Tuesday, June 14, 2011

ചെഗുവേര

ഇതു പോലെ മഴ നിറഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ച പകല്‍ ആയിരുന്നു അത്.ഹാള്‍ലെ സോഫയുടെ ഹാന്‍ഡ്‌റസ്റ്റ്‌ല്‍ തലയുയര്‍ത്തി വെച്ച് കിടന്ന് അച്ഛന്‍ ഒരു പുസ്തകം വായിക്കുന്നു.പുറംചട്ടയില്‍ തടിയന്‍ ചുരുട്ട് കടിച്ചു പിടിച്ചിരിക്കുന്ന,തീക്ഷ്ണമായ കണ്ണുകളുള്ള ഒരു സുന്ദരന്‍. പലപ്പോഴും അച്ഛന്റെ കൈയില്‍ ഇതേ മുഖം പതിഞ്ഞിരിക്കുന്ന പല പുസ്തകങ്ങളും കാണാറുണ്ട്‌.ആ കണ്ണുകളോടു തോന്നിയ ഇഷ്ടം കൊണ്ടാണ് അതാരെന്ന് അച്ഛനോടു ചോദിച്ചത്.

ആദ്യമായി ഞാന്‍ ആ പേര് കേട്ടു."ചെ"....ചെ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഏണസ്ടോ ഗുവേര ഡി ലാ സെര്‍ന.അച്ഛന്‍ അന്ന് ചെ യെക്കുറിച്ച് ഒരു പാട് സംസാരിച്ചു. ഏതോ ഒരു വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോഴെന്നതു പോലെ അച്ഛന്റെ ശബ്ദം ആവേശത്തോടെ ഉയരുന്നുണ്ടായിരുന്നു. എന്റെ മുന്നില്‍ ഒരു തിരശ്ശീലയിലെന്ന വണ്ണം ചെയുടെ ലാറ്റിന്‍ അമേരിക്കന്‍,ക്യുബന്‍ യാത്രകള്‍.. ഫിദലുമായുള്ള കൂടിക്കാഴ്ച... ഒടുവില്‍ ബൊളീവിയന്‍ കാടുകളിലെ അവസാന നാളുകള്‍... ഒരു വന്യ മൃഗത്തെ വേട്ടയാടിപ്പിടിക്കും പോലെ ബൊളീവിയന്‍ ആര്‍മി റേന്‍ജര്‍മാര്‍ അദ്ദേഹത്തെ നിരായുധനാക്കി കീഴടക്കുന്നത്‌ ഞാന്‍ കണ്ടു..ഏതു നാട്ടുകാരനെന്ന ചോദ്യത്തിനുള്ള പുച്ഛം നിറഞ്ഞ ചിരി ഞാന്‍ കേട്ടു....

"ഇന്ന് നീ കൊല്ലുന്നത് ഒരു മനുഷ്യനെയാണ്‌" എന്ന മരിയെ ടെറാനോടുള്ള ചെയുടെ അന്ത്യ വാചകത്തില്‍ അച്ഛന്റെ വാക്കുകള്‍ ഒരല്‍പം ഇടറിയോ?അപ്പോഴേയ്കും ചുവന്ന കണ്ണുകളിലെയ്കു നോക്കി പിന്നെയൊന്നും ചോദിക്കാന്‍ തോന്നിയില്ല. ആദ്യം കൈയും കാലും പിന്നെ മാനവ രാശിയോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞ നെഞ്ചും തകര്‍ത്തു പാഞ്ഞു കയറിയ എണ്ണമറ്റ വെടിയുണ്ടകള്‍...എന്റെ കണ്ണുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി..അന്ന് മുതല്‍ ഞാന്‍ ചെയുടെ ഏറ്റവും കടുത്ത ആരാധികയായി...4 comments:

 1. ഇതു ചെയെ ഞാനാദ്യം കേട്ടത് ഓര്‍ത്തത്‌ മാത്രമാണ്.അദ്ദേഹത്തെ കുറിച്ച്,പ്രവര്‍ത്തന മേഖലയെ കുറിച്ചെഴുതാന്‍ ഞാനാളല്ല..അതിനീ പോസ്ടോ ബ്ലോഗോ പോരാ താനും..ധീരനായ ആ മനുഷ്യ സ്നേഹിയുടെ എണ്‍പത്തി മൂന്നാം ജന്മദിനത്തില്‍ വെറുതേ ഞാനും ഓര്‍ക്കുന്നു.....

  ReplyDelete
 2. ഞാനും ചെയുടെ എക്കാലത്തേയും വലിയ ഒരു ആരാധകന്‍ ആണ്‌. എന്നെ സംബന്ധിച്ചിടത്തോളം യേശു ക്രിസ്തുവും ചെഗുവേരയും ലോകം കണ്ട എറ്റവും വലിയ മനുഷ്യ സ്നേഹികളാണ്‌.(മാര്‍ഗ്ഗം രണ്ടായിരുന്നെങ്കിലും) നല്ല പോസ്റ്റ്...

  വനിതാ ബ്ലോഗര്‍മാരുടെ പ്രണയ കവിതകള്‍ വായിച്ച് ബോറടിച്ചപ്പോള്‍ കണ്ട നല്ല ബ്ലോഗ്‌. ആശംസകള്‍....

  ReplyDelete
 3. പോസ്റ്റുകള്‍ക്ക് കമന്റുകള്‍ കുറവാണല്ലോ? (ഇല്ല എന്ന് തന്നെ തോന്നുന്നു..) അതെന്താ അങ്ങനെഓ പ്രണയം വിഷയമല്ലാത്തതു കൊണ്ടായിരിക്കും.. ഹ ഹാ..

  പക്ഷേ എനിക്കിഷ്ട്ടം ഇത്തരം എഴുത്തുകളാണ്.
  ഇനി ഇടയ്ക്കിടയ്ക്ക ഞാന്‍ കമന്റ് ഇടാം കേട്ടോ.. :)

  ReplyDelete
 4. പ്രണയത്തെ കുറിച്ച് എഴുതില്ല എന്നൊരു വാശിയും എനിക്കില്ല റിജോ...(ഇതൊരു മുന്നറിയിപ്പ് കൂടിയാണ്,ചിലപ്പോള്‍ എഴുതിക്കളയും ന്ന്)..പിന്നെ,വിഷയം പ്രണയമാണെങ്കില്‍ ആസ്വാദകര്‍ കൂടും എന്നത് സത്യമാണ്.കാരണം അത് ആര്‍ക്കും മടുക്കില്ലല്ലോ?? ഞാന്‍ എപ്പോഴും പ്രണയികളുടെ കുറിപ്പുകള്‍,കവിതകള്‍ ആസ്വദിക്കാറുണ്ട്....
  (പിന്നെ വെറുതേ നന്നായി ന്ന് പറഞ്ഞു പോകാതെ വിമര്‍ശനങ്ങളും പോരട്ടെ ന്ന്...ചിലപ്പോള്‍ ഞാന്‍ നന്നായാലോ???)

  ReplyDelete