Saturday, June 18, 2011

ജൂണ്‍ 18


പലതും പറഞ്ഞ കൂട്ടത്തില്‍ അമ്മ പറഞ്ഞു, മോഹന്‍ മാമന്‍ വിളിച്ചിരുന്നു.

മോഹന്‍ മാമന്‍.....അടഞ്ഞു കിടന്ന ഓര്‍മ്മകളുടെ കോട്ട തുറക്കുന്ന താക്കോലായി മാറി പെട്ടന്ന് ആ പേര്..മനസ്സിലേയ്ക് തേക്കടിയിലെ തണുപ്പന്‍ പ്രഭാതത്തിന്റെ നനുത്ത ഓര്‍മ്മ. മഞ്ഞു പുതച്ചു കിടക്കുന്ന വഴികള്‍.. വീട് തോറും നടന്നു പൂ വില്‍ക്കുന്ന തമിഴ് സുന്ദരിയുടെ മൂക്കുത്തിയിലെ നീലക്കല്ലിന്റെ തിളക്കം.പിന്നെ,അച്ഛന്‍....!!!

അച്ഛനെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും പലപ്പോഴും...പക്ഷേ ബോധമെന്നാല്‍ എനിക്ക് അച്ഛന്‍ തന്നെയാവും എപ്പോഴും. ഓരോ ആളുകളെ ഓര്‍ക്കുമ്പോള്‍ തുറക്കുന്നതും അച്ഛനിലേക്കെത്തുന്ന ഓരോ ജനാലകള്‍..മോഹന്‍ മാമന്‍ എന്നത് ഒരു ചുവന്ന ജനാലയാണ്. എഴുപതുകളുടെ അവസാന പാദത്തിലും എണ്പതുകളിലും അച്ഛന്‍ ജീവിച്ച ട്രേഡ് യുണിയന്‍ കാലം.. അതില്‍പ്പെട്ടു അരക്ഷിതമായ അച്ഛന്റെ ഔദ്യോഗിക ജീവിതം... കാമുകിയെ  ഉപേക്ഷിക്കാന്‍ തീരുമാനിച്ച നിരാശാ പ്രണയകാലം... കാമുകിയെ ഭാര്യയാക്കിയ ശേഷമുള്ള കുടുംബ ജീവിതകാലം...എവിടെയും കൂടെയുണ്ടായിരുന്നു മോഹന്‍ മാമന്‍.

പോസ്റല്‍ ജീവനക്കാരുടെ ട്രേഡ് യുണിയന്‍ ആയ എന്‍.എഫ്.പി.ടി.ഇ യുടെ ഇടുക്കിയിലെ സ്ഥാപക നേതാക്കന്മാരില്‍ ഒരാളായിരുന്നു എന്റെ അച്ഛന്‍. സ:ടി.പി.സോമന്‍. ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് അച്ഛനും ശ്രമിച്ചത്.അതിന്റെ ഭാഗമായി സ്വന്തം ജോലി നഷ്ടപ്പെട്ടതൊന്നും അച്ഛനൊരു പ്രശ്നമായിരുന്നില്ല. അന്ന് ഉപജീവനത്തിന് വേണ്ടി ഒരു ബുക്ക്‌ സ്ടാള്‍ തുടങ്ങാന്‍ പാര്‍ടി അച്ഛനെ സഹായിച്ചു. ജോലി തിരികെ കിട്ടിയപ്പോള്‍ ഒരുമിച്ചു കിട്ടിയ ശമ്പളക്കുടിശ്ഷിഖയുടെ പാതി കൊടുത്ത്  യുണിയനു വേണ്ടി ഓഫീസ് തുടങ്ങാനുള്ള സ്ഥലം വാങ്ങി അച്ഛന്‍ ആ കടം വീട്ടുകയും ചെയ്തു.   

സ്വന്തം പ്രണയത്തിന്റെ കാര്യം വന്നപ്പോഴും അച്ഛന് മുന്‍‌തൂക്കം തന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. അച്ഛന്റെ സഹജീവി സ്നേഹത്തിനു വേണ്ടി ബലിയാടാവേണ്ട ഒരവസ്ഥയും അച്ഛനെ പ്രണയിച്ചതിന്റെ  പേരില്‍ മാത്രം അമ്മയ്കുണ്ടായി.അമ്മയുടെ സമരം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു.അത് അമ്മ നേടുകയും ചെയ്തു.എന്നാല്‍,അച്ഛന്റെ സമരങ്ങള്‍ പലരിലൂടെ ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

ജീവിതത്തില്‍ എന്താവുന്നതിലും പ്രധാനം ഒരു നല്ല മനുഷ്യനാവുകയെന്നാണ് എന്നു എന്നെ പഠിപ്പിച്ചത് അച്ഛനാണ്.പുസ്തകങ്ങളെ എന്റെ കൂട്ടുകാരാക്കിയതും അച്ഛനാണ്. കവിതകള്‍ ചൊല്ലി കവികളെ പരിചയപ്പെടുത്തിയതും അച്ഛന്‍ തന്നെ. (ഒരു നാലു വയസ്സുകാരിയുടെ കൈയിലേക്ക്‌ തടിയന്‍ പുസ്തകങ്ങള്‍ എടുത്തു തരുമ്പോള്‍ അമ്മ അതിശയിക്കുമായിരുന്നു.ഒരു പക്ഷേ അച്ഛന്‍ തന്റെ ജോലികള്‍ നേരത്തേ തീര്‍ത്തതാവാം ).

സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ചത് അച്ഛനാണ്.....എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്‍...

എത്ര കുറച്ചായിരുന്നു അച്ഛന്‍ എന്റെയൊപ്പം ഉണ്ടായിരുന്നത്..!!!പക്ഷേ എത്ര കൂടുതലാണ് അച്ഛന്‍ എന്നില്‍ അവശേഷിപ്പിച്ചത്...!!!

ഇന്ന് അച്ഛന്റെ ഇരുപത്തിമൂന്നാം ചരമ വാര്‍ഷിക ദിനം....

No comments:

Post a Comment