Tuesday, April 12, 2011

വാണീ ദേവീ.....

എന്ത് കൊണ്ടോ ഈ ജീവിതത്തില്‍ ഞാനേറ്റവും സ്നേഹിക്കുന്നത് അക്ഷരങ്ങളെയാണ്‌.. ഏറ്റവും ആരാധിക്കുന്നത് എഴുത്തുകാരെയും.. സ്വന്തമായി കുറച്ചു അക്ഷരങ്ങള്‍ കിട്ടുക,അതു വെച്ച് മായാജാലം കാട്ടി മറ്റുള്ളവരെ അമ്പരപ്പിക്കുക.. അങ്ങനെയുള്ളവരുടെ ജീവിതമാണ് ഏറ്റവും ശ്രേഷ്ഠം എന്ന് ഞാന്‍ വിശ്വസിക്കുന്നു..

ഓര്‍മ്മ വെച്ച കാലം മുതല്‍ കൂട്ട് വന്നവരാണ് പുസ്തകങ്ങള്‍.. അക്ഷരമറിയാത്ത കാലത്ത് അച്ഛന്‍ വായിച്ചു തന്ന കഥകള്‍..എന്നെ കൊതിപ്പിച്ച ചിത്രങ്ങള്‍.. എത്രയും വേഗം വായിക്കാന്‍ പഠിക്കാനുള്ള അതിയായ ആഗ്രഹത്തിലായിരുന്നു ഞാന്‍.അതു കൊണ്ടാവാം അക്ഷരങ്ങള്‍ വളരെ വേഗം എനിക്ക് വഴങ്ങി തന്നത്..അത്ര മോഹിച്ചു സ്വന്തമാക്കിയത് കൊണ്ടാവാം എനിക്ക് അവയോടിത്ര ആരാധനയും...ഞാന്‍ ഒരിക്കലും  ദുരുപയോഗം  ചെയ്യാത്തതും .അങ്ങനെയൊന്നു കണ്ടാല്‍ സഹിക്കാത്തതും...

പുസ്തകത്തില്‍ ചവിട്ടിയാല്‍ തൊട്ടു വന്ദിക്കാന്‍ പഠിപ്പിച്ചത്  ആരെന്ന് മറന്നു പോയി. എങ്കിലും ആ ശീലം മറന്നില്ല.. സൂക്ഷിച്ചുപയോഗിക്കണം  വാക്കുകള്‍  വാമൊഴിയിലായാലും വരമൊഴിയിലായാലും എന്ന് അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നു. ഇപ്പോഴും ഞാന്‍ അതു പാലിക്കുന്നു... ഒരു നിരീശ്വരവാദിയായിരുന്ന അച്ഛന്റെ ദൈവങ്ങള്‍ അക്ഷരങ്ങള്‍ ആയിരുന്നു.

പറയാന്‍ വന്നത് വേറൊന്നുമല്ല... ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നവരെ കുറിച്ച് . എനിക്കൊരിക്കലും ക്ഷമിക്കാനാവുന്നില്ല അത്തരമൊരു കാര്യം. എന്റെ പ്രശ്നമാവാം. എന്ത് കൊണ്ടോ മഹാപാപം ചെയ്യും പോലെ തോന്നും ആരെങ്കിലും അങ്ങനെ ചെയ്യുമ്പോള്‍...

ഇനിയായാലും ഞാന്‍ അത് സഹിക്കുകയേ ഇല്ല.....

3 comments: