന് മനസ്സ് മോഹിച്ചത് വെറുതേ. ഓരോ കുഞ്ഞു അക്ഷരക്കൂട്ടവും ഇപ്പോള്‍ അതിന്‍റെ മൂര്‍ച്ച കൊണ്ടെന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. സംരക്ഷണത്തിന്റെ ഉടുപ്പിട്ട് പറന്നു വന്നിരുന്ന മേഘസന്ദേശങ്ങളിലെ മൂന്നക്ഷരങ്ങള്‍ പോലും ഇപ്പോള്‍ ,പറയാതൊളിപ്പിച്ചു പിടിക്കുന്ന അര്‍ത്ഥ സാഗരങ്ങളെ കാണിച്ച് ഭീഷണിപ്പെടുത്തുന്നു...

"എങ്ങനെയുണ്ട് " എന്നു ആകുലപ്പെടുമ്പോള്‍ "ഒന്നുമില്ല" എന്ന മറു കുറിപ്പിനോടൊപ്പം വെറുതേ ചേര്‍ക്കുന്ന "plz" എന്നോട് മണിക്കൂറുകള്‍ പ്രസംഗിക്കുന്നുണ്ട്,ആ ജീവിതത്തില്‍ എന്നേ അധികപ്പറ്റായ എന്നെ കുറിച്ച്. ആരോടും ഒരു അറ്റാച്മെന്റും ഇല്ലെന്നു ഇടയ്ക്കിടെയ്കു ഉറക്കെ പറയുമെങ്കിലും എല്ലാരുമല്ലല്ലോ ഞാന്‍ എന്ന എന്‍റെ അഹങ്കാരത്തിന്‍റെ മുഖത്ത് തന്നെ കാറി തുപ്പും ഇത്തരം ത്രൈക്ഷരികള്‍ .

അങ്ങനെയാണല്ലോ മൗനം എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയാകുന്നത്...ഇനിയെന്നാണ് ഇല്ലാത്ത അര്‍ഥങ്ങള്‍ തേടിപ്പിടിച്ചെടുത്ത് ഇവളുമെന്നെ നോവിക്കാന്‍ തുടങ്ങുന്നത് എന്നെനിക്കറിയില്ലയെങ്കിലും, മൗനമേ നിന്നെ സ്നേഹിക്കുന്നു ഞാന്‍ .........