Monday, April 9, 2012

"വല്യമ്മച്ചി" -അവസാന ഭാഗം

ചെന്നു കയറുമ്പോള്‍ ഊര്‍ധ്വന്‍ വലിച്ചു കിടക്കുന്ന ഒരു വൃദ്ധയുടെ മുറിയുടെ ചേരുവകള്‍ എല്ലാം തികഞ്ഞിട്ടുണ്ടായിരുന്നു. അബോധാവസ്ഥയിലുള്ള വല്യമ്മച്ചിയുടെ തൂവെള്ള കിടക്കയോട് ചേര്‍ന്ന് തന്നെ കസേരയിലിരിക്കുന്ന മകള്‍ (എന്‍റെ അച്ഛന്‍ പെങ്ങള്‍ / അപ്പച്ചി). അതിന്‌ പിന്നിലായി രണ്ടാം നിരയില്‍ എന്‍റെ അനിയത്തിയും അപ്പച്ചിയുടെ മകളും. വല്ലാത്ത നിശബ്ദത. ഇപ്പോഴാണോടീ വരുന്നത് എന്നൊരു ചോദ്യം എന്‍റെ അനിയത്തിയുടെ കണ്ണുകളില്‍ ഒരു കുറ്റ പ്പെടുത്തലോടെ തെളിഞ്ഞത് കണ്ടില്ലെന്നു നടിച്ച്‌, ഞാനും ഒരു നിമിഷം മിണ്ടാതെനിന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞു വീണ്ടും ആ മുറിയിലെത്തിയപ്പോള്‍ തോന്നി വല്യമ്മച്ചിയ്ക്ക് ഉറപ്പായും ബോറടിക്കുന്നുണ്ടാവും. എല്ലാവരും കൂടെയുള്ളപ്പോള്‍ ഇങ്ങനെയൊരന്തരീക്ഷം ആ വീടിന്‍റെ ചുമരുകള്‍ക്കു പോലും തീര്‍ത്തും അപരിചിതമാണല്ലോ? "ചേച്ചീ, കൈയില്‍ ഞാന്‍ മൈലാഞ്ചിയിട്ടു തരട്ടേ" എന്ന കല്യാണിയുടെ ചോദ്യം പോലും വളരെ താഴ്ന്ന സ്ഥായിയില്‍ .. എനിക്കും വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

അവിടെ നിന്നുമെഴുനേറ്റ് അടുത്ത മുറിയിലെത്തിയപ്പോള്‍ ഉത്സവം കണ്ട് മടങ്ങി വരുന്ന അനിയന്‍ അക്കു. കുഞ്ഞുങ്ങള്‍ മൂക്കും മുന്‍പേ പഴുക്കുന്ന ഈ കാലത്തും പതിനാറിലെത്തിയ അവന്‍ കാത്തു സൂക്ഷിക്കുന്ന നിഷ്കളങ്കത എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് . പിന്നെ പതിവു പോലെയുള്ള ബഹളങ്ങളും അട്ടഹാസങ്ങളും കൊണ്ട് വീട് നിറയാന്‍ തുടങ്ങി. ഗൗരവ മുഖംമൂടികള്‍ ഉപേക്ഷിച്ച് മരണ മുറിയിലെ കാവല്‍ക്കാരും ഞങ്ങളോടൊപ്പം കൂടി. രാവിനു പ്രായമേറുന്നതോ പരിസരങ്ങള്‍ ഉറങ്ങുന്നതോ ശ്രദ്ധിക്കാതെ ഞങ്ങള്‍ വെറുതേ ചിരിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് വല്യമ്മച്ചിയെ നോക്കാന്‍ പോയ അപ്പച്ചി ഞങ്ങളെയും വിളിച്ചു. ചെന്നു നോക്കുമ്പോള്‍ ശ്വാസത്തിന്‍റെ താളത്തിനു വ്യത്യാസം. നോക്കി നോക്കി നില്‍ക്കെ ഒരു നിശ്വാസത്തോടെ ആ ശരീരം നിശ്ചലമായി. മുഖത്ത് വിരിഞ്ഞ ചിരി കണ്ടു നില്‍ക്കുമ്പോള്‍ എനിക്ക് സംശയം തീരുന്നുണ്ടായിരുന്നില്ല. എല്ലിന്‍ കൂടായി തീര്‍ന്ന ആ നെഞ്ചില്‍ തല വെച്ച് നോക്കി ഒരു മിടിപ്പും അവശേഷിക്കുന്നില്ല എന്നുറപ്പിക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. വല്യമ്മച്ചിയുടെ കുഴിഞ്ഞ കണ്‍തടങ്ങളില്‍ ഒരു തുള്ളി കണ്ണുനീര്‍ അവശേഷിക്കുന്നുണ്ടായിരുന്നു.

"ഗൗരി ഇന്നലെ രാത്രി തന്നെയെത്തിയിരുന്നു,ല്ലേ? ചിരിക്കുന്നതു കേട്ടു." തെക്കേലമ്മയുടെ ചോദ്യം കേട്ടപ്പോള്‍ മനസ്സൊന്നു കാളി. ഇന്നലത്തെ ബഹളത്തിനു വഴക്ക് പറയാനാവുമോ? "നാണിയമ്മയ്ക്ക്‌ ഭാഗ്യമുണ്ട്. ആ സമയമായപ്പോള്‍ എല്ലാവരും അടുത്ത് തന്നെ ചിരിച്ച് കളിച്ച് ഇരിക്കുന്നത് കണ്ടു സന്തോഷത്തോടെ കണ്ണടയ്ക്കാന്‍ കഴിഞ്ഞല്ലോ? അവരുടെ ഏറ്റവും വലിയ സന്തോഷവും അതായിരുന്നല്ലോ?"

വല്യമ്മച്ചിയ്ക്ക് മക്കള്‍ ഏഴു പേരാണ്. ഈ മക്കളും മരുമക്കളും അവരുടെ മക്കളുമായി ഒന്നിച്ചിരിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടാതെ നോക്കുമായിരുന്നു വല്യമ്മച്ചി. ആഘോഷങ്ങള്‍ക്ക് ഓണമെന്നോ വിഷുവെന്നോ ഈസ്ററെന്നോ മുഹറമെന്നോ ഉള്ള വ്യത്യാസങ്ങളും കാണില്ല. പാചക സമയത്താണെങ്കില്‍ അടുക്കളയില്‍ , അല്ലെങ്കില്‍ ഏതെങ്കിലുമൊരു മുറിയില്‍ എല്ലാവരും കൂടി ബഹളം വെച്ച് , നാടിളക്കി , പരസ്പരം കളിയാക്കി...

ആ ലോകത്തില്‍ വല്യമ്മച്ചിയോടൊപ്പം കൂടാന്‍ അച്ഛനും വല്യച്ഛനും അമ്മാമ്മയും അവിടുത്തെ വല്യച്ഛനും വല്യമ്മൂമ്മയും ഒക്കെയുണ്ടാവും. അവരവിടെ മിസ്സ്‌ ചെയ്യുന്നത് ഞങ്ങളുടെ കുറേ പേരുടെ കളിചിരികള്‍ മാത്രമാവും. അധികം താമസിക്കാതെ വീണ്ടും കാണാം എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട്.....ശുഭയാത്ര....

3 comments:

  1. ഇതാണ് എന്‍റെ http://perumthachantekulangal.blogspot.in/2011/08/blog-post_17.html

    ReplyDelete
  2. ഇടനെഞ്ചിലൊരു ചെറിയ കാന്തല്‍.:((

    ReplyDelete
  3. "അധികം താമസിക്കാതെ വീണ്ടും കാണാം എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട്.....ശുഭയാത്ര...."
    ഒരുതരം ശുഭ പ്രതീക്ഷയോടെ...........

    ReplyDelete