Monday, March 28, 2011

ചില പാട്ടോര്‍മ്മകള്‍

രാവിലെ ഉണര്‍ന്നെഴുനേറ്റു വരുമ്പോഴേ ചില പാട്ടുകള്‍ വന്നു ചുണ്ടില്‍ കയറിയങ്ങു പറ്റിപ്പിടിക്കും. ഏറെ പ്രിയപ്പെട്ട പാട്ടുകളില്‍ ഏതെങ്കിലും ആവും അത്.പക്ഷേ കുറച്ചു കഴിയുമ്പോഴെയ്കും പാടി പാടി മടുത്തു പോവാറും ഉണ്ട്. പലപ്പോഴും കാലഘട്ടങ്ങളെ കൂടി സമ്മാനിക്കും പാട്ടോര്‍മ്മകള്‍..

ചില റാഫി-കിഷോര്‍ -സൈഗാള്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തേക്കടിയിലെ പോസ്റ്റ്‌ ഓഫീസ് ക്വാര്‍ട്ടേഴ്സിലെ മഞ്ഞു പുതച്ച തണുത്ത പ്രഭാതങ്ങളെ തിരിച്ചു പിടിക്കും.ഉണരുന്നത് അച്ഛന്‍റെ ചില ഈണങ്ങള്‍ കേട്ടു കൊണ്ടായിരിക്കും. അടുക്കളയില്‍ അമ്മയോടൊപ്പം ജോലി ചെയ്യുന്ന അച്ഛന്‍ എപ്പോഴും പഴയ പാട്ടുകള്‍ ആവും മൂളുക."സുഹാനി രാതും" "മേരെ നൈനയും" പതുക്കെ വന്നെന്നെ വിളിച്ചുണര്‍ത്തും.. ചെറിയ ശബ്ദത്തില്‍ റേഡിയോയും പാടുന്നുണ്ടാവും.

കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടകവീട്ടിലെ രാവിലെകള്‍ വല്ലാതെ തിരക്ക് പിടിച്ചതായിരുന്നു. ആദ്യം ആശാന്റെ കളരിയിലും പിന്നീട് സ്കൂള്‍ ലുമായി വിദ്യാഭ്യാസം ആരംഭിച്ച സമയം.എട്ടു മണിക്ക് സ്കൂള്‍ല്‍ എത്തണം.പേസ്റ്റ് പുരട്ടിയ ബ്രഷുമായി അലക്ക് കല്ലില്‍ കയറിയിരുന്നു സ്വപ്നം കാണുന്ന എനിക്ക് അടുക്കളയിലെ പാട്ടുകളും കുഞ്ഞുമോളുടെ വാശികളും അമ്മയുടെ വഴക്കുകളും മറ്റേതോ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ പോലെയായിരുന്നു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയോ ബഹളം വെയ്ക്കുകയോ ചെയ്യുമ്പോഴാകും റേഡിയോ യില്‍ "അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്നു" .എന്തോ വല്ലാത്ത ചിരി വരും എനിക്കാ പാട്ട് ഇപ്പോള്‍ കേള്‍കുമ്പോള്‍ പോലും.പൊട്ടിച്ചിരിക്കുന്ന എന്നെ അച്ഛന്‍ അന്ന് ഇക്കിളിയാക്കി പിന്നെയും ചിരിപ്പിക്കുന്ന ഓര്‍മ. "ശാന്ത രാത്രി തിരു രാത്രി" എനിക്ക് ക്രിസ്മസ് ഓര്‍മകളെകാള്‍ കൂടുതലായി സതി ചേച്ചി ഗ്രൂപ്പ്‌ ഡാന്‍സ് പ്രാക്ടീസ് ചെയ്ത ദിവസങ്ങളെ കൊണ്ടു തരും."കാലി തൊഴുത്തില്‍ പിറന്നവനെ" കേള്‍ക്കുമ്പോള്‍ കുരുത്തോലയും കൊണ്ടു തിരിച്ചു വരുന്ന ഏലിയാമ്മ ടീച്ചര്‍ ന്‍റെ തലയില്‍ കൂടി കിടക്കുന്ന കവണിയെ ഓര്‍മ്മിപ്പിക്കും.."ഒരു മധുരക്കിനാവിലെ " തേന്‍ വണ്ട്‌ ഞാന്‍ എന്ന വരികളെ തെറ്റിച്ചു "തേന്‍ മണ്ട് ഞാന്‍ "എന്നു പാടുന്ന കുഞ്ഞുമോളെ തരും.(അവളുടെ വക തന്നെയാണ് 'നീ വരുവോളം "പാടാതിരിക്കുവാന്‍" എന്ന വരികളും..)

പെരുവന്താനത്തെ വലിയ മുറികള്‍ സമ്മാനിച്ച ഏകാന്ത നിമിഷങ്ങളില്‍ കൂടുതലായി വായനയും പാട്ടുകളും എന്നിലേക്കെത്തി.ഈണത്തേക്കാളും കൂടുതലായി പദ ഭംഗിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം.വയലാറിനെയും ഓ.എന്‍.വി യെയും കുറിച്ചു ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന അച്ഛന്‍ എന്നില്‍ അവരെ ദേവ തുല്യ സ്ഥാനമുള്ളവരാക്കി. ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ വരികള്‍ ഹൃദിസ്ഥമാക്കുന്ന എന്നെ കൂടുതല്‍ പാട്ടുകള്‍ കേള്‍പ്പിച്ചു വാശി പിടിപ്പിച്ചു.

പ്രണയത്തിന്റെ നാളുകളിലും കൂട്ടു വന്നു ചില പാട്ടുകള്‍."ഈ ജന്മമേകുന്നു ഞാന്‍" എന്നു ചെവിയോരത്ത് പാടിത്തന്ന കൂട്ടുകാരനെ ഈ ജന്മം ഇനി ഞാന്‍ കാണുമോ?"സുഖമോ ദേവി" കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ ചോരയിറ്റുന്ന ചില നോവുകളെ തിരിച്ചു പിടിക്കും."താരും തളിരും മിഴി പൂട്ടുന്ന" ഭംഗിയില്‍ പാതി മയക്കത്തില്‍ പുത്തരി താളത്തില്‍ കൊത്തുന്ന ഒരാളുണരും .ഒപ്പം അല്ലി മലര്‍ക്കാവിലെയ്ക് പൂരം കാണാനുള്ള മുഴുമിപ്പിക്കാത്ത യാത്രയില്‍ മഴത്തുള്ളികള്‍ പൊഴിയുന്ന നാടന്‍ വഴിയില്‍ ആ കുടക്കീഴില്‍ കിട്ടാതെ പോയ അഭയം എന്നെ പിന്നെയും പിന്നെയും നനയ്കും..

ഇന്നു രാവിലെ മുതല്‍ ഞാന്‍ "താരും തളിരും മിഴി" പൂട്ടുന്ന ഭംഗി കാണുകയായിരുന്നു. ഇതിനി എപ്പോള്‍ എന്നെ ഉപേക്ഷിച്ചു പോവുമെന്നറിയില്ല.ഭരതന്റെ വരികളുടെ മാന്ത്രിക സ്പര്‍ശത്തില്‍ ഇന്നത്തെ പ്രഭാതം ധന്യമാവുന്ന ലഹരിയിലാണ് ഞാന്‍...ഒപ്പം കൂടെയില്ലാത്ത ആ പ്രണയം തരുന്ന നോവിന്റെ വിങ്ങലിലും ...

6 comments:

 1. താരും തളിരും മിഴി പൂട്ടി
  താഴെ ശ്യാമാംബരത്തിൻ നിറമായി
  ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
  താവക നിൻ താരാട്ടുമായ്‌
  ദൂരെയേതൊ കാനനത്തിൽ

  പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
  പുത്തിരി താളതിൽ കൊത്തിയപ്പോൾ
  കാൽ തള കിലുങ്ങിയോ
  എന്റെ കണ്മഷി കലങ്ങിയോ [കാൽ തള]
  മാറത്തെ മുത്തിന്നു നാണം വന്നോ
  ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ

  തന്നാരം പാടുന്ന സന്ധ്യക്കു
  ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
  തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
  മഞ്ഞ പ്രസാദത്തിൽ ആറാടി
  വരു കന്യകെ നീ കൂടെ പോരു

  ReplyDelete
 2. Thudakkakkaari moshakkaariyallallo.....

  Keep the words flowing. Santhosh pallassana enna suhruthinte gauravamulla shabdathil paranjaal "iniyum kanamullathum ezhuthanam". Vaakkukalilekku vazhuthi veezhaan vembunna oru manassum athinte ullile swapnakkoombaarangalum undu thanikku. MT orikkal paranjathu pole. aa prasava vedana kurachu kadinam enne ulloo... Ezhuthuka, ullilullathokke ingadu poratte....

  ReplyDelete
 3. ഗൗരിനന്ദന എഴുതി കണ്ടതില്‍
  വളരെ വളരെ സന്തോഷം..

  ReplyDelete
 4. നന്ദി ഹരിതാ...ഇനി കൂടുതല്‍ ശ്രദ്ധിക്കാം ട്ടോ..

  പണ്ടെഴുതിയ ഒരു കുറിപ്പാണ് ശശിയേട്ടാ...ഈ പാട്ടിങ്ങനെ കൂടെ കൂടിയപ്പോള്‍ പോസ്റ്റ്‌ ചെയ്യാം എന്നു കരുതി..വാക്കുകളുടെ ലോകമെങ്ങാനും തിരിച്ചു കിട്ടിയാലോ?

  ReplyDelete
 5. eppozhum evideyum atu pokunna aatmabandhathinte novum nombaravum aksharangalillode varachu kaanikkunnu..avanavanekkurichezhuthiyaal kaambillathathennano pandita paksham?

  ReplyDelete