Monday, December 5, 2011

ഓ....ഡിസംബര്‍...

ഡിസംബര്‍-ലെ പ്രഭാതങ്ങള്‍ക്ക് വല്ലാത്ത ചാരുതയാണ്.....

അതി കാലത്തെഴുനേറ്റ്, മഞ്ഞിന്റെ പുതപ്പു മാറ്റി വരുന്ന സൂര്യനെ കാണുമ്പോള്‍,എന്ത് സുന്ദരിയാണീ ഡിസംബര്‍ എന്നോര്‍ത്തു പോവും..ഒട്ടും കരുത്തു കാട്ടാതെ മെല്ലെ,മെല്ലെ തന്റെ കൈകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന സൂര്യനോട്‌ വല്ലാത്തൊരിഷ്ടം തോന്നും .കുളി കഴിഞ്ഞ് ഈറന്‍ പുടവ ഉടുത്തു നില്ക്കുന്ന ,ഒരു നവ വധുവിനെ പോലെ നാണം കുണുങ്ങുന്ന സുന്ദരിയായ പ്രഭാതങ്ങള്‍....

ഡിസംബര്‍-ലെ പകലുകള്‍ക്ക്‌ വല്ലാത്ത വശ്യതയാണ്...

തനിയേയിരുന്നു സ്വപ്നം കാണുന്ന ചില ഏകാന്ത നിമിഷങ്ങളില്‍,കാറ്റു ഒരു കുസൃതിക്കുട്ടിയെ പോലെ കൈ നിറയെ പൂക്കളുമായി ഓടിയെത്തും. എനിക്ക് വേണ്ടി മാത്രം എവിടെയോ പൂത്തഒരേഴിലം പാലയുടെ പൂങ്കുല സമ്മാനിച്ചിട്ട് ഓടി മറയും.പിന്നെ പേരറിയാത്ത ഏതൊക്കെയോ പൂക്കള്‍,ഏതൊക്കെയോ ഗന്ധങ്ങള്‍ .വര്‍ണ്ണങ്ങള്‍ ഏഴും വാരിയണിഞ്ഞു നിറഞ്ഞു ചിരിക്കുന്ന ഒരു അലസ സുന്ദരിയാണ് അപ്പോള്‍ ഡിസംബര്‍...ലാസ്യ മോഹിനി..

ഡിസംബര്‍-ലെ സന്ധ്യകള്‍ക്ക് വല്ലാത്തൊരു നിശ്ശബ്ദതയാണ്‌...

തന്റെ എല്ലാ പ്രഭാവത്തോടും കൂടി മറയുന്ന സൂര്യനെ കണ്ടു കൊതി തീരാതെ നോക്കി നില്ക്കുന്ന പ്രണയിനി ആവും പാവം സന്ധ്യ .പിന്നീട് ഒരു കാവി വസ്ത്രത്തിനുള്ളില്‍ തന്നെ തന്നെ പൊതിഞ്ഞു നിസ്സംഗതയുടെ മൂടു പടത്തിനുള്ളില്‍...... തനിയേ...പുറമെ ഗംഭീരം... അകമേ.......???

ഡിസംബര്‍-ലെ രാത്രികള്‍ക്ക് വല്ലാത്ത പൂര്‍ണതയാണ്...

കട്ട പിടിച്ച ഇരുട്ടിന്റെ മറ പറ്റി രാവിറങ്ങി വരും..താരകളുടെ കണ്ണില്‍ നിന്നും ഭൂമിയിലെ സൗന്ദര്യത്തെ മറച്ചു വെയ്ക്കാന്‍ മഞ്ഞിന്റെ പുതപ്പും കൊണ്ട് ..ഒറ്റയ്ക്ക് നില്‍ക്കുന്ന ഏഴിലം പാലകള്‍ ഏതോ മന്ത്രവടി കൊണ്ട് ആരോ തൊട്ടിട്ടെന്ന പോലെ അടിമുടി പൂക്കും.. ഇരുട്ടിനൊപ്പം ഉന്മാദം നിറച്ച് പാലപ്പൂ മണവും ഏതോ വഴിയാത്രക്കാരനെ തേടിയിറങ്ങും. വശ്യ സുന്ദരിയായി ഡിസംബര്‍ രാവിങ്ങനെ മുറുക്കി ചുവപ്പിച്ചു നില്‍ക്കും. അവളുടെ കണ്ണുകളിലെ തിളക്കം പോലെ വീട്ടുകോലായകളില്‍ നക്ഷത്രങ്ങള്‍ കത്തി നില്‍ക്കും.

രണ്ടു വര്‍ഷം മുന്‍പുള്ള ഡിസംബര്‍ അവസാനിച്ചത്‌,പുതിയ വര്‍ഷത്തിലേക്ക് ഒരു പാട് പ്രതീക്ഷകളും കരുതി വെച്ചിട്ടായിരുന്നു. പക്ഷേ ഏഴാനാകാശത്തേക്കാള്‍ ഉയരെ കെട്ടിപ്പൊക്കിയ സ്വപ്നക്കൂടാരം തകര്‍ന്നടിഞ്ഞത് വെറും രണ്ടു ദിവസം കൊണ്ടായിരുന്നു.ജീവിതം തന്നെ അസ്തമിച്ചത് പോലെ .എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ ന്റെ തുടക്കം തന്നെ മറ്റൊരാളിന്റെ ഹൃദയരക്തം വാരിച്ചൂടിയായിരുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ ഒരു പാപം. എനിക്ക് പക്ഷേ തിരുത്താതെ വയ്യായിരുന്നു.

ഡിസംബര്‍, അങ്ങേയറ്റം ഇഷ്ടപ്പെടുന്നതിനോടൊപ്പം നിന്നെയെനിക്ക് ഭയമാണ് ... ഈ വര്‍ഷം നിന്റെ മാറാപ്പില്‍ നീയെനിക്കായി എന്താണ് കരുതി വെച്ചിരിക്കുന്നത്???


7 comments:

  1. ഡിസംബറുകള്‍ എനിക്ക് ഭയമാണ്. ഒരു ഡിസംബറിലായിരുന്നു സുനാമി വന്ന് ഒട്ടേറെ സഹോദരങ്ങളെ നമുക്ക് നഷ്ടപ്പെട്ടത്. പിന്നീടൊരു ഡിസംബറിലായിരുന്നു അകലെയിരുന്ന് പ്രണയിച്ചിരുന്ന എന്റെ പ്രിയ സ്നേഹിത എന്റെ സൌഹൃദം , പരസ്പരമുണ്ടായിരുന്ന പ്രണയം ഇവിടെ മതിയാക്കാം എന്ന് പറഞ്ഞ് അകന്നു പോയത്, അതിനും മുന്‍പൊരു ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ കാമ്പസ് ടൂര്‍ കഴിഞ്ഞു വന്നപ്പോഴായിരുന്നു ഒട്ടേറെ സ്നേഹിച്ചിരുന്ന കുറെ നല്ല സൌഹൃദങ്ങള്‍ തെറ്റിദ്ധാരണകളുടെ പേരില്‍ നഷ്ടപ്പെട്ടത്... വീണ്ടും കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നിരിക്കണം ബ്ലോഗില്‍ വന്ന ശേഷം കിട്ടിയ പ്രിയ മിത്രം എന്തൊക്കെയോ കൊണ്ട് അടുപ്പത്തിന്റെ ഇഴയടുപ്പം കുറച്ചത്. ഇപ്പോള്‍ വീണ്ടും ഡിസംബര്‍ പേടിപ്പെടുത്തുന്നു.. എപ്പോള്‍ വേണമെങ്കിലും ഒരു ആക്രോശത്തോടെ ഹുങ്കാരശബ്ദത്തില്‍ ചീറിയടിക്കാവുന്ന ഒരു മിന്നല്‍ പിണര്‍പോലെ മുല്ലപ്പെരിയാര്‍ പല്ലിളിച്ചു നില്‍ക്കുമ്പോള്‍ ഡിസംബര്‍ എനിക്ക് നിന്നെ എങ്ങിനെ സ്നേഹിക്കുവാന്‍ കഴിയും..!! എങ്കിലും നിന്നെ ഞാന്‍ സ്നേഹിക്കുന്നു ഡിസംബര്‍. മറ്റൊന്നുമല്ല; മുകളില്‍ ഗൌരി പറഞ്ഞ ചില പ്രത്യേകതകള്‍ നിനക്കുണ്ടെന്നതുകൊണ്ട് തന്നെ..

    ReplyDelete
  2. ആദ്യം തന്നെ ഈ അവതരണത്തിന്റെ കാവ്യാനുഭവ ശൈലിക്ക് അഭിനന്ദനം പറയുന്നു.കാലവും കൊലവുമൊക്കെ മാറുന്ന ഇക്കാലത്ത് ഈദൃശ ജീവിതാനുഭവങ്ങള്‍ ആസ്വാദ്യകരമാണ്.നന്ദി.

    ReplyDelete
  3. @മനോരാജ്. സങ്കടപ്പെടുത്തുന്ന ഡിസംബര്‍ നെ കുറിച്ചെഴുതാനാണെങ്കില്‍ കാന്‍വാസ് ഒരു പാട് വലുതാകും .അതു മുഴുവനൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല .
    @മൊഹമ്മദ്‌ കുട്ടി മാഷ്...കാലത്തിനൊപ്പിച്ചുള്ള കോലം കെട്ടാനാവാത്തതാണെന്റെ ദു:ഖം :(

    ReplyDelete
  4. എനിക്കെപ്പോഴു പലതും നഷ്ടപെടാര് നവംബറിലാണ് ...എഴുത്തിഷ്ടായി .

    ReplyDelete
  5. ഞാന്‍ ജനിച്ചത്‌ ഈ മാസത്തില്‍ ആയതു കൊണ്ട് പലപ്പോഴും ഡിസംബര്‍ പഴയ കാല ഓര്‍മകളെ വീണ്ടും കൈ പിടിച്ചു നടത്തും

    ReplyDelete
  6. ഡിസംബറിനെ ഞാനും ഒരുപാട് സ്നേഹിച്ചിരുന്നു..
    മഞ്ഞു പൊഴിയുന്ന പ്രഭാതങ്ങളും, സിന്ദൂരം ചാര്‍ത്തിയ പ്രദോഷങ്ങളും , ഇല പൊഴിക്കുന്ന മരങ്ങളും എല്ലാം കൂടി മനോഹരിയായ ഡിസംബര്‍......
    പക്ഷെ.......... ഇന്ന് ഡിസംബര്‍ എനിക്കും ഓര്‍മപ്പെടുത്തലാണ്... ഒരുപാട് നഷ്ടങ്ങളുടെ.........നൊമ്പരങ്ങളുടെ......

    ReplyDelete
  7. നവംബര്‍ ,ഡിസംബര്‍ , ജനുവരി ....ആരും മോശക്കാരല്ല...:(

    മൈ ഡ്രീംസ്‌ ..ഞാനും ഡിസംബര്‍ ബേബി ആണ്‌........ ..... :::

    ReplyDelete