Wednesday, August 17, 2011

"വല്യമ്മച്ചി"


അച്ഛന്റെ വീട്ടിലേയ്ക്‌ ഒരു പതിവ് സന്ദര്‍ശനത്തിനു പോയതാണ് ഞാന്‍. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കിട്ടിയ അവധി അവിടെയാകാം ന്ന് കരുതി.കസിന്‍ കുട്ടികളോടും മറ്റുള്ളവരോടും വിശേഷങ്ങള്‍ പങ്കു വെയ്കുമ്പോഴാണ്  അച്ഛന്റെ അനിയത്തി പറഞ്ഞത്..."ഇന്നലെ എല്ലാവരെയും വരുത്തണമെന്ന് കരുതിയതാണ്.വല്യമ്മച്ചിയ്ക്  തീരെ വയ്യായിരുന്നു."
 
വല്യമ്മച്ചി എന്ന് ഞാന്‍ വിളിക്കുന്നത്‌ അച്ഛമ്മയെ ആണ്‌.കുറച്ചു നാളുകളായി അത്ര നല്ല ആരോഗ്യാവസ്ഥയിലല്ല ആ എണ്പതുകാരി. വല്യമ്മച്ചിയുടെ ഏഴു മക്കളില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു  എന്റെ അച്ഛന്‍.  ഏഴു മക്കളിലും വല്യമ്മച്ചിയ്ക്  ഏറ്റവും ഇഷ്ടം അച്ഛനോടായിരുന്നു എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.അച്ഛന്റെ ഡിറ്റൊയെന്ന്  തോന്നിയത് കൊണ്ടാവണം എന്നെയും ഒരു പാടിഷ്ടമാണ് പുള്ളിക്കാരിയ്ക്.....
 
വീടിന്റെ ചുവരില്‍ പണ്ട് ഫ്രെയിം ചെയ്തു തൂക്കിയിട്ടിരുന്ന കുറേ ഏറെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു, കമ്യൂണിസ്റ്റ് ആചാര്യന്മാരായ ലെനിന്റെയും ഏംഗല്‍സിന്റെയും  മറ്റും.. ആ നിരയില്‍ ഒരറ്റത്ത് കമഴ്ന്നു കിടന്ന് തല പൊക്കി കരയുന്ന ഒരു കുഞ്ഞാവയുണ്ടായിരുന്നു. കാലക്രമത്തില്‍ ആചാര്യന്മാരൊക്കെ പടിയിറങ്ങി...ആ കുഞ്ഞാവ ഇപ്പോഴും അവിടെ തന്നെ കരഞ്ഞു കിടക്കുന്നുണ്ട്. അതാണ്‌ ഞാന്‍ ....:) കൊച്ചുമക്കളില്‍ എനിക്ക് മാത്രമേ ആ ചുമരില്‍ സ്ഥാനം പിടിക്കാനായുള്ളൂ എന്നത് എന്റെ സ്വകാര്യ അഹങ്കാരം...:)
 
എപ്പോള്‍ ചെന്നാലും കുറേ സമയം ഒന്നിച്ചു ചെലവഴിക്കാറുണ്ട് വല്യമ്മച്ചിയോടൊപ്പം  .. അച്ഛന്റെ കുട്ടിക്കാല സ്വഭാവത്തെ കുറിച്ചൊക്കെ  വല്ലാതെ വാചാലയാവും വല്യമ്മച്ചിയപ്പോള്‍. ഏറ്റവുമൊടുവില്‍ പതിവു പോലെ ഒരു ദീര്‍ഘ നിശ്വാസത്തിന്റെ അകമ്പടിയോടെ പറയും "എല്ലാ രാത്രികളിലും ഈ മുറിയുടെ വാതിലില്‍ വന്നു നില്‍ക്കാറുണ്ട് നിന്റെ അച്ഛനും വല്യച്ചനും. .  ഉള്ളിലേയ്ക് കടക്കാറുമില്ല, എന്നെ കൂടെ വിളിക്കാറുമില്ല... ഇനിയും എന്നാണാവോ???"  മുഴുമിപ്പിക്കാതെ പാതിയില്‍ നിര്‍ത്തുന്ന വാചകത്തിനൊടുവില്‍, ബലമായി ചേര്‍ത്തു പിടിച്ചിരിക്കുന്ന എന്റെ കൈയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീണു ചിതറും. വല്ലാതെ നിശബ്ദയായി പോകും ഞാനും...
 
വല്യമ്മച്ചിയുടെ മുറിയിലേയ്ക് കല്യാണിയും വന്നു ഒപ്പം..എന്റെ നാലു വയസ്സുകാരി അനിയത്തിക്കുട്ടി. അവളുടെ കൈയില്‍ വല്യമ്മച്ചിയ്കായി കരുതിയ ഒരു ബിസ്കറ്റ്... കട്ടിലില്‍ പതിഞ്ഞു കിടക്കുന്ന ഒരു  മെലിഞ്ഞ രൂപം. പഞ്ഞി പോലെ നരച്ച മുടി പറ്റെ വെട്ടിയിരിക്കുന്നു.ഉറങ്ങുകയാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല മോളേ ന്നും പറഞ്ഞ് എഴുനേല്‍ക്കാനായി  ശ്രമം. പിന്നീടുള്ള കുശലങ്ങള്‍ക്കിടയില്‍ മനസ്സിലായി , വാര്‍ധക്യം ആ മനസ്സിലെ ഓര്‍മ്മകളെയും പതിയെ തുടച്ചു കളയാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ, ഒരു തലമുറയുടെ ഓര്‍മ്മകളാണ് മാഞ്ഞു പോകുന്നത്. ജീവിതത്തില്‍ ഒന്നും സ്വന്തമാക്കാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത പാവത്തിന് ഇപ്പോള്‍ ആകെയുണ്ടായിരുന്ന ഇത്തിരി സ്വത്തും....
 
പേര് പറഞ്ഞിട്ടും തിരിച്ചറിയുന്നില്ലല്ലോ എന്നൊരു സങ്കടം തിര പോലെ വന്നെന്നെ വിഴുങ്ങി. എന്റെ സ്വത്വമാണ്‌ നഷ്ടമാവുന്നത്. ഞാനാരുമല്ലാതായി തീരും പോലെ.. അടുത്തിരുന്നപ്പോള്‍ വെറുതേ ആ ചുളിഞ്ഞു കിടക്കുന്ന വയറില്‍ കൈ വെച്ചു. എന്റെ അച്ഛനെ പത്ത് മാസം ചുമന്ന വയര്‍....വല്ലാതെ ഒട്ടിക്കിടക്കുന്നു...
 
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,പരസ്പര വിരുദ്ധമായി...പലതും ഞാന്‍ കേട്ടില്ല. എന്റെ കണ്ണില്‍ പല ചിത്രങ്ങള്‍ തെളിഞ്ഞു. പണ്ടെന്നോ രാത്രികളില്‍ കൈകള്‍ ചേര്‍ത്തു പിടിച്ചു "ഉറുമ്പുറുമ്പ് " കളിപ്പിച്ചു ഇക്കിളിയാക്കി ചിരിപ്പിച്ചത്....."കാട്ടില്‍ പോകാം,വീട്ടില്‍ പോകാം, കാടനേം പൂച്ചേം കണ്ടാല്‍ പേടിക്കുമോ" ന്നും ചോദിച്ചു കണ്ണില്‍ ഊതുന്നത്‌. വല്ലപ്പോഴും മാത്രം നാട്ടിലെത്തുന്ന പരദേശിക്കുട്ടിയായിരുന്നു ഞാന്‍. താഴൂരമ്പലത്തിലെ  പറയെടുപ്പ് വരുമ്പോള്‍ ചെണ്ട കൊട്ടെന്നാല്‍ ഉത്സവം എന്ന മഹത്തായ അറിവും വെച്ച്  "സ്പ്രിംഗ് വള വേണേ" ന്നും പറഞ്ഞ് കരയും. എന്നെ പറ്റിക്കാനായി ചെണ്ട കൊട്ടുന്നയാളുടെ കൈയില്‍ ഒരു രൂപ കൊടുത്തിട്ട് "എന്റെ മോള്‍ അമ്പലത്തില്‍ വരുമ്പോള്‍ വള കൊടുക്കണം ട്ടോ"  എന്നും പറഞ്ഞ് സമാധാനിപ്പിച്ചത്.......  ചെമ്പകത്തോട്ടില്‍ കുളിക്കാന്‍ പോകുമ്പോള്‍ തോട്ടില്‍ നിന്നും തലയില്‍ വിളക്കുള്ള മാനത്തുകണ്ണികളെ പിടിച്ചു സോപ്പ് പെട്ടിയുടെ അടപ്പില്‍ ഇട്ടു തരുന്നത്..എല്ലാം ഒരു തിരശീലയിലെന്ന വണ്ണം മിന്നി മറഞ്ഞു...
 
സംസാരിച്ചു  കൊണ്ടിരിക്കെ തന്നെ മയക്കത്തിലായി വല്യമ്മച്ചി..കണ്ണുകളെ നിദ്ര കീഴ്പെടുത്തുമ്പോഴും  നനുത്ത പിറുപിറുക്കലുകള്‍.. കണ്‍കോണിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍.. ഉറക്കം ഞെട്ടാതെ നെറ്റിയില്‍ ഒരുമ്മ വെച്ച് തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ കണ്ണുകളും വല്ലാതെ ......................

5 comments:

 1. നന്നായിട്ടുണ്ടു...................!ലേശം വിഷമണ്ടാക്കി ട്ടോ.

  ReplyDelete
 2. കുറച്ചല്ല നന്നായിത്തന്നെ വിഷമിപ്പിച്ചു ....

  ReplyDelete
 3. ചിലരുടെ നഷ്ടങ്ങളില്‍ നമുക്ക് ഇല്ലാതാവുന്നത് നമ്മെത്തന്നെയാണ്. നല്ല കുറെ ഓര്‍മ്മകള്‍ ഉണ്ടല്ലോ നമുക്ക്... അത് മതി..
  ഓര്‍മച്ചിത്രങ്ങളായി മാറും ഒരു നാള്‍ നാമെല്ലാം...
  എങ്കിലും ........
  തിരിച്ചു പോവാന്‍ കഴിഞ്ഞെങ്കില്‍......,, ഭൂതകാലത്തിലേക്ക്.......

  ReplyDelete
 4. തീരെ വയ്യാതായിരിക്കുന്നു ഇപ്പോള്‍ ......:(

  ReplyDelete