Wednesday, June 1, 2011

വീണ്ടും മഴക്കാലം..

പശ്ചാത്തല സംഗീതവും വര്‍ണ്ണ വിന്യാസങ്ങളുമില്ലാതെ ഏകാകിയായെത്തുന്ന മഴയെയാണ് എന്നും എനിക്കിഷ്ടം.തുലാ വര്‍ഷത്തില്‍ അത്തരം വരവുകള്‍ അപൂര്‍വമാണെങ്കിലും ഇടവപ്പാതി പൊതുവേ ശാന്ത ശീലയാകും.ഒരു നൃത്ത ബാലെയുടെ തിമിര്‍ത്താട്ടങ്ങള്‍ക്കുമപ്പുറം മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗി വഴിഞ്ഞൊഴുകുന്ന ലാവണ്യവതിയാകുന്ന പാവം ഇടവ മഴ. ആയിരം കൈകള്‍ വിരിച്ചെത്തുന്ന മിന്നല്‍ പിണറുകളെ കഴിയുന്നതും ഒഴിവാക്കി,ഇടി മുഴക്കങ്ങളില്ലാതെ വെറുതേ പെയ്തു നിറയും...

എവിടെ നിന്നാണെന്നറിയില്ല പശ്ചാത്തലമൊരുക്കുന്ന അകമ്പടിക്കാരോടുള്ള ഭയം തുടങ്ങിയത്.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മഴയോടുള്ള ഇഷ്ടം പോലെ കൂടെയുണ്ട് മിന്നലിനോടും ഇടിമുഴക്കങ്ങളോടും ഉള്ള പേടിയും. തനിച്ചാവുന്ന കൊച്ചിന്‍ മിന്നല്‍ സായാഹ്നങ്ങളില്‍ പേടിയോടെ ഞാന്‍ പണ്ടൊരു കൂട്ടുകാരനെ ആശ്രയിക്കുമായിരുന്നു. ഒരു പാട് ദൂരെ ആണെങ്കിലും, കണ്ടിട്ട് കൂടിയില്ലെങ്കിലും മഴ പോലെ പെയ്തു നിറയുന്ന സൗഹൃദം.



പിന്നീട് എന്റെ സായാഹ്നങ്ങള്‍ കൂടുതല്‍ തനിച്ചായി.. ഒറ്റക്കൊമ്പിലേറി ചില്ലിയാട്ടം പറന്നപ്പോള്‍ കൂടെ കൂട്ടിയ സ്വപ്‌നങ്ങള്‍ വീഴ്ചയുടെ ആഴങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കി.



ഇപ്പോള്‍ ഏഴു നിറങ്ങള്‍ക് പകരം എന്റെ ആകാശത്തില്‍ ഏഴായിരം നിറങ്ങളുള്ള മഴവില്ല് പൂക്കുന്നു..മിന്നലുകള്‍ വിരിഞ്ഞിറങ്ങുന്ന ആകാശത്തിന് താഴെ നില്‍കുമ്പോള്‍ ഞാന്‍ ഒരു സാന്ത്വന സ്പര്‍ശമറിയുന്നു.ആയിരം സിരകള്‍ പോലെ പടരുന്ന മിന്നലുകള്‍, ഓരോ വേരുകളും എന്നിലേക്ക്‌ മുളയ്കുന്ന അവന്റെ കൈകളാവുന്നു. മഴ പുണരും പോലെ മിന്നല്‍ പുതയ്കാന്‍ ഞാന്‍ മോഹിക്കുന്നു.


 
ഈ ഇടവപ്പാതിയും പെയ്തു തീരുമെന്നും,കൂടുതല്‍ വാശിയോടൊരു മരുക്കാലം എന്നെ കാത്തിരിപ്പുണ്ടെന്നുമുള്ള തിരിച്ചറിവോടെ ഇപ്പോള്‍ ഞാനീ മഴയില്‍ നനയട്ടെ..

1 comment: