Thursday, January 11, 2018

അതേ ഞാന്‍ തന്നെ.. :)

ഒന്നോര്‍ത്താല്‍ രസമാണ് കാര്യങ്ങള്‍ .. :)

ജീവിതത്തില്‍ പലപ്പോഴും നമ്മുടെ ഇഷ്ടത്തിന് വിപരീതമായായിരിക്കും കാര്യങ്ങള്‍ സംഭവിക്കുക.. നമ്മുടെ സ്വപ്‌നങ്ങള്‍, അതിനായുള്ള പ്രയത്നങ്ങള്‍ ഒക്കെ ദൂരെ മാറി നിന്ന് കളിയാക്കി ചിരിക്കും ഒടുക്കം.. ചക്കെന്നും ചുക്കെന്നുമുള്ള വ്യത്യാസത്തോളം ഉണ്ടായിരിക്കും സംഗതികളുടെ കിടപ്പ് അപ്പോഴേയ്ക്കും..

പ്രണയത്തിന്‍റെ / ജീവിതത്തിന്‍റെ കാര്യം തന്നെയാണ്..

എത്രവട്ടം തമ്മില്‍ വേണ്ടെന്നു വെച്ചിട്ടുണ്ട് എന്ന് എനിക്കോ നിനക്കോ എണ്ണമുണ്ടാകുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്‌. ഏറ്റവുമെളുപ്പത്തില്‍ നമ്മള്‍ സ്വീകരിച്ച വഴിയും അതുതന്നെ ആയിരുന്നു. വേണ്ടെന്നു വെയ്ക്കാനാവില്ലെന്ന് അത്രമേല്‍ തീര്‍ച്ചയുള്ളപ്പോഴും അങ്ങനെയല്ലെന്ന് ഭാവിച്ചുള്ള തിരിഞ്ഞു നടത്തം. എതിര്‍ദിശയില്‍ ആരംഭിച്ചിരുന്ന യാത്രയെപ്പോഴും നിന്നിലൊടുങ്ങുന്നതെങ്ങനെ എന്നതിശയപ്പെടാനേ അവസരമുണ്ടായിരുന്നുള്ളൂ.. കുതറലുകളായിരുന്നു, സമരങ്ങളായിരുന്നു.. തോറ്റ് പോകുമെന്നുറപ്പുള്ള / അങ്ങനെ തന്നെയാവണെ എന്നാഗ്രഹിച്ചുള്ള ജീവനശ്രമങ്ങള്‍..

ഇതിപ്പോള്‍ അവസാന സ്റ്റോപ്പിലാണ്.. :)

ഇനിയോടാന്‍ വയ്യെന്ന വണ്ണം തളര്‍ന്നു പോയിരിക്കുന്നു.. അല്ലെങ്കില്‍ എന്നോ കണ്ടുതുടങ്ങിയ പഴയ സ്വപ്നങ്ങളെ നിറം കലര്‍ത്തി വരയ്ക്കാനുള്ള അവസാന ക്യാന്‍വാസില്‍ കൈ വെച്ചിരിക്കുന്നു..

ഇനിയത് മടക്കി വെയ്ക്കാന്‍ പറയരുത്... ജീവിതമാണ്.. മായ്ച്ചു വരയ്ക്കാന്‍ ഇടമില്ലിനി .. :)

Saturday, March 9, 2013

എന്തിനോ എന്തോ :(


ജീവിക്കാന്‍ ഇഷ്ടമാണ് ഇപ്പോഴും,നാളെയെന്നത് എനിക്കൊന്നും തരില്ലെന്നറിയാമെങ്കിലും (ഞാനൊന്നും പ്രതീക്ഷിക്കുന്നുമില്ലല്ലോ?). ഇന്ന് അനുഭവിക്കുന്നതിലും തീവ്രമാകും നാളെ എന്നെ കാത്തിരിക്കുന്ന അനുഭവങ്ങള്‍ എങ്കിലും ചുമ്മാ ജീവിക്കാന്‍ തോന്നും. 

നീയുണ്ടല്ലോ ഇവിടെ? 

നീ ശ്വസിക്കുന്ന അതേ വായു, നിന്നെ തലോടിയെത്തുന്ന അതേ കാറ്റ്, നീ കാണുന്ന അതേ നിലാവ് , നക്ഷത്രങ്ങള്‍ . ഇവയൊക്കെ എന്നെയും പുണരുമ്പോള്‍ നിന്‍റെ സാന്നിദ്ധ്യം ഞാനറിയും.

മരിച്ചു പോയാല്‍ , 

ഞാന്‍ മരിച്ചു കഴിഞ്ഞ്‌,എനിക്ക് നിന്നെ കാണണമെന്ന് തോന്നിയാലോ? പരലോകത്തിന്റെ നിയമങ്ങള്‍ ഈ ലോകത്തിലെക്കാള്‍ ക്രൂരമാണെങ്കിലോ? ഒരു പാട് അരുതുകളാല്‍ ഞാന്‍ അവിടെയും ബന്ധിതയായിപ്പോയെങ്കിലോ? മറ്റൊന്നും വേണ്ട, നീയറിയാതെ നിന്നെ കാണാനുള്ള അനുവാദം മാത്രം, അതും കൂടി നിഷേധിക്കപ്പെട്ടാലോ?

അല്ലെങ്കില്‍ ,

മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ നിന്നെ മറന്നു പോയാലോ? 
വേദനിപ്പിക്കുന്ന,പൊള്ളിക്കുന്ന ഈ ഓര്‍മ്മകള്‍ എന്തിനെന്നു ചോദിക്കരുത്. ആ വേദനയും നീ കാരണം ആകുമ്പോള്‍ വല്ലാത്ത സുഖം...:(

Saturday, March 2, 2013

"ഓര്‍മ്മയിലൊരു നിറകണ്‍ചിരി "





പഠനമൊക്കെ കഴിഞ്ഞങ്ങനെ ജോലിയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഒരു എന്‍ ജി ഓ യുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതും സുനാമി വന്നതും,ഞങ്ങള്‍ കുറെ പേരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിടുന്നതും . അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പ്രകോപനവും കൂടാതെ തന്നെ കരുനാഗപ്പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിലെ വോളന്റിയര്‍ ആയ എന്നോട് കൂടും കുടുക്കയുമെടുത്ത് നേരെ നാഗപട്ടണം എന്ന സ്ഥലത്തേയ്ക്ക് വിട്ടോളൂ എന്ന് എന്റെ ടീച്ചേഴ്സ് പറഞ്ഞു .നാഗപട്ടണം എങ്കില്‍ നാഗപട്ടണം  അങ്ങനെയെങ്കില്‍ അങ്ങനെ എന്നും പറഞ്ഞു ബാഗും പായ്ക്ക് ചെയ്തു , ചലോ ചലോ നാഗപട്ടണം 


അവിടുത്തെ കാഴ്ചകളെ കുറിച്ച് എത്രയോ പേര്‍ വിവരിച്ചിരിക്കുന്നു? അത് കൊണ്ട് തന്നെ ഞാന്‍ മഞ്ജുവിനെ കുറിച്ച് മാത്രം പറയാം. 

കാരയ്ക്കലിനടുത്തു പൂമ്പുഹാര്‍ എന്ന സ്ഥലം. കണ്ണകിയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രസിദ്ധം. രണ്ടു ക്ലാസ്സുകള്‍ക്കിടയിലെ മൂന്നുമണി മുതല്‍ അഞ്ചു മണി വരെയുള്ള ഒഴിവുസമയത്ത് ക്യാമ്പിലെ കുട്ടികളോടൊത്ത് സംസാരിച്ചിരിക്കുകയെന്നതായിരുന്നു എന്റെ പരിപാടി. അതിലൊരു കുട്ടിയായിരുന്നു മഞ്ജുവെന്ന ആറു വയസ്സുകാരി. സംഭവിച്ചിരിക്കുന്ന ദുരന്തത്തിന്റെ ആഘാതമൊന്നും ബാധിക്കാത്ത, എപ്പോഴും ചിരിച്ചു കൊണ്ട് എന്നോട് ചേര്‍ന്നിരിക്കുന്ന ഒരു മിടുക്കി. പക്ഷേ എന്തു ചോദിച്ചാലും ഒന്നും മിണ്ടില്ല. പകരം നാണിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് ഒന്ന് കൂടി ചേര്‍ന്നിരിക്കും. 

ഒരു ക്യാമ്പില്‍ അഞ്ചു ദിവസമാണ് ഞങ്ങള്‍ ചിലവഴിക്കുക. നാലാമത്തെ വൈകുന്നേരം മടങ്ങാന്‍ സമയം ഞാന്‍ എന്റെ കുട്ടിപ്പട്ടാളത്തിനോട് പറഞ്ഞു നാളെ കൂടിയേ ഞാന്‍ ഇവിടെയുണ്ടാവൂ,പിന്നെ വേറെ സ്ഥലത്ത് പോകണം എന്നൊക്കെ .ഒരു നിമിഷം  അവരൊക്കെ നിശബ്ദരായി നില്‍ക്കേ ഞാനെന്റെ ക്ലാസ്സിലേയ്ക്ക് നടന്നു 

പിറ്റേദിവസം മൂന്നുമണിയ്ക്ക് ഞാനെത്തുമ്പോള്‍ എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കൂടെ മഞ്ജുവിനെ ഞാന്‍ കണ്ടില്ല . അവളെവിടെയെന്നു ചോദിച്ചപ്പോഴാണ് പലരും പലതും വിവരിക്കാന്‍ തുടങ്ങിയത് . പല ശബ്ദങ്ങളില്‍ നിന്നും വേര്‍തിരിചെടുക്കാനായത് ഇത്രമാത്രം . 

"അക്കാ,അവളുടെ അച്ഛനും അമ്മയും അനിയനും എല്ലാം മരിച്ചു പോയതാണ്. അവള്‍ക്കിപ്പോള്‍ ആരുമില്ല. സിസ്റ്ററമ്മയുടെ കൂടെയാണ് താമസം ."  പിന്നെയുമെന്തൊക്കെയോ .. 

അപ്പോഴേയ്ക്കും അവള്‍ ഓടിയെത്തി. അടുത്ത് പിടിച്ചിരുത്തുമ്പോള്‍ നിറഞ്ഞിരിക്കുന്ന കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ ഞാന്‍ വല്ലാതെ വിഷമിച്ചു . 

അക്കാ പോകാതേ എന്ന് ബഹളം കൂട്ടുന്ന അവരോട് അമ്മയെ കണ്ടിട്ട് തിരിച്ചു വരാമെന്നൊരു കള്ളം പറയാന്‍ കരുതി വെച്ചിരുന്നെങ്കിലും മഞ്ജുവിനെ നോക്കിയപ്പോള്‍ പിന്നെയൊന്നും മിണ്ടാന്‍ തോന്നിയില്ല. 

റ്റാറ്റാ പറഞ്ഞ് പലവട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ടു നടന്നപ്പോള്‍ കണ്ടു പിന്നാലെ ഓടി വരുന്ന മഞ്ജു. ഒരു റബര്‍ പാവയെ എന്റെ കയ്യില്‍ വെച്ച് തന്നിട്ട് ആദ്യമായി അവള്‍ സംസാരിച്ചു. അത് ഞാന്‍ വാങ്ങണമെന്നും അവളെ എന്നും ഓര്‍ക്കാന്‍ വേണ്ടിയാണെന്നും ഒക്കെ. 

അവളെയോര്‍ക്കാന്‍ എനിക്ക് പാവയൊന്നും വേണ്ടായെന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. അവശ്യസമയത്തുപകരിക്കാതെ എന്നും എന്നെ ചതിക്കുന്ന വാക്കുകള്‍ അന്നും കൈയൊഴിഞ്ഞു . 

വീട്ടിലെത്തിയിട്ട്‌ ഷോക്കേയ്സിലെ എപ്പോഴും നോട്ടമെത്തുന്ന സ്ഥലത്ത് ആ പാവയെ എടുത്തു വെച്ചപ്പോള്‍ അവളുടെ ചിരിക്കുന്ന നിറഞ്ഞ കണ്ണുകള്‍ ഞാന്‍ കണ്ടു 

Monday, January 14, 2013

പ്ലീസ് അപ്ഡേറ്റ് യുവര്‍ സോഫ്റ്റ്‌വെയര്‍ :P


സത്യം പറഞ്ഞാല്‍ ഈ ദൈവമെന്നു വിളിക്കപ്പെടുന്നയാള്‍ തന്‍റെ സൃഷ്ടിയുടെ , അതിന്‍റെ പരിപാലനത്തിന്റെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യേണ്ട കാലം വല്ലാതെ അതിക്രമിച്ചിട്ടില്ലേ ?? ഒരു മത്സരം തന്‍റെ മേഖലയില്‍ അദ്ദേഹത്തിന് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല എന്നത് ശരി തന്നെയെങ്കിലും ആഫ്റ്റര്‍ സര്‍വീസിങ്ങിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ മോശമാണ് എന്ന് തന്നെ പറയാതെ വയ്യ.

എഫ് ബിയിലെ/ഗൂഗിള്‍ പ്ലസിലെ കാര്യം തന്നെയെടുക്കുക,വല്ലാതെ മടുക്കുമ്പോള്‍ അക്കൗണ്ട്‌ ഡീ ആക്ടിവേറ്റ് ചെയ്തു വെയ്ക്കാന്‍ കഴിയും ഏതൊരു പ്രൊഫൈലിനും . ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു വരണം എന്നൊരു ചെറിയ നിബന്ധന (എഫ് ബിയിലാണെങ്കില്‍ ) മാത്രം. അഥവാ വന്നില്ലെങ്കിലോ?? പിന്നീടൊരു പുതിയ ജന്മത്തിന് പോലും അവസരമൊരുക്കുന്നുണ്ട്. പഴയ ജന്മത്തില്‍ മറ്റു പ്രൊഫൈലുകളില്‍ നമ്മള്‍ ഉണ്ടാക്കിയ സ്വാധീനങ്ങളുടെ പാടുകള്‍ ഒന്നും തന്നെ പുതിയ ജന്‍മത്തില്‍ ശേഷിക്കുന്നത് പോലുമില്ല. എത്ര മനോഹരം...!!

ഒരേ പേരുകളിലോ ഒരേ ഞാന്‍ തന്നെ പല പേരുകളിലോ അവതരിക്കാന്‍ ചില ഇ മെയില്‍ ഐഡികള്‍ മാത്രം മതിയെന്ന ഓപ്ഷന്‍ ഒക്കെ എന്നാവും ഈ ജീവിതത്തില്‍ അനുവദിക്കുക? 

(അപ്പോള്‍ എനിക്ക് രണ്ടു ഞാനാവണം. മറ്റുള്ളവരുടെ മുന്‍പില്‍ വേഷം കേട്ടാനൊരു ഡമ്മി ഞാന്‍ വേണം..ശരിക്കുള്ള എന്നെ നീ മാത്രം അറിയണം..)

ഒരു സൈബര്‍ നെറ്റ്‌വര്‍ക്ക് പ്രൊഫൈല്‍ തല്‍ക്കാലം ഡീആക്റ്റിവെറ്റ് ചെയ്യുമ്പോലെ,
സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ വീണ്ടും ആക്റ്റീവ് ആകും പോലെ,
എന്ത് കൊണ്ട് മനുഷ്യ ജീവിതം റീഡിസൈന്‍ ചെയ്യുന്നില്ലാ ദൈവമെന്നു പേരുള്ളയാളേ ??

മെയില്‍ ബോക്സിലെ കുറിപ്പുകള്‍ മായ്ച്ചു കളയുംപോലെ 
ഓര്‍മ്മകളെയും ഡിലീറ്റ് ചെയ്തു തന്നു കൂടെ???

Thursday, August 16, 2012

കായികറാണി



പെരുവന്താനം ഗവ:എല്‍ പി സ്കൂള്‍ പഠനകാലം.. അവിടെ സ്വന്തമായി ഗ്രൗണ്ട് ഇല്ലാതിരുന്നതിനാല്‍ ഓട്ടമത്സരം നടത്താന്‍ തെരഞ്ഞെടുത്തത് കെ കെ റോഡ്‌ ആണ്‌.കാണുന്ന മത്സരത്തിലെല്ലാം കൊണ്ട് തല വെച്ച് കൊടുക്കുമെങ്കിലും സ്പോര്‍ട്സ് ഒരിക്കലും എന്‍റെ തട്ടകമായിരുന്നില്ല. എങ്കിലും സത്യവൃതന്‍ സാറും അമ്മിണി ടീച്ചറും ചുമ്മാ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും ഓടാന്‍ കൂടി...:-O

വൈകിട്ട് പതിവുപോലെ വീട്ടില്‍ സഖാക്കളുടെ യോഗം. സജീവ്‌ ചേട്ടന്‍ വന്നപാടെ 
"ഗൗരിക്കുട്ടീ മിട്ടായി എവിടെ?"
അമ്പരപ്പോടെ അച്ഛന്‍ 
"എന്തിനാ സജീവേ?"
"അയ്യോ സാററിഞ്ഞില്ലേ? ഇന്ന് ഇവരുടെ സ്കൂളിലെ ഓട്ടമത്സരത്തില്‍ ഗൗരിയ്ക്കാണ് ഒന്നാം സ്ഥാനം." 
"ങേ,സത്യമാണോ??ഞാന്‍ അറിഞ്ഞില്ലല്ലോ??" 
അച്ഛനൊരു വിശ്വാസക്കുറവ്.എന്‍റെ മുഖത്താണെങ്കിലോ ഇപ്പോക്കരയും ന്നൊരു ഭാവം..
(അല്ലെങ്കില്‍ സ്കൂളില്‍ ഒരു ഈച്ച പറന്നാല്‍ അച്ഛന്‍ അറിയുന്നതാണ്.ഇതു സമ്മാനം കിട്ടിയിട്ട് കൂടി പറയാതിരിക്കുമോ?)
"ശരിക്കും സത്യമാണ് സാറേ...എട്ടു പത്ത് കുട്ടികള്‍ ഉണ്ടായിരുന്നു ഓടാന്‍ . അതില്‍ ഏറ്റവും പിന്നില്‍ നിന്ന്‌ ഒന്നാമത് ഗൗരിയായിരുന്നു ...."
:-/ 

അന്നത്തെ ആഘോഷം പിന്നെ എന്‍റെ ചെലവിലായിരുന്നു ന്ന് പറയേണ്ടല്ലോ?? 

(ചിത്രം ഗൂഗിളില്‍ നിന്ന്‌ )

Thursday, August 9, 2012

എരിഞ്ഞു തീരാത്തത്




വെറുതെയിരുന്നപ്പോള്‍ നമതു വാഴ്വും കാലത്തിലൂടെയൊന്നു സഞ്ചരിച്ചു.ഓര്‍മ്മകള്‍ എപ്പോഴും ചങ്ങലകള്‍ പോലെയാണല്ലോ?"നഗരത്തില്‍ വിറകടുപ്പ് കണ്ടിത്ര കാലമായി" പഴയ ഒരു പോസ്റ്റിലെ ഈ വാചകത്തില്‍ തൂങ്ങി പിന്നെയേതൊക്കെയോ വഴികളിലൂടെ..

അച്ഛനും കൂടിയുണ്ടായിരുന്ന കാലത്തൊന്നും അടുക്കളയ്ക്ക് പുകയൊഴിഞ്ഞു സ്വതന്ത്രയാകാന്‍ ഭാഗ്യമുണ്ടായില്ല. പല വാടക വീടുകളിലുമായി പല പല അടുക്കളകള്‍ ഞങ്ങള്‍ക്ക് സ്വന്തമായെങ്കിലും എല്ലായിടത്തും അമ്മയോടൊപ്പം അച്ഛനെപ്പോലെ തന്നെ വിറകടുപ്പാണ് ഉണ്ടായിരുന്നത്. ഒന്നിച്ചു പാചകിക്കുന്നതിന്റെ സന്തോഷത്തിലാവണം അമ്മയ്ക്ക് പുക നിറഞ്ഞ അടുക്കളകള്‍ ഭാരമാകാതിരുന്നതും ഞങ്ങളുടെ വീട്ടില്‍ ഒരു ഗ്യാസ് അടുപ്പ് എത്താതിരുന്നതും. അമ്മയ്ക്കോ അച്ഛനോ കൂടുതല്‍ കൈപ്പുണ്ണ്യം എന്നെനിക്കറിയില്ല,ഏതു ഭക്ഷണവും ഹൃദ്യമായിരുന്നു എന്നു മാത്രം...

പിന്നീട് അച്ഛന്‍ പോയി.അമ്മയ്ക്ക് അടുക്കള ഒറ്റയ്ക്ക് നോക്കേണ്ടി വന്നു.ഒപ്പം ഞങ്ങള്‍ രണ്ടു കുഞ്ഞിക്കുട്ടികള്‍ .. അച്ഛന്‍റെ മരണത്തിനു പകരം കിട്ടിയ ജോലി.. ദൂരെയുള്ള ഓഫീസ്,യാത്ര,തിരക്കുകള്‍ ...

പിന്നെ ഞങ്ങള്‍ക്ക് സ്വന്തമായി വീടുണ്ടായി.. കിണറിനു പമ്പ്‌ ഉണ്ടായി..അരകല്ലിനോടും ആട്ടുകല്ലിനോടും വിടപറഞ്ഞു. അടുക്കളയില്‍ നിന്നും പുകയൊഴിഞ്ഞ് മിന്നുന്ന സ്റ്റീല്‍ തിളക്കവുമായി ഗ്യാസ് സ്ട്ടൌ എത്തി. 

പക്ഷേ പിന്നെയൊരിക്കലും അമ്മയുടെ പാചകത്തിന് പഴയ രുചിയുണ്ടായില്ല.അച്ഛനോടോപ്പമോ പുകയോടൊപ്പമോ എന്നറിയില്ല ആ രുചിയും എന്നേയ്ക്കുമായി പടിയിറങ്ങിപ്പോയി.

എപ്പോഴുമൊന്നും വീട്ടിലുണ്ടാവാന്‍ കഴിയാറില്ല.എങ്കിലും അമ്മയോടൊപ്പമുള്ള എല്ലാ അവസരങ്ങളിലും ഞാന്‍ പഴയ മണ്‍പാത്രങ്ങള്‍ കഴുകിയെടുക്കുന്നു.അവിയലിന് തേങ്ങ അരകല്ലില്‍ തന്നെ അരച്ചെടുക്കുന്നു..അമ്മമ്മയുടെ കൈപ്പുണ്ണ്യം അപ്പാടെ കിട്ടിയ കൊച്ചുമോളെന്ന പുകഴ്ത്തലില്‍ സന്തോഷിക്കുന്നു..

എങ്കിലും എവിടെയോ എനിക്കെന്‍റെ പഴയ രുചി നഷ്ടമായിരിക്കുന്നു..

(ചിത്രം ഗൂഗിളില്‍ നിന്നും)
"നമതു വാഴ്വും കാലം"  http://disorderedorder.blogspot.in/2010/03/blog-post_23.html

Thursday, August 2, 2012

ഇവിടെയൊന്നും അവസാനിക്കുന്നില്ല



പെരുവന്താനം പോസ്റ്റ്‌ ഓഫീസ് ക്വാട്ടെഴ്സിലെ രാത്രികളില്‍ അച്ഛനോടൊപ്പം ഉറക്കമൊഴിയാന്‍ ഒരുപാട് ഏട്ടന്മാര്‍ ഉണ്ടായിരുന്നു. ഷാജിയേട്ടന്‍ ,രാജന്‍ ചേട്ടായി,സജീവേട്ടന്‍ ,നിയാസിക്ക അങ്ങനെ കുറേ പേര്‍ .. വൈകിട്ട് ഏഴു മണിയാകുമ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങും. തറയില്‍ വിരിച്ചിട്ട പായിലും കസേരകളിലും സ്ഥാനം പിടിച്ച് അവര്‍ ജോലി തുടങ്ങുമ്പോള്‍ ഞങ്ങളുടെ വിശാലമായ ഹാള്‍ ഒരു തേനീച്ചക്കൂട് പോലെയാകും.. തനിയെ പിറുപിറുത്തു മുദ്രാവാക്യങ്ങള്‍ കുത്തിക്കുറിക്കുന്ന അച്ഛനോടു ചേര്‍ന്ന് നിന്ന്‌,  ഒരു വലിയ ക്യാന്‍വാസ് പോലെ വര്‍ണ്ണാഭമായ ഞങ്ങളുടെ ഹാള്‍ ഞാന്‍ നോക്കിക്കാണും. 

(മാധവിക്കുട്ടിയുടെ ഒരു കഥാപാത്രമില്ലേ? പദപ്രശ്നം പൂരിപ്പിക്കുന്ന തമ്പുരാന്‍ "ഈ വാക്കാണോ ആ വാക്കാണോ ചേരുക" എന്നു ചോദിക്കുമ്പോള്‍ "ആ രണ്ടാമത് പറഞ്ഞത് തന്നെയായിക്കോട്ടെ മ്പ്രാ" ന്ന് പറയുന്ന വേലക്കാരന്‍ ? ചിലപ്പോള്‍ ആ റോള്‍ കിട്ടും എനിക്ക്. എഴുതി വരുന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലുമ്പോള്‍ അച്ഛന്‍ ചോദിക്കും "ഈ വാക്ക് മാറ്റി ആ വാക്ക് ആക്കിയാലോ" ന്നൊക്കെ. എനിക്ക് തോന്നുന്നത് ഞാന്‍ പറയും...:D)    

കമിഴ്ന്നു കിടന്ന് പോസ്ററുകള്‍ എഴുതിയുണ്ടാക്കുന്ന സജീവേട്ടനും കൂട്ടുകാരും. കുറച്ചു കലാബോധം കൂടുതലുള്ളത് കൊണ്ട് ബാനര്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട ഷാജിയേട്ടന്‍ .. അവരുടെ ഒക്കെയടുത്ത് നീല,ചുവപ്പ് നിറത്തിലുള്ള മഷിപ്പാത്രങ്ങള്‍ .. എഴുതി പൂര്‍ത്തിയാക്കി ഉണക്കാന്‍ വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ .. നിലത്തു നിരത്തിയിരിക്കുന്ന പോസ്ററുകള്‍ ... നല്ല രസമാണ് നോക്കി നില്‍ക്കാന്‍ .. ഇടയ്ക്ക് "സഖാവേ, കുടിക്കാന്‍ ഇത്തിരി വെള്ളം എടുത്തു തരാമോ? ഒരു ഈര്‍ക്കില്‍ കിട്ടാനുണ്ടോ?" എന്നൊക്കെ ചോദിച്ച് എന്നെയും അവര്‍ കൂട്ടത്തില്‍ കൂട്ടും..:) 

പോസ്റര്‍ ഒട്ടിക്കാനുള്ള മൈദ അമ്മ അടുക്കളയില്‍ കുറുക്കുന്നുണ്ടാവും. അതിനും മുന്‍പേ തന്നെ ഏട്ടന്മാര്‍ക്കു കഴിക്കാന്‍ ഞങ്ങളുടെ ഇത്തിരി പറമ്പില്‍ വിളയിച്ച കപ്പയും ഏത്തയ്ക്കായും പുഴുങ്ങിയതും മുളകുടച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും തയാറായിരിക്കും. പുഴുക്കും കഴിച്ച് അച്ഛനോടൊപ്പം അവര്‍ ഇരുളിലേക്ക് ... പിന്നെ രാവേറെ ആകും തിരികെയെത്താന്‍ ..മഞ്ഞെന്നോ മഴയെന്നോ ഉള്ള വ്യത്യാസമൊന്നും അവരെ ബാധിച്ചിരുന്നതേയില്ല    

ഇലക്ഷന്‍ പോലെയുള്ള അവസരങ്ങളില്‍ വീട് പാര്‍ട്ടി ഓഫീസ് ആകും... അവരൊന്നും വീട്ടില്‍ പോകുന്നുണ്ടാവില്ല. ആകെയുള്ള ഒറ്റ ബെഡ് റൂമില്‍ കുഞ്ഞുമോളെയും കൂട്ടി അമ്മ ഉറങ്ങും.. ഞാന്‍ അച്ഛനോടൊപ്പം.. 

എന്തിനാണ്,ആര്‍ക്കു വേണ്ടിയാണ് ഇവരിങ്ങനെ കഷ്ടപ്പെടുന്നത് എന്നൊരിക്കലും ആലോചിച്ചിട്ടെയില്ല. പകല്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോലെ ,അത്രയും സമര്‍പ്പണത്തോടെ,ഗൗരവത്തോടെ അച്ഛന്‍ ചെയ്യുന്ന മറ്റൊരു ജോലി എന്നായിരുന്നു എന്‍റെ വിശ്വാസം. രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ബോധം വെയ്ക്കുന്ന കാലമായപ്പോഴേക്കും അച്ഛന്‍ ഈ ലോകം വിടുകയും ചെയ്തു...

പറഞ്ഞു വന്നത് വേറൊന്നുമല്ല..കണ്ടു വളര്‍ന്നത്‌ ഇത്രയും അര്‍പ്പണ ഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അച്ഛനെയാണ്. അങ്ങനെയുള്ള ,അത്രയും ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ ഇന്നും അവശേഷിക്കുന്നുണ്ട്  പാര്‍ട്ടിയില്‍ എന്ന ബോധമുള്ളത് കൊണ്ട് തന്നെ,ഞാന്‍ ഇന്നും എന്നും ഈ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു... സ്വാര്‍ത്ഥത നിറയുന്ന ഈ ലോകത്തില്‍ , എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ ഇന്നും പ്രാപ്തമായ ഏതെങ്കിലും കരങ്ങള്‍ ഉണ്ടെങ്കില്‍ അതീ മുന്നണിപ്പോരാളികളുടേതായിരിക്കും എന്നതിനും എനിക്ക് സംശയമില്ല. 

ലാല്‍സലാം സഖാക്കളേ..:)  

Saturday, June 16, 2012

വീണ്ടും ജൂണ്‍ 18

ഇരുപത്തിനാല് വര്‍ഷം മുന്‍പുള്ള ജൂണ്‍ പതിനെട്ടിന് പകല്‍ മഴ പെയ്തോ എന്നെനിക്കോര്‍മ്മയില്ല. ഏതായാലും ആ രാത്രിയില്‍ മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഈ വര്‍ഷവും പെയ്യുമായിരിക്കും. പെയ്യട്ടേ..

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തായിരുന്നു മനസ്സിലെന്നും ഇപ്പോഴോര്‍മ്മയില്ല. ഏതായാലും അന്നു ഞാന്‍ പുതച്ച പുതപ്പിനുള്ളില്‍ സ്നേഹത്തിന്‍റെ ,സുരക്ഷിതത്വത്തിന്റെ ഒരു ഇളം ചൂട് തങ്ങി നിന്നിരുന്നു.. 

ഇന്നിപ്പോള്‍ എന്‍റെ പുതപ്പു നെയ്തിരിക്കുന്നതു തന്നെ മഞ്ഞുനൂലുകള്‍ കൊണ്ടാണെന്ന് തോന്നുന്നു..
അച്ഛനില്ലാത്ത 24 വര്‍ഷങ്ങള്‍ ...




http://perumthachantekulangal.blogspot.in/2011/06/18.html

Wednesday, April 25, 2012

ഇന്നലെ രാത്രിയില്‍ മഴ പെയ്തിരുന്നു..


രാത്രിയേറെ വൈകിയിരുന്നു. പുറത്തപ്പോഴും മഴയങ്ങനെ ഇരച്ചു പെയ്ത് കൊണ്ടിരുന്നു. ഒട്ടും മാന്യമല്ലാതെ തന്നെ ഇടിയും മിന്നലും ജനാലയിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ കടന്നു വരുമെന്ന ഭീഷണ സ്വരത്തില്‍ കാറ്റ് ചില്ലുപാളികളില്‍ മുട്ടി വിളിച്ചിരുന്നു.


ചെവിയില്‍ ചേര്‍ത്തു വെച്ച ഇയര്‍ ഫോണില്‍ ഒരു ഹൃദയം നൊന്തു നൊന്തു പിടയുന്നുണ്ടായിരുന്നു. പുറത്തെ താളമേളങ്ങള്‍ക്കിടയിലും എന്‍റെതെന്നോ നിന്‍റെതെന്നോ വേര്‍തിരിച്ചറിയാത്ത താളത്തില്‍ ആയിരുന്നു ആ മിടിപ്പ്. മയക്കത്തിനിടയില്‍ നിന്നും ഞെട്ടിയുണര്‍ന്ന്  അമ്മയെ തിരയുന്ന  കുഞ്ഞിനെ പോലെ ഇടയ്ക്കിടെ നീയെന്നെ തിരഞ്ഞു കൊണ്ടേയിരുന്നു.. ഞാനരികിലുണ്ടെന്നു പറയുമ്പോള്‍ ഒരു നിശ്വാസത്തോടെ മിഴികള്‍ ചേര്‍ത്ത്,പതുക്കെ..... ചേര്‍ത്തു പിടിക്കാനും ചുമലില്‍ മെല്ലെ താളം പിടിച്ച് കൊണ്ട്, നെറുകയില്‍ ഉമ്മ തന്നുറക്കാനും മനസ്സിങ്ങനെ കുതറിപ്പാഞ്ഞു കൊണ്ടേയിരുന്നു.  


എന്‍റെ ശരീരം കത്തുന്നത് പോലെ തോന്നി. ഫോണിലൂടെ വന്നു തൊടുന്ന നിശ്വാസ ജ്വാലകള്‍ നിന്നെ പൊള്ളിക്കുന്നുണ്ടാവുമോ? 


നീയിടയ്ക്കു നടുങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ദു:സ്വപ്‌നങ്ങള്‍ മാത്രം വിരുന്നു വന്നിരുന്ന ദിവസങ്ങളിലൊന്നില്‍ തലയിണയുടെ അടിയില്‍ അമ്മ തിരുകിയ കൊന്തയെ ഓര്‍ത്തു ഞാന്‍ . വിശുദ്ധന്മാര്‍ കാവല്‍ നില്‍ക്കാതിരുന്നാലോ എന്നു ഭയന്നാവണം യക്ഷിയമ്മക്കാവിലെ ഭസ്മപ്പൊതികളും അമ്മ കൊന്തയ്ക്ക് കൂട്ടായി കരുതിയിരുന്നു. അര്‍ജ്ജുനന്‍ , ഫല്‍ഗുണന്‍ എന്നു ഞാന്‍ മനസ്സില്‍ ജപിച്ചു കൊണ്ടിരുന്നു. നിനക്ക് വേണ്ടി.. നിന്‍റെ നിദ്രയില്‍ കാവല്‍ നില്‍ക്കാന്‍ അറിയാവുന്ന മാലാഖമാരോടൊക്കെ കേണു കൊണ്ടേയിരുന്നു. എന്നിട്ടും നീ അസ്വസ്ഥനായിരുന്നു.


ഒരേ കിടപ്പില്‍ കിടന്ന് എന്‍റെ ശരീരം മരവിക്കുന്നുണ്ടായിരുന്നു. എന്നിട്ടും നിന്‍റെ ഉറക്കത്തിനു ശല്യമാകുമോ എന്നു ഭയന്ന് ഞാന്‍ അതേ കിടപ്പില്‍ തന്നെ കിടന്നു. 


പുറത്തു മഴയപ്പോഴും അതേ പോലെ  പെയ്തു നിറയുന്നുണ്ടായിരുന്നു.

Monday, April 9, 2012

"വല്യമ്മച്ചി" -അവസാന ഭാഗം

ചെന്നു കയറുമ്പോള്‍ ഊര്‍ധ്വന്‍ വലിച്ചു കിടക്കുന്ന ഒരു വൃദ്ധയുടെ മുറിയുടെ ചേരുവകള്‍ എല്ലാം തികഞ്ഞിട്ടുണ്ടായിരുന്നു. അബോധാവസ്ഥയിലുള്ള വല്യമ്മച്ചിയുടെ തൂവെള്ള കിടക്കയോട് ചേര്‍ന്ന് തന്നെ കസേരയിലിരിക്കുന്ന മകള്‍ (എന്‍റെ അച്ഛന്‍ പെങ്ങള്‍ / അപ്പച്ചി). അതിന്‌ പിന്നിലായി രണ്ടാം നിരയില്‍ എന്‍റെ അനിയത്തിയും അപ്പച്ചിയുടെ മകളും. വല്ലാത്ത നിശബ്ദത. ഇപ്പോഴാണോടീ വരുന്നത് എന്നൊരു ചോദ്യം എന്‍റെ അനിയത്തിയുടെ കണ്ണുകളില്‍ ഒരു കുറ്റ പ്പെടുത്തലോടെ തെളിഞ്ഞത് കണ്ടില്ലെന്നു നടിച്ച്‌, ഞാനും ഒരു നിമിഷം മിണ്ടാതെനിന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞു വീണ്ടും ആ മുറിയിലെത്തിയപ്പോള്‍ തോന്നി വല്യമ്മച്ചിയ്ക്ക് ഉറപ്പായും ബോറടിക്കുന്നുണ്ടാവും. എല്ലാവരും കൂടെയുള്ളപ്പോള്‍ ഇങ്ങനെയൊരന്തരീക്ഷം ആ വീടിന്‍റെ ചുമരുകള്‍ക്കു പോലും തീര്‍ത്തും അപരിചിതമാണല്ലോ? "ചേച്ചീ, കൈയില്‍ ഞാന്‍ മൈലാഞ്ചിയിട്ടു തരട്ടേ" എന്ന കല്യാണിയുടെ ചോദ്യം പോലും വളരെ താഴ്ന്ന സ്ഥായിയില്‍ .. എനിക്കും വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

അവിടെ നിന്നുമെഴുനേറ്റ് അടുത്ത മുറിയിലെത്തിയപ്പോള്‍ ഉത്സവം കണ്ട് മടങ്ങി വരുന്ന അനിയന്‍ അക്കു. കുഞ്ഞുങ്ങള്‍ മൂക്കും മുന്‍പേ പഴുക്കുന്ന ഈ കാലത്തും പതിനാറിലെത്തിയ അവന്‍ കാത്തു സൂക്ഷിക്കുന്ന നിഷ്കളങ്കത എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് . പിന്നെ പതിവു പോലെയുള്ള ബഹളങ്ങളും അട്ടഹാസങ്ങളും കൊണ്ട് വീട് നിറയാന്‍ തുടങ്ങി. ഗൗരവ മുഖംമൂടികള്‍ ഉപേക്ഷിച്ച് മരണ മുറിയിലെ കാവല്‍ക്കാരും ഞങ്ങളോടൊപ്പം കൂടി. രാവിനു പ്രായമേറുന്നതോ പരിസരങ്ങള്‍ ഉറങ്ങുന്നതോ ശ്രദ്ധിക്കാതെ ഞങ്ങള്‍ വെറുതേ ചിരിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് വല്യമ്മച്ചിയെ നോക്കാന്‍ പോയ അപ്പച്ചി ഞങ്ങളെയും വിളിച്ചു. ചെന്നു നോക്കുമ്പോള്‍ ശ്വാസത്തിന്‍റെ താളത്തിനു വ്യത്യാസം. നോക്കി നോക്കി നില്‍ക്കെ ഒരു നിശ്വാസത്തോടെ ആ ശരീരം നിശ്ചലമായി. മുഖത്ത് വിരിഞ്ഞ ചിരി കണ്ടു നില്‍ക്കുമ്പോള്‍ എനിക്ക് സംശയം തീരുന്നുണ്ടായിരുന്നില്ല. എല്ലിന്‍ കൂടായി തീര്‍ന്ന ആ നെഞ്ചില്‍ തല വെച്ച് നോക്കി ഒരു മിടിപ്പും അവശേഷിക്കുന്നില്ല എന്നുറപ്പിക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. വല്യമ്മച്ചിയുടെ കുഴിഞ്ഞ കണ്‍തടങ്ങളില്‍ ഒരു തുള്ളി കണ്ണുനീര്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

"ഗൗരി ഇന്നലെ രാത്രി തന്നെയെത്തിയിരുന്നു,ല്ലേ? ചിരിക്കുന്നതു കേട്ടു." തെക്കേലമ്മയുടെ ചോദ്യം കേട്ടപ്പോള്‍ മനസ്സൊന്നു കാളി. ഇന്നലത്തെ ബഹളത്തിനു വഴക്ക് പറയാനാവുമോ? "നാണിയമ്മയ്ക്ക്‌ ഭാഗ്യമുണ്ട്. ആ സമയമായപ്പോള്‍ എല്ലാവരും അടുത്ത് തന്നെ ചിരിച്ച് കളിച്ച് ഇരിക്കുന്നത് കണ്ടു സന്തോഷത്തോടെ കണ്ണടയ്ക്കാന്‍ കഴിഞ്ഞല്ലോ? അവരുടെ ഏറ്റവും വലിയ സന്തോഷവും അതായിരുന്നല്ലോ?"

വല്യമ്മച്ചിയ്ക്ക് മക്കള്‍ ഏഴു പേരാണ്. ഈ മക്കളും മരുമക്കളും അവരുടെ മക്കളുമായി ഒന്നിച്ചിരിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടാതെ നോക്കുമായിരുന്നു വല്യമ്മച്ചി. ആഘോഷങ്ങള്‍ക്ക് ഓണമെന്നോ വിഷുവെന്നോ ഈസ്ററെന്നോ മുഹറമെന്നോ ഉള്ള വ്യത്യാസങ്ങളും കാണില്ല. പാചക സമയത്താണെങ്കില്‍ അടുക്കളയില്‍ , അല്ലെങ്കില്‍ ഏതെങ്കിലുമൊരു മുറിയില്‍ എല്ലാവരും കൂടി ബഹളം വെച്ച് , നാടിളക്കി , പരസ്പരം കളിയാക്കി...

ആ ലോകത്തില്‍ വല്യമ്മച്ചിയോടൊപ്പം കൂടാന്‍ അച്ഛനും വല്യച്ഛനും അമ്മാമ്മയും അവിടുത്തെ വല്യച്ഛനും വല്യമ്മൂമ്മയും ഒക്കെയുണ്ടാവും. അവരവിടെ മിസ്സ്‌ ചെയ്യുന്നത് ഞങ്ങളുടെ കുറേ പേരുടെ കളിചിരികള്‍ മാത്രമാവും. അധികം താമസിക്കാതെ വീണ്ടും കാണാം എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട്.....ശുഭയാത്ര....

Tuesday, March 27, 2012

മൗനമേ....

എന്നും എപ്പോഴും ആദരവോടു കൂടിയല്ലേ ഞാന്‍ നിങ്ങളെ സമീപിച്ചിട്ടുള്ളൂ? അമൂല്യമാണെന്ന ബോധത്തോട് കൂടി വളരെ സൂക്ഷിച്ചല്ലേ ഞാന്‍ നിങ്ങളെ ഉപയോഗിച്ചിട്ടുള്ളൂ? എന്നിട്ടും എന്തിനാണ് വാക്കുകളേ, കിട്ടുന്ന ഏതൊരവസരവും പാഴാക്കാതെ എന്നെയിങ്ങനെ കീറി മുറിക്കുന്നത്?

പണ്ട് പ്രാണന്‍ പകുത്തു കൊടുത്തൊരു കൂട്ടുകാരനുണ്ടായിരുന്നു. എന്നെ പോലെ തന്നെ വാക്കുകളെ പ്രണയിച്ചവന്‍ .ഞങ്ങള്‍ക്ക് വഴങ്ങാതെ മറ്റുള്ളവരുടെ പേനത്തുമ്പില്‍ നിന്നും അനര്‍ഗളം പ്രവഹിക്കുന്ന അക്ഷരങ്ങളെ കുശുമ്പോടെ എന്നോടൊപ്പം നോക്കി നിന്നവന്‍ .. വാക്കുകളെ ഇഷ്ടം പോലെയെടുത്ത് അമ്മാനമാടുന്നവരെ ആയിരുന്നു ഞങ്ങള്‍ ഈ ഭൂമിയില്‍ ഏറ്റവും ബഹുമാനിച്ചിരുന്നത്. അവരോടു മാത്രമായിരുന്നു അസൂയപ്പെട്ടത്‌.. . ഒന്നിച്ചു ജീവിക്കുന്ന കാലത്ത് തൊടി നിറച്ചും പന്തല്‍ കെട്ടി വളര്‍ത്തുന്ന കോവലിനെയും പയറിനെയും, നടുമുറ്റത്തിന്റെ ഒരരികിലെ കോലായില്‍ ഇരുന്ന് ചൂട് കാപ്പി ഊതിക്കുടിക്കുന്ന മഴക്കാല വൈകുന്നേരങ്ങളെയും സ്വപ്നം കണ്ടത് പോലെയായിരുന്നു അലമാരയില്‍ അടുക്കി നിറയ്ക്കുന്ന പുസ്തകങ്ങളെ കുറിച്ചും സങ്കല്‍പ്പിച്ചത്‌ .

കാലം എപ്പോഴുമെന്ന പോലെ മാന്ത്രിക വടി കൊണ്ടൊന്നുഴിഞ്ഞപ്പോള്‍ , പ്രണയം മഞ്ഞുപുതപ്പുമുപേക്ഷിച്ചു മാഞ്ഞു പോയി. അതു വരെ ദിവ്യമെന്നും അനര്‍ഘമെന്നും പാടിപ്പുകഴ്ത്തിയതൊക്കെ സമയം കളഞ്ഞ പാഴ്വേലകളായി. അതു വരെയുണ്ടായിരുന്ന വൈകാരിക സുരക്ഷിതത്വത്തിന്‍റെ ഉരുക്കു കവചം, പ്രണയം മൂലമുള്ള ഹരാസ്മെന്റ് ആയി...

ഹരാസ് ചെയ്യുക..നീണ്ട പല്ലുകളും ദംഷ്ട്രയും കാട്ടി, പിന്നീടുള്ള ഉറക്കമില്ലാ രാത്രികള്‍ക്ക് കൂട്ടായി വന്നു ആ വാക്ക്. നിലയില്ലാത്ത ആഴത്തിലേയ്ക്ക് എന്‍റെ കൈയും കാലും കെട്ടി വലിച്ചെറിഞ്ഞു കളഞ്ഞിട്ട് , മുഖമൊന്നുയര്‍ത്തിയൊരു കവിള്‍ ശ്വാസം പോലും എടുക്കാന്‍ അനുവദിക്കാതെ, നെറുകയില്‍ തന്നെ ചവിട്ടിത്താഴ്ത്തിക്കൊണ്ടിരുന്നു..... തനിച്ചു തന്നെ തുഴഞ്ഞു നീങ്ങേണ്ടി വരുന്ന കടലാഴങ്ങളിലെ അവസാന ആശ്രയങ്ങള്‍ പോലും വാക്കുകള്‍ വന്ന് തട്ടിയെറിഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ മുങ്ങി മുങ്ങി.........

പിന്നെയും കാലം പരീക്ഷണങ്ങളുമായി പിന്നാലെ തന്നെ കൂടുന്നു...

വണ്ടിയുടെ ചക്രം പോലെ വീണ്ടും കാലം അതേ നിമിഷത്തില്‍ എത്തിയിരിക്കുന്നു.. ഒരു പാട് അടികളേറ്റു പതം വന്ന് ചിലരുടെ മനസ്സൊക്കെ കാരിരുമ്പിന്റെ കരുത്തു കാട്ടുമെന്നത് കണ്ടു ഒരു നാള്‍ ഞാനുമെന്ന് മനസ്സ് മോഹിച്ചത് വെറുതേ. ഓരോ കുഞ്ഞു അക്ഷരക്കൂട്ടവും ഇപ്പോള്‍ അതിന്‍റെ മൂര്‍ച്ച കൊണ്ടെന്നെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. സംരക്ഷണത്തിന്റെ ഉടുപ്പിട്ട് പറന്നു വന്നിരുന്ന മേഘസന്ദേശങ്ങളിലെ മൂന്നക്ഷരങ്ങള്‍ പോലും ഇപ്പോള്‍ ,പറയാതൊളിപ്പിച്ചു പിടിക്കുന്ന അര്‍ത്ഥ സാഗരങ്ങളെ കാണിച്ച് ഭീഷണിപ്പെടുത്തുന്നു...

"എങ്ങനെയുണ്ട് " എന്നു ആകുലപ്പെടുമ്പോള്‍ "ഒന്നുമില്ല" എന്ന മറു കുറിപ്പിനോടൊപ്പം വെറുതേ ചേര്‍ക്കുന്ന "plz" എന്നോട് മണിക്കൂറുകള്‍ പ്രസംഗിക്കുന്നുണ്ട്,ആ ജീവിതത്തില്‍ എന്നേ അധികപ്പറ്റായ എന്നെ കുറിച്ച്. ആരോടും ഒരു അറ്റാച്മെന്റും ഇല്ലെന്നു ഇടയ്ക്കിടെയ്കു ഉറക്കെ പറയുമെങ്കിലും എല്ലാരുമല്ലല്ലോ ഞാന്‍ എന്ന എന്‍റെ അഹങ്കാരത്തിന്‍റെ മുഖത്ത് തന്നെ കാറി തുപ്പും ഇത്തരം ത്രൈക്ഷരികള്‍ .

അങ്ങനെയാണല്ലോ മൗനം എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയാകുന്നത്...ഇനിയെന്നാണ് ഇല്ലാത്ത അര്‍ഥങ്ങള്‍ തേടിപ്പിടിച്ചെടുത്ത് ഇവളുമെന്നെ നോവിക്കാന്‍ തുടങ്ങുന്നത് എന്നെനിക്കറിയില്ലയെങ്കിലും, മൗനമേ നിന്നെ സ്നേഹിക്കുന്നു ഞാന്‍ .........

Friday, February 24, 2012

ഉടുപ്പുരിഞ്ഞ ഭ്രാന്ത്‌

ഒരു പാട് പഴക്കം തോന്നുന്നു എനിക്ക്. നൂറ്റാണ്ടുകളൊന്നുമല്ല ,ഒരു പാട് ജന്മങ്ങളുടെ പഴക്കം.

ചില രാത്രികളില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോന്നും, നാളെയെന്നത് ഉണ്ടാവുകയേ ഇല്ലെന്ന്. ആ ദിവസം വെച്ചൊരു കണക്കെടുപ്പ് നടത്തിയാല്‍ ഒരു പക്ഷേ തുലാസിന്റെ നില വളരെ കൃത്യമായിരിക്കും. ദു:ഖങ്ങളും സന്തോഷങ്ങളും തുല്യമായി , നേര്‍രേഖയില്‍ സൂചി ചലിക്കാതെ നില്‍ക്കും.

കാലവൃക്ഷത്തിലെ, പച്ചയെങ്കിലും ഞെട്ട് ശോഷിച്ച ഇല നേര്‍ത്ത കാറ്റിലും വിറയ്ക്കുന്നത് എനിക്ക് കാണാം.

വാര്‍ധക്യത്തിലെത്തിയവരോട് എനിക്കെന്നും ആദരവാണ്. ജീവിതത്തിലെ ഏതൊക്കെ തീവ്രമായ പ്രതിസന്ധികള്‍ കടന്ന്, എത്ര യാതനകള്‍ അനുഭവിച്ചാകണം അവരീ അവസ്ഥയിലെത്തിയിട്ടുണ്ടാവുക? അവരുടെ മുഖത്തെ എണ്ണമറ്റ ചുളിവുകള്‍ ഏതൊക്കെ നരക നിമിഷങ്ങളുടെ വിരല്‍പ്പാടുകളാവും? ആത്മഹത്യ ഒരു അഭയമായി അവരെ എത്ര മോഹിപ്പിച്ചിട്ടുണ്ടാവും? എങ്ങനെയാവും അവരാ പ്രലോഭനങ്ങളെ അതിജീവിച്ചിട്ടുണ്ടാവുക? ജീവിതത്തോടുള്ള മോഹമോ മരണത്തോടുള്ള ഭയമോ ? ഏതാവും അവരെ ഇവിടെ പിടിച്ച് നിര്‍ത്തിയത്?

കറുത്ത വസ്ത്രമണിഞ്ഞ മോഹിനീ....ഇത്തിരി ഭയമെന്നില്‍ അവശേഷിക്കാന്‍ അനുവദിക്കു...

Saturday, January 21, 2012

സ്നേഹമാണഖില സാരം...

ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്, മുറ്റത്ത്‌ കൂട്ടുകാരോടൊപ്പം ഉള്ള കളിയ്ക്കിടയില്‍ നിന്നും ഓടി മുറിയില്‍ ചെന്നപ്പോള്‍ കണ്ടത് എന്തോ പറഞ്ഞു ചിരിച്ചും കൊണ്ട് അച്ഛന്‍ അമ്മയുടെ കവിളില്‍ കൊടുക്കുന്ന ഒരുമ്മ...:)

(മുന്‍പും ഇവര്‍ തമ്മിലുള്ള ശൃംഗാരമൊക്കെ കണ്‍കോണിലൂടെ വീക്ഷിച്ചു വിടാറുണ്ട് എങ്കിലും നേരിട്ടൊരു കാഴ്ച ആദ്യമായായിരുന്നു)

അച്ഛന്‍റെയും അമ്മയുടെയും റൊമാന്റിക്‌ നിമിഷങ്ങള്‍ക്ക് അറിയാതെ സാക്ഷിയായല്ലോ എന്ന ചമ്മല്‍ .... എന്‍റെ ചമ്മല്‍ അവരറിഞ്ഞാല്‍ കേള്‍ക്കേണ്ടി വരുന്ന അച്ഛന്‍റെ പരിഹാസം... :(

ആലോചിച്ചപ്പോള്‍ ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന അടവ് തന്നെയാണ് എന്‍റെ ചെറിയ ബുദ്ധിയിലുദിച്ചത്.....:)

"അയ്യേ...എന്നാലും അച്ഛാ...ഞാന്‍ കണ്ടല്ലോ..." എന്ന ഒരു വിജയചിരിയുമായി നിന്ന എന്നെ "ഓ...പിന്നെ,നീ ഒന്ന് പോടീ... ഞാന്‍ എന്‍റെ ഭാര്യയെ അല്ലേ ഉമ്മ വെച്ചത് " എന്ന് നിസ്സാരയാക്കി അച്ഛന്‍ ....:(

ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് പുള്ളിക്കാരന്‍ പകര്‍ന്നു തരാറുള്ളത് .. അന്നും പതിവു തെറ്റിയില്ല.

"ഒരാളോട് സ്നേഹം തോന്നുന്നതോ അത് പ്രകടിപ്പിക്കുന്നതോ ഒന്നും ഒരു മോശം കാര്യമല്ല. അതിന്‍റെ പേരില്‍ ആരെങ്കിലും അപമാനിച്ചാല്‍ അതൊരപമാനമായി കാണുകയും വേണ്ട. അതേ സമയം , ആരെയെങ്കിലും വെറുക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നത് പോലെ ചീത്തയായ വേറൊരു കാര്യവുമില്ല. "

പിന്നെയും കുറേ പറഞ്ഞു അച്ഛന്‍ .....

ഇപ്പോഴും ഓര്‍മ്മയില്‍ നന്നായി തെളിഞ്ഞു നില്‍ക്കുന്നു...

ബന്ധങ്ങള്‍ ഈഗോയില്ലാതെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ എന്നും അച്ഛന്‍റെ ഈ വാക്കുകള്‍ പ്രേരണയായിട്ടുണ്ട്. സ്നേഹമുണ്ടായി പോയതിന്‍റെ പേരില്‍ പല വട്ടം പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നപ്പോഴും തല കുനിയാതിരിക്കാന്‍ എന്നെ സഹായിച്ചതും മറ്റൊന്നല്ല.. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കുരിശു മരണങ്ങളില്‍ എന്നും എന്‍റെ തുണയായി കൂടെയുള്ളതും ഈ വിലയേറിയ വാക്കുകള്‍ മാത്രം...

Monday, December 5, 2011

ഓ....ഡിസംബര്‍...

ഡിസംബര്‍-ലെ പ്രഭാതങ്ങള്‍ക്ക് വല്ലാത്ത ചാരുതയാണ്.....

അതി കാലത്തെഴുനേറ്റ്, മഞ്ഞിന്റെ പുതപ്പു മാറ്റി വരുന്ന സൂര്യനെ കാണുമ്പോള്‍,എന്ത് സുന്ദരിയാണീ ഡിസംബര്‍ എന്നോര്‍ത്തു പോവും..ഒട്ടും കരുത്തു കാട്ടാതെ മെല്ലെ,മെല്ലെ തന്റെ കൈകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന സൂര്യനോട്‌ വല്ലാത്തൊരിഷ്ടം തോന്നും .കുളി കഴിഞ്ഞ് ഈറന്‍ പുടവ ഉടുത്തു നില്ക്കുന്ന ,ഒരു നവ വധുവിനെ പോലെ നാണം കുണുങ്ങുന്ന സുന്ദരിയായ പ്രഭാതങ്ങള്‍....

ഡിസംബര്‍-ലെ പകലുകള്‍ക്ക്‌ വല്ലാത്ത വശ്യതയാണ്...

തനിയേയിരുന്നു സ്വപ്നം കാണുന്ന ചില ഏകാന്ത നിമിഷങ്ങളില്‍,കാറ്റു ഒരു കുസൃതിക്കുട്ടിയെ പോലെ കൈ നിറയെ പൂക്കളുമായി ഓടിയെത്തും. എനിക്ക് വേണ്ടി മാത്രം എവിടെയോ പൂത്തഒരേഴിലം പാലയുടെ പൂങ്കുല സമ്മാനിച്ചിട്ട് ഓടി മറയും.പിന്നെ പേരറിയാത്ത ഏതൊക്കെയോ പൂക്കള്‍,ഏതൊക്കെയോ ഗന്ധങ്ങള്‍ .വര്‍ണ്ണങ്ങള്‍ ഏഴും വാരിയണിഞ്ഞു നിറഞ്ഞു ചിരിക്കുന്ന ഒരു അലസ സുന്ദരിയാണ് അപ്പോള്‍ ഡിസംബര്‍...ലാസ്യ മോഹിനി..

ഡിസംബര്‍-ലെ സന്ധ്യകള്‍ക്ക് വല്ലാത്തൊരു നിശ്ശബ്ദതയാണ്‌...

തന്റെ എല്ലാ പ്രഭാവത്തോടും കൂടി മറയുന്ന സൂര്യനെ കണ്ടു കൊതി തീരാതെ നോക്കി നില്ക്കുന്ന പ്രണയിനി ആവും പാവം സന്ധ്യ .പിന്നീട് ഒരു കാവി വസ്ത്രത്തിനുള്ളില്‍ തന്നെ തന്നെ പൊതിഞ്ഞു നിസ്സംഗതയുടെ മൂടു പടത്തിനുള്ളില്‍...... തനിയേ...പുറമെ ഗംഭീരം... അകമേ.......???

ഡിസംബര്‍-ലെ രാത്രികള്‍ക്ക് വല്ലാത്ത പൂര്‍ണതയാണ്...

കട്ട പിടിച്ച ഇരുട്ടിന്റെ മറ പറ്റി രാവിറങ്ങി വരും..താരകളുടെ കണ്ണില്‍ നിന്നും ഈ ഭൂമിയിലെ സൗന്ദര്യത്തെ മറച്ചു വെയ്ക്കാന്‍ മഞ്ഞിന്റെ പുതപ്പും കൊണ്ട് ..ഒറ്റയ്ക്ക് നില്‍ക്കുന്ന ഏഴിലം പാലകള്‍ ഏതോ മന്ത്രവടി കൊണ്ട് ആരോ തൊട്ടിട്ടെന്ന പോലെ അടിമുടി പൂക്കും.. ഇരുട്ടിനൊപ്പം ഉന്മാദം നിറച്ച് പാലപ്പൂ മണവും ഏതോ വഴിയാത്രക്കാരനെ തേടിയിറങ്ങും. വശ്യ സുന്ദരിയായി ഡിസംബര്‍ രാവിങ്ങനെ മുറുക്കി ചുവപ്പിച്ചു നില്‍ക്കും. അവളുടെ കണ്ണുകളിലെ തിളക്കം പോലെ വീട്ടുകോലായകളില്‍ നക്ഷത്രങ്ങള്‍ കത്തി നില്‍ക്കും.

രണ്ടു വര്‍ഷം മുന്‍പുള്ള ഡിസംബര്‍ അവസാനിച്ചത്‌,പുതിയ വര്‍ഷത്തിലേക്ക് ഒരു പാട് പ്രതീക്ഷകളും കരുതി വെച്ചിട്ടായിരുന്നു. പക്ഷേ ഏഴാനാകാശത്തേക്കാള്‍ ഉയരെ കെട്ടിപ്പൊക്കിയ സ്വപ്നക്കൂടാരം തകര്‍ന്നടിഞ്ഞത് വെറും രണ്ടു ദിവസം കൊണ്ടായിരുന്നു.ജീവിതം തന്നെ അസ്തമിച്ചത് പോലെ .എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ന്റെ തുടക്കം തന്നെ മറ്റൊരാളിന്റെ ഹൃദയരക്തം വാരിച്ചൂടിയായിരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ ഒരു പാപം. എനിക്ക് പക്ഷേ തിരുത്താതെ വയ്യായിരുന്നു.

ഡിസംബര്‍, അങ്ങേയറ്റം ഇഷ്ടപ്പെടുന്നതിനോടൊപ്പം നിന്നെയെനിക്ക് ഭയമാണ് ... ഈ വര്‍ഷം നിന്റെ മാറാപ്പില്‍ നീയെനിക്കായി എന്താണ് കരുതി വെച്ചിരിക്കുന്നത്???


Tuesday, November 22, 2011

കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി

കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ മതി,ഏതോ ബമ്പര്‍ ലോട്ടറിയടിച്ചാലെന്ന പോലെ മനസ്സിങ്ങനെ തുള്ളിച്ചാടാന്‍.ചിലപ്പോള്‍ രാവിലെയുണര്‍ന്നു വാതില്‍ തുറന്നിറങ്ങുമ്പോള്‍ എന്നെ കാത്തെന്ന പോലെ മാങ്കൊമ്പില്‍ ചിലച്ചിരിക്കുന്ന കുഞ്ഞിക്കിളി, ഓഫീസിലേയ്ക്ക് നടക്കുമ്പോള്‍ എന്നും എതിരേ വരാറുള്ള ചേച്ചിയുടെ മുഖത്തെ പുഞ്ചിരി, സ്കൂള്‍ ബസ്‌ ലേയ്ക് വലിച്ചും കൊണ്ടോടുന്ന അമ്മയുടെ കൈയില്‍ തൂങ്ങിക്കിടന്നും കള്ളച്ചിരി തരുന്ന പേരറിയാ കുട്ടി, ഫെഡറല്‍ ബാങ്ക് എ റ്റി എം ലെ സെക്യൂരിറ്റി ചേട്ടന്റെ സുപ്രഭാതം, ഓഫീസ് റിസപ്ഷനിലെ റോസ് ന്റെ "ഹായ് ചേച്ചീ,ഇന്നും നല്ല മിടുക്കിയായിട്ടാണല്ലോ" എന്ന സ്വാഗതം... ഇതൊക്കെ തന്നെ ധാരാളമാണ്‌ ഒരു ദിവസം സമ്പന്നമാകാന്‍.. :)

നല്ലൊരു വൈകുന്നേരമായിരുന്നു ഇന്നലെ.മുല്ലപ്പെരിയാറും മരണവും കൂടി പങ്കു വെച്ചെടുത്ത പകലിനു ശേഷം,വീട്ടിലെത്തി "രാത്രി ലില്ലികള്‍ പൂത്ത പോല്‍, ഒരു മാത്രയീ മിഴി മിന്നിയോ??" (ഇന്നലെ ചുണ്ടില്‍ കുടുങ്ങിയ പാട്ട്‌ അതായിരുന്നു.. വിശേഷിച്ചും "മാറുരുമ്മിയുറങ്ങുവാന്‍ മനസ്സ് പങ്കിടാന്‍" എന്ന വരികള്‍ ) കേട്ടു കേട്ടിങ്ങനെ കിടന്നപ്പോള്‍ "എന്തുവാ??" എന്ന ചോദ്യവുമായി കൂട്ടുകാരന്റെ വിളി കാതില്‍..കൊല്ലം സ്ലാന്ഗ് എനിക്കൊട്ടുമില്ലെങ്കിലും അതിനെ കളിയാക്കിയാണ് ഈ ചോദ്യം.രണ്ടേ രണ്ടു മിനിറ്റ് മാത്രം നീണ്ട സംഭാഷണത്തിന് ശേഷം ഫോണ്‍ വെച്ചു എങ്കിലും ആ കോള്‍ തന്ന സന്തോഷം പറയാന്‍ വയ്യ.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ്‌ വല്ലപ്പോഴും ചാറ്റ് ചെയ്യുന്ന ഒരു ചേട്ടനെ ഓണ്‍ ലൈന്‍ ല്‍ രണ്ടു ദിവസമായി കാണാത്ത വിവരം ഓര്‍മ്മ വന്നത്.വിളിച്ചു നോക്കിയപ്പോള്‍ തിരക്ക് പിടിച്ച ജോലിയുടെ തലവേദനകളെ കുറിച്ചൊക്കെ പറഞ്ഞു അദ്ദേഹം. ചുരുങ്ങിയ വാക്കുകളില്‍ വിശേഷം പറഞ്ഞു വെച്ച ശേഷം ഒരു നിമിഷത്തിനുള്ളില്‍ മൊബൈല്‍ ല്‍ വീണ്ടും അതേ കോള്‍. അദ്ദേഹത്തിന്‍റെ രണ്ടു വയസ്സുകാരന്‍ മകന് എന്നോട് സംസാരിക്കണം എന്ന്. എന്തൊക്കെയോ ചോദിച്ചു ആ വാവ. ആകെ മനസ്സിലായത്‌ "ചോറുണ്ടോ? ചായ കുടിച്ചോ?" ഇതു മാത്രം. ഞാന്‍ അങ്ങോട്ട്‌ ചോദിക്കുന്നതിനും ആശാന്‍ എന്തൊക്കെയോ മറുപടി പറയുന്നുണ്ടായിരുന്നു,എനിക്കൊന്നും മനസ്സിലായില്ല എങ്കിലും.

ആ നിമിഷം എനിക്ക് തോന്നിയ സന്തോഷം എത്രയെന്നു ഞാനെങ്ങനെ വിവരിക്കും? എത്ര നിസ്സാരമെന്നു തോന്നാമെങ്കിലും ആ കുഞ്ഞിന്റെ ഇത്തിരി സ്നേഹം എന്റെ ഒരു രാത്രിയെ മുഴുവന്‍ പ്രകാശിപ്പിച്ചു നിര്‍ത്തിയെന്നതാണ് സത്യം..

Monday, November 21, 2011

"ഇവിടെയുണ്ടായിരുന്നു ഞാന്‍"


അപ്പോള്‍ ആ കാര്യത്തില്‍ ഒരു തീരുമാനമായി..ജല മരണം തന്നെയാണ് വിധിച്ചിരിക്കുന്നത് എന്ന്. മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടും,നാളെ പൊട്ടും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും ഇപ്പോള്‍ സംഗതി സീരിയസ് ആയിരിക്കുകയാണ്.

"ഇവിടെയുണ്ടു ഞാന്‍, എന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍ മാത്രം മതി..

ഇവിടെയുണ്ടായിരുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍ താഴെയിട്ടാല്‍ മതി..

ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്
അടയിരുന്നതിന്‍ ചൂടുമാത്രം മതി

ഇതിലുമേറെ ലളിതമായ് എങ്ങനെ
കിളികളാവിഷ്‌കരിക്കുന്നു ജീവനെ?"

രാമചന്ദ്രന്‍ സര്‍ വളരെ സുന്ദരമായി ജീവന്റെ കൈയ്യൊപ്പിനെ കുറിച്ച് പറയുന്നുണ്ട് ഈ കവിതയില്‍.ആലോചിക്കാന്‍ വളരെ രസമുള്ള സംഗതിയാണ് അല്ലേ?ഇന്ന് രാത്രി ഞാന്‍ മരിച്ചു പോയാല്‍,ഞാനുണ്ടായിരുന്നു എന്നതിന് അടയാളമായി എന്താവും അവശേഷിക്കുക??

വെട്ടിപ്പിടിച്ച ഭൂമി സൈബര്‍ ലോകത്തിലാണ്.എന്തൊക്കെയോ കൂട്ടി വെച്ചതും ഇവിടെ തന്നെ. ഉള്ളിലുള്ളതൊക്കെ അതു പോലെ തുറന്ന് വെച്ചത് കൊണ്ടാവണം,ഒരു പാട് സൗഹൃദങ്ങള്‍,ബന്ധങ്ങള്‍ ഒക്കെ എഴുത്തു വഴി തന്നെ വന്നത്. ബാലിശമെങ്കിലും, കഴമ്പില്ലാത്തതെങ്കിലും ഞാനിവിടെയുണ്ടായിരുന്നു എന്നതിന് ഈ വരികള്‍ സാക്ഷി പറയും.

പിന്നെ നിങ്ങളില്‍ ഓരോരുത്തരുടെ മനസ്സിലെ ഓര്‍മ്മകളും....:)

Sunday, October 30, 2011

"വാടകവീടുകള്‍"

വീടുകള്‍ എന്നത് അന്തിയുറങ്ങാനൊരിടം എന്നതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ്‌. ഒരു വീട്ടിലും ഒരു പാട് നാളുകള്‍ താങ്ങാനുള്ള യോഗം കുട്ടിക്കാലം മുതല്‍കേ ഇല്ലാതിരുന്നത് കൊണ്ടാവണം എനിക്കെന്തോ വീടെന്നത്‌ അത്ര വലിയോരനുഭവം ആയി തോന്നാറില്ല.അല്ലെങ്കില്‍ അച്ഛനില്ലാത്ത വീട് വീടല്ലാതായത് കൊണ്ടുമാവണം.

ഓര്‍മ്മയിലെ ആദ്യത്തെ വീട് തേക്കടിയിലെ പോസ്റ്റ്‌ ഓഫീസ് ന്റെ ക്വാട്ടെഴ്സ് ആണ്‌.പിന്നെ കട്ടപ്പനയിലെ ഒറ്റ ബെഡ് റൂം വാടക വീട്.. (എനിക്കേറ്റവും പ്രിയപ്പെട്ട വീട്).അച്ഛനോടൊപ്പം അവസാന നാളുകള്‍ കഴിഞ്ഞ പെരുവന്താനത്തെ ക്വാട്ടെഴ്സ്. പിന്നെ അമ്മയുടെ തറവാട്..

സ്വന്തമായി ഒരു വീട് എന്നതിന്റെ ആവശ്യകത അന്ന് മുതല്കായിരിക്കും അമ്മയ്ക്ക് തോന്നി തുടങ്ങിയത്. പക്ഷേ അച്ഛന്റെ ആകെയുള്ള നീക്കിയിരിപ്പ് എട്ടും പൊട്ടും തിരിയാത്ത ഞങ്ങള്‍ മൂന്നു പെണ്‍ ജന്മങ്ങള്‍ മാത്രം..:)

(പതിനെട്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ വെറും ആയിരം രൂപ മാത്രം ആയിരുന്നു പി.എഫ് ല്‍ അച്ഛന്റെ സമ്പാദ്യം. കൂട്ടിവെയ്ക്കുന്ന സ്വഭാവം ഇല്ലാതിരുന്ന പാവം.)

അച്ഛന്റെ ഇന്‍ഷ്വറന്‍സ് ആനുകൂല്യമായിക്കിട്ടിയ ഒരു ലക്ഷം രൂപയും പിന്നെ എങ്ങനെയൊക്കെയോ സ്വരൂപിച്ച കുറച്ചു പൈസയും ചേര്‍ത്തു അമ്മ ഇരുപതു വര്‍ഷം മുന്‍പാണ് രണ്ടു മുറിയോടൊപ്പം അടുക്കളയും സ്ടോറും ടോയ്ലെറ്റുകളും കൂട്ടിച്ചേര്‍ത്ത് ഒരു വീട് സ്വന്തമാക്കുന്നത്. പിന്നീട് ബെഡ് റൂം,ഹാള്‍ ഒക്കെയായി അതിനെ വലുതാക്കിയെടുത്തതും..

ജോലി ചെയ്യുന്നത് എവിടെയായാലും മാസത്തില്‍ ഒരിക്കല്‍ വീട് വിളിച്ചു കൊണ്ടിരുന്നു.അമ്മവിളി പോലെ..ഒരു രാത്രി മാത്രം ഉറങ്ങാനായി മാത്രമാണെങ്കില്‍ പോലും വീട്ടില്‍ എത്താതെ വയ്യായിരുന്നു...

ശനിയാഴ്ച വൈകിട്ട് ചെന്ന് കയറുമ്പോള്‍ അതെന്റെയും കൂടി വീടായിരുന്നു..ഞായറാഴ്ച രാവിലെ ഞാനവിടെ നിന്നും ഇറങ്ങുമ്പോള്‍ ആ വീട് എന്റേത് അല്ലാതായിക്കഴിഞ്ഞിരുന്നു...

Tuesday, October 11, 2011

വെറുതേ ഒരു സ്വകാര്യം

ഗൗരി,ഒരു വര്‍ഷമായില്ലേ തമ്മില്‍ കണ്ടിട്ട്?

അതേല്ലോ മാഷേ, എന്തൊക്കെയാ വിശേഷങ്ങള്‍?

സുഖമായി പോകുന്നു.അല്ല,നീ എന്നാ കല്യാണം കഴിക്കുക?

ങേ??എന്തോന്ന്?എന്നെ കെട്ടിച്ചു വിടാന്‍ നിനക്കെന്താ തിരക്ക്?

ഒന്നുമില്ലേ,കെട്ടാത്ത പെങ്കൊച്ചുങ്ങളോട് ചോദിക്കുന്ന ഒരു സ്ഥിരം കുശലം.അതന്നെ..

ശരി,അപ്പോള്‍ നിന്റെ കാര്യം എന്തായി?ആരെങ്കിലും മനസ്സില്‍ പിടിച്ചൊ?

മ്.അതില്‍ കാര്യമൊന്നുമില്ല.ഞാനൊരുത്തിയെ ഇഷ്ടമാണെന്ന് പറഞ്ഞു.പക്ഷേ എനിക്കും മുന്‍പേ എന്റെ കൂട്ടുകാരന്‍ പ്രോപോസ് ചെയ്തു കളഞ്ഞു. അവനും ഡൈവോഴ്സ് കിട്ടി ഫ്രീ ആയി നില്‍ക്കുന്നു. അവര്‍ രണ്ടു പേരും ഒരേ തൂവല്‍പ്പക്ഷികള്‍ ആയത്‌ കൊണ്ട്....

ങേ?ഡൈവോഴ്സ്?അപ്പോള്‍ അവളും?

അതേ.അതിനെന്താ?അങ്ങനെയൊരു കുട്ടിയെ കല്യാണം കഴിക്കാനാ എനിക്കിഷ്ടം. കാരണം പലപ്പോഴും അവരുടെ കുഴപ്പം കൊണ്ടൊന്നുമാവില്ല അങ്ങനെ സംഭവിക്കുന്നത്‌. നീ കണ്ടിട്ടില്ലേ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ എന്നൊക്കെയുള്ള പരസ്യങ്ങള്‍?

മ്..............
.........................................................................................................................................................................................................................................................................................................................................................................................................................................................
അല്ല,ആരൊക്കെയാ ഈ വര്‍ഷത്തെ സത്സംഗിനു പാടുന്നത്?

ഋഷി നിത്യ പ്രജ്ഞ,ശ്രീനിവാസ്,ശാലിനി ശ്രീനിവാസ് എല്ലാവരുമുണ്ട്‌.

ഗായത്രി ചേച്ചി വന്നില്ലേ?

ഇല്ലയില്ല.സത്യത്തില്‍ ഞാനുമവരെ അന്വേഷിച്ചിരുന്നു

ഡാ..ഡാ...അവരെന്റെ നാട്ടുകാരിയാണ് ട്ടോ....

മ്..അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ അവരും ഡൈവോഴ്സ് ചെയ്തു ന്ന് കേട്ടു. ശരിയാണോ?

അതേ..അതു കൊണ്ടാണോ നീ അവരെ പ്രത്യേകം അന്വേഷിച്ചത്?

ഹ ഹ ഹ.....അതും ഒരു കാരണം തന്നെ..

പക്ഷേ,അവര്‍ക്ക് നിന്നെക്കാള്‍ പ്രായം കാണുമല്ലോ?

ഓ..അതിനിപ്പോള്‍ എന്താ?ഗൗരി,വിവാഹ മോചനം നേടിയ,പ്രായമുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഒരു നല്ല ജീവിതത്തിനുള്ള ചാന്‍സ് വളരെ കുറവായിരിക്കും ന്നാ കേട്ടത്.എനിക്ക് അങ്ങനെയുള്ള ഒരാള്‍ക്കൊരു ജീവിതം കൊടുക്കണം. ഒരു പാട് സന്തോഷിപ്പിക്കണം. വെറും വാചകമൊന്നുമല്ലഡേയ് .... ഞാന്‍ സീരിയസ്സാ...

(എന്റെ കൂട്ടുകാരന്‍ മുംബൈക്കാരന്‍ പങ്കജും ഞാനും തമ്മിലുള്ള ഒരു കുശലം.പങ്കജിന്റെ മനസ്സിലെ നന്മ ഓര്‍ത്തപ്പോള്‍ എഴുതിയെന്നു മാത്രം.ഏതു കാലത്തും നന്മയുള്ളവര്‍ അവശേഷിക്കും എന്ന ഒരു സമാധാന ചിന്ത പങ്കിടല്‍ )

Monday, October 10, 2011

"അത്തോളിയിലെ അമ്മ "




സഹയാത്രികരായ,അപരിചിതരായ ആളുകളോട് അങ്ങോട്ട്‌ ചെന്ന് പരിചയപ്പെട്ടു സൗഹൃദം സ്ഥാപിക്കുക എന്ന  പണ്ട് മുതലേ കൂടപ്പിറപ്പായ ശീലം മൂലം സാമാന്യം ഭേദപ്പെട്ട തരത്തില്‍ പണികള്‍ കിട്ടുകയും അതറിഞ്ഞ ഉറ്റ സുഹൃത്തുക്കള്‍ ഇനി വണ്ടിയില്‍ കയറിയാല്‍ മിണ്ടാതെയിരുന്നു കൊള്ളണം എന്ന നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത് വഴി, വഴിയേ കിട്ടുന്ന സുഹൃത്തുക്കളുടെ എണ്ണം വല്ലാതെ കുറഞ്ഞ്, ഏതാണ്ട് ഇല്ലാതെയായ അവസ്ഥയിലെത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ.. എങ്കിലും ഇപ്പോഴും ബസില്‍ അടുത്തിരിക്കുന്ന ആരെങ്കിലും മിണ്ടാനുള്ള കൊതിയോടെ എന്നെ നോക്കിയാല്‍ ഞാനാ നിരോധനാജ്ഞയൊക്കെ പാടെ മറന്നു പോകും..:(


ഇന്നലെ ബാംഗ്ലൂര്‍ കല്ലട ട്രാവെല്‍സ് ന്റെ സിറ്റി മാര്‍ക്കറ്റ്‌ ഓഫീസ് ല്‍ ഇരുന്ന് വൈകുന്ന ബസ്‌ നേയും ഇതു തന്നെ തെരഞ്ഞെടുത്ത എന്നെയും ശപിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ നിഷ്കളങ്ക മുഖവുമായി ആ അമ്മ എന്റെ അടുത്ത് വന്നിരുന്നത്. കൂടെ മകനും മരുമകളും അവരുടെ കുട്ടിയും (അതു മോനാണെന്ന്,മരുമകന്‍ അല്ലെന്ന് എനിക്കെങ്ങനെ മനസ്സിലായി എന്നൊന്നും ചോദിക്കരുത്..അങ്ങനെ തോന്നി)   "എനക്ക് അത്തോളീ പോകാനാ,ഇയ്യ് എങ്ങട്ടാ? " എന്ന ആദ്യ ചോദ്യം തന്നെ എനിക്കങ്ങു ക്ഷ പിടിച്ചു.  തനി നാട്ടിന്‍പുറത്തുകാരി  അമ്മ. "സ്വന്തായിട്ടാ പോക്ക്?" ങേ??? ഒരു നിമിഷം ഞാനൊന്ന് പകച്ചു. സ്വന്തമായിട്ടല്ലാതെ വാടകയ്ക് എങ്ങനെ പോകും? ഒരു പാട് വടക്കന്‍ കൂട്ടുകാരുണ്ടെങ്കിലും ഇത്രയും ഗ്രാമീണമായ ഭാഷ മുന്‍പ് പരിചയിച്ചിട്ടുണ്ടായിരുന്നില്ല. 


പിന്നെ ഒരു മണിക്കൂര്‍ പറന്നു പോയത് അറിഞ്ഞതേയില്ല.  ആ അമ്മയുടെ കുടുംബ ചരിത്രം,രോഗ വിവരങ്ങള്‍, മകന്റെ വിശേഷങ്ങള്‍, ബാംഗ്ലൂര്‍ ലേ ഇടുങ്ങിയ ജീവിതം ("എമ്മാതിരി മനുഷ്യരാ ഈടെ?" വീണ്ടും ഞാന്‍ ധര്‍മ്മ സങ്കടത്തില്‍..ആളുകളുടെ സ്വഭാവത്തെയല്ല എണ്ണത്തെയാണ്   ഉദ്ദേശിച്ചതെന്നു പിന്നെ മനസ്സിലായി..!!!)


"ഇയ്യ്‌ പഠിക്യാ ആടെ?" പിന്നെ എന്തു വരെ പഠിച്ചു? വീട്ടിലാരൊക്കെയുണ്ട്‌? എവിടെയാ താമസം? ഒറ്റയ്കാണോ? കല്യാണം നോക്കണ്ടേ? എന്റെ ജാതകം വരെ ചോദിച്ചറിഞ്ഞു ആയമ്മ..


എട്ടരയായപ്പോള്‍ മടിവാളയ്കുള്ള കണക്ഷന്‍ ബസ്‌ എത്തിയെന്ന അറിയിപ്പും കേട്ടു ചാടിയെഴുനേറ്റ  എന്റെ കൈ പിടിച്ച് "സൂക്ഷിച്ചു പോകു മോളേ" എന്നു പറഞ്ഞു കണ്ണു നിറച്ച ആ അമ്മയുടെ പേരെന്തായിരുന്നു?അല്ലെങ്കില്‍ ലോകത്തിലെ അമ്മമാരുടെ പേരുകള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസം?