Tuesday, July 12, 2011

എങ്കില്‍......???

ഇന്നലെ രാത്രി അമ്മയെ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് ദിവ്യയെ കുറിച്ചു പറഞ്ഞത്. ദിവ്യ എന്റെ സിസ്റ്റര്‍ന്റെ കൂട്ടുകാരിയാണ്‌.അവളുടെ കല്യാണത്തിന്റെ തലേ ദിവസം ഒരു ഗിഫ്ടുമായി തന്റെ അമ്മയോടൊപ്പം സ്കൂട്ടിയില്‍ വന്ന അഞ്ചു മാസ ഗര്‍ഭിണിയുടെ, സന്തോഷമുള്ള മുഖം പെട്ടന്ന് ഞാനോര്‍ത്തു. വളരെ പ്രസരിപ്പോടെ, വിശേഷങ്ങള്‍ പറഞ്ഞിരുന്ന ഒരു മിടുക്കി.എന്താ അമ്മേ ഇപ്പോള്‍ വിശേഷിച്ച് എന്ന് ചോദിച്ചപ്പോഴാണ് ............ ആ കുട്ടി ഇന്നലെ ആത്മഹത്യ ചെയ്തു എന്ന് ...........

തന്റെ എട്ടു മാസം പ്രായമുള്ള മോളേക്കുറിച്ച്  പോലും ചിന്തിക്കാതെ, ജീവിതം ഒരു കഷ്ണം കയറിന്റെ തുമ്പില്‍ അവസാനിപ്പിക്കുമ്പോള്‍, എത്ര ശൂന്യതയാവും അവള്‍ അനുഭവിച്ചിട്ടുണ്ടാവുക? ഭര്‍ത്താവുമായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍, ഭര്‍തൃ മാതാവിന്റെ അസഹിഷ്ണുത,സ്വന്തമായ സാമ്പത്തിക അടിത്തറയില്ലായ്മ , സ്വന്തം പിതാവിന്റെ ഏകാധിപത്യ മനോഭാവം...ഇവയ്ക്കൊക്കെ അവസാനം അവള്‍ ഒരേയൊരു പരിഹാരം കണ്ടെത്തി...

പലപ്പോഴും തോന്നിയിട്ടുണ്ട്,സ്വന്തം ജീവിതത്തിനു മേല്‍ തൂങ്ങുന്ന കയര്‍ക്കുരുക്കുമായാണ് ഓരോ പെണ്‍കുട്ടിയും ജീവിക്കുന്നതെന്ന്.അവനവന്റെ വീട് എന്നത് പോലും അന്യമാവുന്ന പെണ്‍ വര്‍ഗം.സ്വയംഹത്യ എന്ന വെള്ളിയാംകല്ലിലേയ്ക്  ആകൃഷ്ടരായടുക്കുന്ന തുമ്പികളല്ല ഈ ജന്മങ്ങള്‍ എന്ന് അവരെ നിന്ദിക്കുന്നവര്‍ പലപ്പോഴും മറന്നു പോകുന്നു.അവള്‍ രക്ഷപെട്ടു, ആ കുഞ്ഞിനെപ്പോലും ഓര്‍ത്തില്ല എന്നൊരു സ്വാര്‍ത്ഥയുടെ മേല്‍വിലാസം ചാര്‍ത്തിക്കൊടുക്കുമ്പോള്‍,ഓര്‍ക്കേണ്ട ഒന്നുണ്ട്. പത്തുമാസം ആകാംക്ഷയോടെ , പ്രതീക്ഷയോടെ കാത്തിരുന്നു കൈയില്‍ കിട്ടിയ ജീവന്റെ പാതിയെ പോലും വേണ്ടെന്നു വെച്ച് ജീവിതത്തില്‍ നിന്നും സ്വയം നിഷ്കാസിതയാവേണ്ടി വരുന്നവളുടെ മനസ്സ്. 

ഒരു പക്ഷേ,

ആ അച്ഛന്‍ കുറച്ചു കൂടി സ്നേഹം കൊടുത്തിരുന്നെങ്കില്‍- "എന്തു തന്നെയായാലും നീ എന്റെ മകള്‍ തന്നെയാണ്.നിന്നോടൊപ്പം ഞാനുണ്ടാവും" എന്നൊരു ഉറപ്പ് അവള്‍ക്കു തോന്നിയിരുന്നെങ്കില്‍....   
താലി കെട്ടിയ ഭര്‍ത്താവ് എങ്കിലും പിന്തുണച്ചിരുന്നെങ്കില്‍  - ലോകം മുഴുവന്‍ എതിരായിരുന്നാലും, സ്വന്തമെന്നു വിശ്വസിക്കുന്ന ആ ഒരാള്‍ അവളെ അറിഞ്ഞിരുന്നുവെങ്കില്‍....

അവള്‍ക്ക് സ്വന്തമായി ഒരു ജീവിതമാര്‍ഗം ഉണ്ടായിരുന്നെങ്കില്‍- എഞ്ചിനീയറിംഗ് ബിരുദ ധാരിയായിരുന്നു ദിവ്യ. ഒരു പക്ഷേ ഒരു ജോലി ഉണ്ടായിരുന്നുവെങ്കില്‍,സ്വന്തം കാലില്‍ നിന്ന്‌ കൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കാം എന്ന് തോന്നുമായിരുന്നോ? വിവാഹ മോചനങ്ങളുടെ ഒരു പ്രധാന കാരണം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് വിധിക്കുന്നവരെ, മരണത്തെക്കാള്‍ ഭേദമല്ലേ തനിച്ചുള്ള ജീവിതം?

കൂട്ടുകാര്‍-വിവാഹശേഷം വ്യക്തിപരമായ പല പല കാരണങ്ങള്‍ കൊണ്ടും കൂട്ടുകാരുടെ പ്രശ്നങ്ങള്‍ അറിയാതെ പോകുന്നവരാണ് നമ്മള്‍.എന്റെ സിസ്റ്റര്‍ രാവിലെ പറഞ്ഞു.."അവളെ എനിക്കൊന്നു വിളിക്കാന്‍ തോന്നിയിരുന്നെങ്കില്‍" എന്ന്... അതിനി പറഞ്ഞിട്ട് എന്തു കാര്യമെന്ന് ചോദിക്കാന്‍ തോന്നി...എങ്കിലും അവള്‍ ഒന്ന് വിളിച്ചിരുന്നെങ്കില്‍....

ഒരു പാട് എങ്കിലുകള്‍ അവശേഷിപ്പിച്ച് ഇന്നൊരു ദിവ്യ,ഇന്നലെ വേറെ ആരോ... ഇനിയുമാരൊക്കെ??

6 comments:

  1. ഇനിയിപ്പോ എങ്കിലും പങ്കിലും ഒന്നുമില്ല്യ ഗൗരീ.
    എങ്കിലും, എനിക്കീ കഥ (കഥയോ, അനുഭവമോ?) ഇഷ്ട്ടപ്പെട്ടു. കൊള്ളാം......

    ReplyDelete
  2. "കഥയല്ലിതു ജീവിതം"...:(

    ReplyDelete
  3. തന്റെ എട്ടു മാസം പ്രായമുള്ള മോളേക്കുറിച്ച് പോലും ചിന്തിക്കാതെ, ജീവിതം ഒരു കഷ്ണം കയറിന്റെ തുമ്പില്‍ അവസാനിപ്പിക്കുമ്പോള്‍, എത്ര ശൂന്യതയാവും അവള്‍ അനുഭവിച്ചിട്ടുണ്ടാവുക?

    ReplyDelete
  4. ആ കുഞ്ഞിനെപ്പോലും ഓര്‍ത്തില്ല എന്നൊരു സ്വാര്‍ത്ഥയുടെ മേല്‍വിലാസം ചാര്‍ത്തിക്കൊടുക്കുമ്പോള്‍,ഓര്‍ക്കേണ്ട ഒന്നുണ്ട്. പത്തുമാസം ആകാംക്ഷയോടെ , പ്രതീക്ഷയോടെ കാത്തിരുന്നു കൈയില്‍ കിട്ടിയ ജീവന്റെ പാതിയെ പോലും വേണ്ടെന്നു വെച്ച് ജീവിതത്തില്‍ നിന്നും സ്വയം നിഷ്കാസിതയാവേണ്ടി വരുന്നവളുടെ മനസ്സ്.

    ReplyDelete
  5. അമ്മ പറഞ്ഞു പിന്നെ അതിന്റെ ബാക്കി..അസഹനീയമായ ജീവിതം നേരത്തേ അവസാനിപ്പിച്ചവള്‍ക്ക് ഭ്രാന്തായിരുന്നു എന്ന് സമൂഹം തിരിച്ചറിഞ്ഞു എന്ന്..... അതോടൊപ്പം അമ്മ ഇത്രയും കൂട്ടിച്ചേര്‍ത്തു "ഒന്നുകില്‍ മരിച്ചവള്‍ക്ക് അല്ലെങ്കില്‍ അതിന്‌ കാരണക്കാര്‍ ആയവര്‍ക്ക് ഭ്രാന്തായിരുന്നു എന്ന് വിധിച്ചാല്‍ പിന്നെ എല്ലാം നീതിപൂര്‍വ്വം ആയല്ലോ" ....

    ReplyDelete
  6. ഇവിടെയാര്‍ക്കാന് ഭ്രാന്തില്ലാത്തത്?

    ReplyDelete