Thursday, August 9, 2012

എരിഞ്ഞു തീരാത്തത്




വെറുതെയിരുന്നപ്പോള്‍ നമതു വാഴ്വും കാലത്തിലൂടെയൊന്നു സഞ്ചരിച്ചു.ഓര്‍മ്മകള്‍ എപ്പോഴും ചങ്ങലകള്‍ പോലെയാണല്ലോ?"നഗരത്തില്‍ വിറകടുപ്പ് കണ്ടിത്ര കാലമായി" പഴയ ഒരു പോസ്റ്റിലെ ഈ വാചകത്തില്‍ തൂങ്ങി പിന്നെയേതൊക്കെയോ വഴികളിലൂടെ..

അച്ഛനും കൂടിയുണ്ടായിരുന്ന കാലത്തൊന്നും അടുക്കളയ്ക്ക് പുകയൊഴിഞ്ഞു സ്വതന്ത്രയാകാന്‍ ഭാഗ്യമുണ്ടായില്ല. പല വാടക വീടുകളിലുമായി പല പല അടുക്കളകള്‍ ഞങ്ങള്‍ക്ക് സ്വന്തമായെങ്കിലും എല്ലായിടത്തും അമ്മയോടൊപ്പം അച്ഛനെപ്പോലെ തന്നെ വിറകടുപ്പാണ് ഉണ്ടായിരുന്നത്. ഒന്നിച്ചു പാചകിക്കുന്നതിന്റെ സന്തോഷത്തിലാവണം അമ്മയ്ക്ക് പുക നിറഞ്ഞ അടുക്കളകള്‍ ഭാരമാകാതിരുന്നതും ഞങ്ങളുടെ വീട്ടില്‍ ഒരു ഗ്യാസ് അടുപ്പ് എത്താതിരുന്നതും. അമ്മയ്ക്കോ അച്ഛനോ കൂടുതല്‍ കൈപ്പുണ്ണ്യം എന്നെനിക്കറിയില്ല,ഏതു ഭക്ഷണവും ഹൃദ്യമായിരുന്നു എന്നു മാത്രം...

പിന്നീട് അച്ഛന്‍ പോയി.അമ്മയ്ക്ക് അടുക്കള ഒറ്റയ്ക്ക് നോക്കേണ്ടി വന്നു.ഒപ്പം ഞങ്ങള്‍ രണ്ടു കുഞ്ഞിക്കുട്ടികള്‍ .. അച്ഛന്‍റെ മരണത്തിനു പകരം കിട്ടിയ ജോലി.. ദൂരെയുള്ള ഓഫീസ്,യാത്ര,തിരക്കുകള്‍ ...

പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായി.. കിണറിനു പമ്പ്‌ ഉണ്ടായി..അരകല്ലിനോടും ആട്ടുകല്ലിനോടും വിടപറഞ്ഞു. അടുക്കളയില്‍ നിന്നും പുകയൊഴിഞ്ഞ് മിന്നുന്ന സ്റ്റീല്‍ തിളക്കവുമായി ഗ്യാസ് സ്ട്ടൌ എത്തി. 

പക്ഷേ പിന്നെയൊരിക്കലും അമ്മയുടെ പാചകത്തിന് പഴയ രുചിയുണ്ടായില്ല.അച്ഛനോടോപ്പമോ പുകയോടൊപ്പമോ എന്നറിയില്ല ആ രുചിയും എന്നേയ്ക്കുമായി പടിയിറങ്ങിപ്പോയി.

എപ്പോഴുമൊന്നും വീട്ടിലുണ്ടാവാന്‍ കഴിയാറില്ല.എങ്കിലും അമ്മയോടൊപ്പമുള്ള എല്ലാ അവസരങ്ങളിലും ഞാന്‍ പഴയ മണ്‍പാത്രങ്ങള്‍ കഴുകിയെടുക്കുന്നു.അവിയലിന് തേങ്ങ അരകല്ലില്‍ തന്നെ അരച്ചെടുക്കുന്നു..അമ്മമ്മയുടെ കൈപ്പുണ്ണ്യം അപ്പാടെ കിട്ടിയ കൊച്ചുമോളെന്ന പുകഴ്ത്തലില്‍ സന്തോഷിക്കുന്നു..

എങ്കിലും എവിടെയോ എനിക്കെന്‍റെ പഴയ രുചി നഷ്ടമായിരിക്കുന്നു..

(ചിത്രം ഗൂഗിളില്‍ നിന്നും)
"നമതു വാഴ്വും കാലം"  http://disorderedorder.blogspot.in/2010/03/blog-post_23.html

4 comments:

  1. എഴുത്തിഷ്ടമായി!
    ആശംസകള്‍!!

    ReplyDelete
  2. നന്ദി ഗന്ധര്‍വരേ....:)

    ReplyDelete
  3. ഇന്നും ഞങ്ങളുടെ വീട്ടില്‍..അരകല്ലും ,ആട്ടുകല്ലും,മണ്‍ചട്ടിയും,വിറകടുപ്പും ഒക്കെത്തന്നെയാണ് പാചകത്തിന് അതുകൊണ്ടായിരിക്കും ഞാന്‍ വീട്ടിലെ ആഹാരത്തിനോട് വലിയ ആര്‍ത്തിക്കാരനായത്..:))

    ReplyDelete
  4. ഹൃദയത്തെ സ്പർശിച്ച എഴുത്തുകാരിക്ക്.. അഭിനന്ദനങ്ങൾ 

    ReplyDelete